നെന്മാറ ഇരട്ടക്കൊലപാതകം: പ്രതി ചെന്താമരയെ റിമാൻഡ് ചെയ്തു

ഫോട്ടോ: ശരത് കല്‍പ്പാത്തി
പാലക്കാട് : നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയെ റിമാൻഡ് ചെയ്തു. ആലത്തൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ചെന്താമരയെ റിമാൻഡ് ചെയ്തത്. അടുത്ത മാസം 12 വരെയാണ് റിമാൻഡ്. കൂസലില്ലാതെയാണ് പ്രതി കോടതിയിൽ ഹാജരായത്. എല്ലാം ചെയ്തത് താൻ ഒറ്റയ്ക്കാണെന്നും തന്നെ 100 വർഷം വരെ ശിക്ഷിക്കാനും ചെന്താമര കോടതിയിൽ പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെയാണ് ചെന്താമര കൃത്യം നടത്തിയതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ഈ മാസം 27ന് രാവിലെയാണ് പോത്തുണ്ടി സ്വദേശികളായ സുധാകരൻ, അമ്മ മീനാക്ഷി എന്നിവരെ ചെന്താമര വെട്ടിക്കൊന്നത്. വീടിനുമുന്നിലിട്ടാണ് ഇരുവരെയും കൊലപ്പെടുത്തിയത്. സുധാകരനെ ആക്രമിക്കുന്ന ശബ്‌ദംകേട്ട് ഓടിവന്ന ലക്ഷ്‌മിയെയും വെട്ടുകയായിരുന്നു. സുധാകരൻ സംഭവസ്ഥലത്തും ലക്ഷ്‌മി സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. 2019 ൽ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. ചെന്താമരയുടെ ഭാര്യയും മക്കളും ഇയാളുമായി അകന്നുകഴിയുകയാണ്. അതിനുകാരണം സജിതയും സുധാകരനും ലക്ഷ്‌മിയുമാണെന്ന് ആരോപിച്ചായിരുന്നു സജിതയെ കൊലപ്പെടുത്തിയത്.
ഇന്നലെ വൈകിട്ടോടെയാണ് 36 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ചെന്താമരയെ പിടികൂടിയത്. ഇളയ സഹോദരിയുടെ വീട്ടിൽ സന്ദർശനം നടത്തി തിരിച്ചുപോകുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇയാൾ ഓടിയതോടെ പൊലീസും പിന്നാലെ എത്തി. എന്നാൽ പ്രതിയെ പിടികൂടാനായില്ല. പിന്നാലെ നാട്ടുകാരും പരിശോധനയ്ക്ക് എത്തുകയായിരുന്നു. പിന്നീട് ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോകുന്ന വഴി പൊലീസ് ഒരുക്കിയ കെണിയിൽ ചെന്താമര കുടുങ്ങുകയായിരുന്നു.









0 comments