‘നെറ്റ് സീറോ കാർബൺ’ ആകാൻ ടൂറിസം വകുപ്പ്

എസ് കിരൺബാബു
Published on Oct 06, 2025, 03:44 AM | 1 min read
തിരുവനന്തപുരം
ഹരിതഗൃഹ വാതകങ്ങളുടെ (കാർബൺ ഡൈ ഓക്സൈഡ്, മീഥെയ്ൻ, നൈട്രസ് ഓക്‌സൈഡ്) പുറന്തള്ളൽ അന്തരീക്ഷത്തിന് താങ്ങാനാകുന്ന തുലനാവസ്ഥയിൽ എത്തിക്കുന്ന ‘നെറ്റ് സീറോ കാർബൺ കേരളം’ പദ്ധതി നടപ്പാക്കാനൊരുങ്ങി സംസ്ഥാന വിനോദ സഞ്ചാരവകുപ്പ്. ഇതിനായി ആഗോള പരിസ്ഥിതി സംഘടനയായ വേൾഡ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ടുമായി (ഡബ്ല്യുആർഐ) ചേർന്ന് വിനോദ സഞ്ചാരവകുപ്പ് സമഗ്ര പദ്ധതി തയ്യാറാക്കുകയാണ്.
പരീക്ഷണ അടിസ്ഥാനത്തിൽ കെടിഡിസിയുടെഹോട്ടലുകളിലും റിസോർട്ടുകളിലും മറ്റ് സ്ഥാപനങ്ങളിലും പദ്ധതി നടപ്പാക്കുന്നതിനായി പഠനം ആരംഭിച്ചു. പ്രീമിയം ഹോട്ടലുകൾ ഉൾപ്പെടെ നാൽപതോളം സ്ഥാപനങ്ങൾ കെടിഡിസിക്കുണ്ട്. ഇവ നെറ്റ് സീറോ കാർബൺ താമസ ഇടങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം.
സ്വകാര്യമേഖലയിലെ ഹോട്ടലുകളിലേക്കും റിസോർട്ടുകളിലേക്കും പദ്ധതി അടുത്ത ഘട്ടത്തിൽ വ്യാപിപ്പിക്കും. ഹരിതകേരളം മിഷൻ നടത്തുന്ന നെറ്റ് സീറോ കാർബൺ കേരളം പദ്ധതിയിലും നിലവിൽ ഡബ്ല്യുആർഐ സഹകരിക്കുന്നുണ്ട്. ഊർജ്ജ സംരക്ഷണം ഉറപ്പാക്കുക, ഇലക്ട്രിക് വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കുക, പുനരുൽപ്പാദന ഊർജസ്രോതസ്സുകൾ അടിസ്ഥാനമാക്കി പദ്ധതി നടപ്പാക്കുക തുടങ്ങിയവ ഇതിലുൾപ്പെടും.
ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കണക്കാക്കുന്നതിനുള്ള പ്രാഥമിക സർവേ ആണ് ആദ്യഘട്ടം. ബദൽ മാർഗങ്ങൾ അടുത്തഘട്ടത്തിൽ കണ്ടെത്തും. തുടർന്ന് ഹ്രസ്വകാലം, ദീർഘകാലം എന്നിങ്ങനെ കർമപദ്ധതി ആവിഷ്കരിച്ച് നടപ്പാക്കും. ആഗോളതലത്തിൽ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിൽ 20 മുതൽ 30 ശതമാനംവരെ ഹോട്ടലുകളിൽനിന്നും മറ്റ് അനുബന്ധ സ്ഥാപനങ്ങളിൽനിന്നുമാണെന്ന് പഠനങ്ങൾ പറയുന്നു. 2050-നകം കേരളത്തെ നെറ്റ് സീറോ കാർബൺ സ്ഥിതിയിലേക്ക് എത്തിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം.
നെറ്റ് സീറോ കാർബൺ
കാർബൺ പുറന്തള്ളൽ പൂർണമായും അവസാനിപ്പിക്കുകയെന്നല്ല, കാർബൺ പുറംതള്ളലിന്റെ ആഘാതം നികത്തുന്ന രീതിയിൽ ഹരിതഗൃഹ വാതകങ്ങളെ ആഗിരണം ചെയ്യുകയോ നീക്കുകയോ ചെയ്യുന്ന അവസ്ഥയാണ് നെറ്റ് സീറോ കാർബൺ.









0 comments