പുതിയ ചലച്ചിത്ര നയം; കേരള ഫിലിം പോളിസി കോൺക്ലേവിന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്റെ ചലച്ചിത്ര നയരൂപീകരണത്തിന്റെ ഭാഗമായുള്ള ദ്വിദിന കോൺക്ലേവിന് തുടക്കമായി. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി.
മോഹൻലാൽ, സുഹാസിനി എന്നിവർ മുഖ്യാതിഥികളായി. 600 പ്രതിനിധികളാണ് കോൺക്ലേവിൽ പങ്കെടുക്കുന്നത്. ജർമനി, ഇംഗ്ലണ്ട്, പോളണ്ട്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ചലച്ചിത്ര പ്രവർത്തകരുമെത്തി. സിനിമാനയ രൂപീകരണ സമിതിയുടെ ചെയർമാനായിരുന്ന ഷാജി എൻ കരുൺ തയ്യാറാക്കിയിരുന്ന കരട് റിപ്പോർട്ട് കോൺക്ലേവിൽ അവതരിപ്പിക്കും. വിവിധ വിഷയങ്ങളിൽ പാനൽ ചർച്ച നടത്തും. ആദ്യദിനം അഞ്ചും രണ്ടാംദിനത്തിൽ നാലും പാനൽ ചർച്ചകൾ നടക്കും. രണ്ടുദിവസവും വൈകിട്ട് ഓപ്പൺഫോറമുണ്ടാകും.
ചർച്ചയിൽ ഉയരുന്ന ആശയങ്ങൾകൂടി പരിഗണിച്ച് സിനിമാ നയത്തിന് അന്തിമരൂപം നൽകും. ഞായർ വൈകിട്ട് സമാപന സമ്മേളനം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ആറുമാസത്തിനകം സർക്കാർ നയം പ്രഖ്യാപിക്കും. ചർച്ചകളുടെ അടിസ്ഥാനത്തിൽ സിനിമാനയം രൂപീകരിക്കുന്ന ആദ്യസംസ്ഥാനമാണ് കേരളം.









0 comments