മുരളീധര–സുരേന്ദ്ര പക്ഷത്തെ വെട്ടി; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: മുരളീധര–സുരേന്ദ്ര പക്ഷത്തെ വെട്ടി രാജീവ് ചന്ദ്രശേഖറിന്റെ വിശ്വസ്‌തരെ മാത്രം ഉൾപ്പെടുത്തി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് ബിജെപി. പുതിയ ഭാരവാഹി പട്ടികയിൽ 10 വൈസ് പ്രസിഡന്റുമാരും നാല് ജനറൽ സെക്രട്ടറിമാരും 10 സെക്രട്ടറികളുമാണുള്ളത്. ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷരായ വി മുരളീധരൻ, കെ സുരേന്ദ്രൻ എന്നിവരുടെ അനുയായികളെ വെട്ടിനിരത്തിക്കൊണ്ടാണ് പുതിയ സംസ്ഥാന നേതൃത്വത്തെ ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്.
എം ടി രമേശ്, ശോഭാ സുരേന്ദ്രൻ, എസ് സുരേഷ്, അനൂപ് ആന്റണി എന്നിവർ ജനറൽ സെക്രട്ടറിമാരായുള്ള പട്ടികയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. നിലവിലുള്ളവരിൽ എം ടി രമേശിനെ മാത്രമാണ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിലനിർത്തിയത്. ആർ ശ്രീലേഖ, ഷോൺ ജോർജ് എന്നിവരെ പുതിയ വൈസ് പ്രസിഡന്റുമാരായി ഉൾപ്പെടുത്തിയിട്ടുണ്ട്. വി മുരളീധരപക്ഷത്ത് നിന്ന് ആരെയും ഉൾപ്പെടുത്താതെയാണ് ജനറൽ സെക്രട്ടറിമാരെ പ്രഖ്യാപിച്ചിരിക്കുന്നത്.
ഡോ. കെ എസ് രാധാകൃഷ്ണൻ, സി സദാനന്ദൻ, പി സുധീർ, സി കൃഷ്ണകുമാർ, അഡ്വ. ബി ഗോപാലകൃഷ്ണൻ, ഡോ. അബ്ദുൾ സലാം, കെ സോമൻ, അഡ്വ. കെ കെ അനീഷ് കുമാർ എന്നിവരാണ് മറ്റ് വൈസ് പ്രസിഡന്റുമാർ. അശോകൻ കുളനട, കെ രഞ്ജിത്ത്, രേണു സുരേഷ്, വി വി രാജേഷ്, പന്തളം പ്രതാപൻ, ജിജി ജോസഫ്, എം വി ഗോപകുമാർ, പൂന്തുറ ശ്രീകുമാർ, പി ശ്യാരജ്, എം പി അഞ്ജന രഞ്ജിത് എന്നിവരാണ് സെക്രട്ടറിമാർ. ഇ കൃഷ്ണദാസാണ് ട്രഷറർ.









0 comments