ഏപ്രില്‍, മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ വിരമിച്ചവരുടെ ആനുകൂല്യം കിട്ടിയില്ല

പദ്ധതി അട്ടിമറിക്കാൻ നീക്കം ; പെൻഷൻ മുടങ്ങി കേന്ദ്ര ജീവനക്കാർ

national pension scheme
avatar
വി കെ രഘുപ്രസാദ്‌

Published on Aug 11, 2025, 01:07 AM | 1 min read


പാലക്കാട്‌

വിരമിച്ച്‌ മാസങ്ങളായിട്ടും പെൻഷൻ കിട്ടാതെ കേന്ദ്ര സർക്കാർ ജീവനക്കാർ. ദേശീയ പെൻഷൻ പദ്ധതിയിൽനിന്ന്‌ ഏകീകൃത പെൻഷൻ പദ്ധതിയിലേക്ക്‌ മാറിയവരാണ്‌ പ്രതിസന്ധിയിൽ. 2025 ഏപ്രില്‍ ഒന്നുമുതലാണ്‌ കേന്ദ്ര സർക്കാർ യുപിഎസ്‌ നടപ്പാക്കിയത്‌. ഇതിൽ ചേർന്ന ഏപ്രില്‍, മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ വിരമിച്ചവരുടെ ആനുകൂല്യമാണ്‌ മുടങ്ങിയത്‌. വിരമിച്ച്‌ ഒരുമാസത്തിനകം പെന്‍ഷന്‍ ലഭിക്കണമെന്ന വ്യവസ്ഥയുള്ളപ്പോഴാണിത്‌. പെൻഷൻ പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രനീക്കമാണ്‌ പിന്നിൽ.


പദ്ധതിയിൽ 1.37 ശതമാനം ജീവനക്കാർ മാത്രമേ ചേർന്നിട്ടുള്ളൂ. ഇതാണ്‌ മുടങ്ങുന്നതിന്റെ കാരണമായി പറയുന്നത്‌. ചേരാനുള്ള തീയതി സെപ്‌തംബർ 30വരെ നീട്ടിയിരിക്കുകയാണെന്ന്‌ തപാൽ വകുപ്പിൽനിന്ന്‌ മെയിൽ ഓവർസിയറായി വിരമിച്ച പാലക്കാട്‌ എലവഞ്ചേരി സ്വദേശി എം ശശി പറഞ്ഞു. പദ്ധതി മാനദണ്ഡങ്ങളാണ്‌ പെൻഷൻകാരെ ഇതിൽനിന്ന്‌ അകറ്റുന്നത്‌. ജീവനക്കാരുടെ വിഹിതം 10 ശതമാനം, കേന്ദ്രവിഹിതം 10 ശതമാനം എന്നാണ്‌ വ്യവസ്ഥ. എൻപിഎസ്‌ പ്രകാരം 14 ശതമാനമാണ്‌ കേന്ദ്രവിഹിതം. ജീവനക്കാരുടേത്‌ 10 ശതമാനവും. നാല്‌ ശതമാനത്തിലെ കുറവ്‌ വർഷങ്ങൾ സർവീസുള്ളവരുടെ പെൻഷനിൽ വലിയ മാറ്റമുണ്ടാക്കും. ഇതിനാൽ പലരും യുപിഎസ്‌ തെരഞ്ഞെടുക്കാൻ മടിക്കുന്നു.


2004ൽ പങ്കാളിത്ത പെൻഷൻ പദ്ധതിയായാണ്‌ എൻപിഎസ്‌ കേന്ദ്രസർക്കാർ കൊണ്ടുവന്നത്‌. ഇതിൽ 60 ശതമാനം പെൻഷനായി നൽകാനും 40 ശതമാനം ഓഹരിവിപണിയിൽ നിക്ഷേപിക്കാനുമായിരുന്നു തീരുമാനം. ഓഹരിവിപണിയിലിടുന്ന തുക പിന്നീട്‌ വിപണി മൂല്യത്തിനനുസരിച്ച്‌ പെൻഷൻകാർക്ക്‌ നൽകുമെന്നും അറിയിച്ചു. ജീവനക്കാരുടെ അധ്വാനം വിപണി ചൂതാട്ടത്തിന്‌ ഉപയോഗിക്കുന്നതിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം ഉയർന്നപ്പോഴാണ്‌ ഏകീകൃത പെൻഷൻ പദ്ധതി നടപ്പാക്കിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home