നീറ്റ് യുജി ; കേരളത്തില്‍ 60 ശതമാനം വിജയം

തിരുവനന്തപുരം
മെഡിക്കൽ ബിരുദ പ്രവേശന പരീക്ഷയായ നീറ്റ് യുജിയിൽ അർഹത നേടിയവരുടെ എണ്ണം രാജ്യവ്യാപകമായി കുറഞ്ഞിട്ടും കേരളത്തെ ഇകഴ്ത്തി മാധ്യമങ്ങൾ. കേരളത്തിൽ 60 ശതമാനമാണ് വിജയം. സംസ്ഥാനത്ത് പരീക്ഷയെഴുതിയ 1,21,516 പേരിൽ 73,328 പേർ യോഗ്യത നേടിയിരുന്നു. എന്നാൽ, ഉത്തർപ്രദേശിനും ബിഹാറിനും പിന്നിൽ ഏഴാം സ്ഥാനത്താണ് കേരളമെന്നതാണ് പ്രധാന വിലയിരുത്തൽ. ഈ സംസ്ഥാനങ്ങളെ അപേക്ഷിച്ച് നീറ്റിന് രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണത്തിൽ കേരളം പിറകിലാണ്.
ഒന്നാം സ്ഥാനത്തെന്ന് മാധ്യമങ്ങൾ പറയുന്ന ഉത്തർപ്രദേശിൽ 51 ശതമാനമാണ് വിജയം. വിജയികളുടെ എണ്ണത്തിൽ രണ്ടാമതുള്ള മഹാരാഷ്ട്രയിലും വിജയശതമാനം 51 ആണ്. ഉത്തർപ്രദേശിൽ 3,33,088 പേരിൽ 1,70,684 പേർ മാത്രമാണ് യോഗ്യത നേടിയത്. കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയതും ഉത്തർപ്രദേശിലാണ്. ബിഹാറിൽ 50 ശതമാനമാണ് വിജയം. കഴിഞ്ഞവർഷം ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ പരീക്ഷാക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയും റിപ്പോർട്ട് ചെയ്തിരുന്നു.
കേരളത്തിൽ ഒന്നാം റാങ്കും അഖിലേന്ത്യാതലത്തിൽ 109ാം റാങ്കും നേടിയ വിദ്യാർഥി പൊതുവിദ്യാലയത്തിലാണ് പഠിച്ചതെന്നത് മാധ്യമങ്ങൾ മറച്ചുപിടിച്ചു. കഴിഞ്ഞവർഷം സംസ്ഥാനത്ത് പെൺകുട്ടികളിൽ ആദ്യ ഇരുപതിൽ ഒരാൾ പോലും ഇടം നേടാതെയിരുന്ന സ്ഥാനത്താണ് നീറ്റ് യുജി 2025ലെ ഡി ബി ദീപ്നിയയുടെ 18ാം റാങ്ക് നേട്ടവും.









0 comments