ക്രമക്കേട് നടത്തിയത് അക്ഷയ സെന്റർ ജീവനക്കാരിയെന്ന് പ്രാഥമിക നിഗമനം
നീറ്റിന് കൃത്രിമ ഹാൾടിക്കറ്റ്; വിദ്യാർഥിയും അമ്മയും കസ്റ്റഡിയിൽ

പത്തനംതിട്ട
നീറ്റ് യുജി എഴുതാൻ കൃത്രിമ ഹാൾടിക്കറ്റുമായി എത്തിയ തിരുവനന്തപുരം പാറശാല സ്വദേശിയായ വിദ്യാർഥിയെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തുനൽകിയ നെയ്യാറ്റിൻകരയിലെ അക്ഷയ സെന്ററിലുണ്ടായ കൃത്രിമമാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
പത്തനംതിട്ട തൈക്കാവ് ഗവ. വൊക്കേഷണൽ എച്ച്‌എസ്‌എസിലാണ് സംഭവം. ഹാൾടിക്കറ്റിന്റെ ഒരു ഭാഗത്ത് കസ്റ്റഡിയിലുള്ള വിദ്യാർഥിയുടെ പേരും മേൽവിലാസവും ചിത്രവുമാണ്. മറ്റൊരു ഭാഗം തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർഥിയുടേതും. സംശയം തോന്നിയ ഉദ്യോഗസ്ഥൻ വിദ്യാർഥിയെ പരീക്ഷയെഴുതാൻ സമ്മതിച്ചെങ്കിലും ഹാൾടിക്കറ്റ് വ്യാജമാണെന്ന് ഉറപ്പാക്കിയശേഷം വിവരം പൊലീസിനെ അറിയിച്ചു.
നെയ്യാറ്റിൻകരയിലുള്ള അക്ഷയ സെന്ററിൽനിന്നാണ് വിദ്യാർഥിക്കുവേണ്ടി അമ്മ അപേക്ഷിച്ചത്. എന്നാൽ, അക്ഷയ ജീവനക്കാരി അപേക്ഷ നൽകാതെ പകരം ഇതേ സെന്റർവഴി അപേക്ഷ നൽകിയ മറ്റൊരു വിദ്യാർഥിയുടെ ഹാൾടിക്കറ്റ് തിരുത്തി വ്യാജ ഹാൾടിക്കറ്റ് നൽകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പത്തനംതിട്ട ഡിവൈഎസ്‌പി ഇൻ ചാർജ് ബിനു വർഗീസിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. അക്ഷയ സെന്റർ ജീവനക്കാരിയെ നെയ്യാറ്റിൻകര പൊലീസ് ചോദ്യംചെയ്യും.









0 comments