250 കോടിയുടെ നിക്ഷേപം; എൻഡിആർ സ്‌പേസിന്റെ വെയർഹൗസിങ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്ക്‌ ആലുവയിൽ

NDR
വെബ് ഡെസ്ക്

Published on Nov 07, 2025, 01:16 PM | 1 min read

കൊച്ചി: കേരളത്തിൽ 250 കോടിയുടെ നിക്ഷേപവുമായി വെയർഹൗസിങ് ആൻഡ് ലോജിസ്റ്റിക്സ് കമ്പനി എൻഡിആർ സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ്. ആലുവ ചുണങ്ങംവേലിയിൽ സ്ഥാപിക്കുന്ന വെയർഹൗസിങ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്കിന്റെ നിർമാണ ഉദ്‌ഘാടനം വ്യവസായ മന്ത്രി പി രാജീവ്‌ നിർവഹിച്ചു. ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലൂടെ വന്ന നൂറാമത്തെ പദ്ധതിയാണിത്.


കീഴ്മാട് ജിടിഎൻ കമ്പനി സ്ഥിതിചെയ്തിരുന്ന 16 ഏക്കറിലാണ് ഗ്രേഡ്- എ വെയർഹൗസിങ് സംരംഭം സ്ഥാപിക്കുന്നത്. രണ്ടുദശലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ഗ്രേഡ് എ വെയർഹൗസിങ് വ്യാവസായിക ഇടങ്ങൾ സംസ്ഥാനത്തുടനീളം സ്ഥാപിക്കാനുള്ള എൻഡിആർ സ്‌പേസിന്റെ പദ്ധതിയുടെ ഭാഗമായാണ് ആലുവയിൽ പാർക്ക് സ്ഥാപിക്കുന്നത്. സംസ്ഥാനത്തിന്റെ ലോജിസ്റ്റിക്‌സ് ശേഷി വർധിപ്പിക്കാനും വ്യാവസായിക വളർച്ച വേഗത്തിലാക്കാനും ലക്ഷ്യമിട്ടുള്ള വെയർഹൗസിങ് പാർക്ക് പൂർത്തിയാകുന്നതോടെ ഇരുനൂറിലധികം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരം ലഭിക്കും. എഫ്എംസിജി, ഫാർമസ്യൂട്ടിക്കൽ, ഇ- കൊമേഴ്സ്, തേർഡ്-പാർട്ടി ലോജിസ്റ്റിക്‌സ് തുടങ്ങി വളർന്നുവരുന്ന വ്യവസായങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ വെയർഹൗസിങ് പാർക്ക് ഉപകാരപ്പെടും. സ്‌റ്റോക്ക്‌, ഓർഡർ, അസംസ്‌കൃത വസ്‌തുക്കളുടെയും ഉൽപ്പന്നങ്ങളുടെയും കണക്കുകൾ തുടങ്ങിയവ കാര്യക്ഷമമായി വിലയിരുത്തുന്ന സ്വയംനിയന്ത്രിത സംവിധാനങ്ങളും ഇവിടെ സജ്ജീകരിക്കും.


ഫെബ്രുവരിയിൽ നടന്ന ഇൻവെസ്റ്റ് കേരള ഉച്ചകോടിയെത്തുടർന്ന് 100 പദ്ധതികളിലൂടെ സംസ്ഥാനത്തേക്ക് 36,000 കോടിയുടെ നിക്ഷേപം എത്തിയെന്ന് മന്ത്രി പറഞ്ഞു. അരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി. നിക്ഷേപ നിർദേശങ്ങൾ പദ്ധതികളാക്കി മാറ്റുന്നതിൽ കേരളം മറ്റു സംസ്ഥാനങ്ങളെക്കാൾ വളരെ മുന്നിലാണ്‌. മറ്റു സംസ്ഥാനങ്ങളിൽ ഇത് 14–15 ശതമാനമാണ്. കേരളത്തിലാകട്ടെ 24 ശതമാനമാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ലോജിസ്റ്റിക്‌സ് വികസനത്തിനും നവീകരണത്തിനും ഈ പദ്ധതി വലിയ പിന്തുണ നൽകുമെന്ന് എൻഡിആർ സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ്‌ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ രാജ് ശ്രീനിവാസൻ പറഞ്ഞു.


അൻവർ സാദത്ത് എംഎൽഎ, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കീഴ്‌മാട്‌ പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, വാർഡ്‌ മെന്പർ സാജു മത്തായി, എൻഡിആർ സ്‌പേസ് ബിസിനസ് ഹെഡ് എൻ ശ്രീനിവാസൻ, ഏരിയ മാനേജർ തോമസ് ടി പൊട്ടംകുളം എന്നിവരും പങ്കെടുത്തു.










deshabhimani section

Related News

View More
0 comments
Sort by

Home