സാങ്കേതിക കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ 
 വേഗത്തില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണമെന്ന് 
മുഖ്യമന്ത്രി

ദേശീയപാത 66 ; 560 കിലോമീറ്റർ 
മാര്‍ച്ചിൽ പൂര്‍ത്തിയാകും

National Highway works in kerala
വെബ് ഡെസ്ക്

Published on Sep 12, 2025, 03:14 AM | 1 min read


തിരുവനന്തപുരം

കേരളത്തിന്റെ ഗതാഗതരംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കുന്ന കാസർകോട് –-തിരുവനന്തപുരം ദേശീയപാത 66 ന്റെ 560 കിലോമീറ്റര്‍ 2026 മാര്‍ച്ചോടെ പൂർത്തിയാകും. 480 കിലോമീറ്റർ ഡിസംബറോടെ പൂര്‍ത്തിയാകും. ആകെയുള്ള 642 കിലോമീറ്ററിൽ 444 കിലോമീറ്റർ ഇതിനോടകം ആറുവരിയായി നിർമിച്ചു. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ദേശീയപാത അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

സാങ്കേതിക കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ വേഗത്തില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.


വടകര, തുറവൂര്‍, തിരുവനന്തപുരം ഉള്‍പ്പെടെ ചില സ്ഥലങ്ങളിൽ പ്രവൃത്തി മന്ദഗതിയിലാണ്. മെല്ലെപ്പോക്ക് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണമെന്നും മുഖ്യമന്ത്രി ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ നടാലില്‍ ബസുകള്‍ക്കുംകൂടി സഞ്ചരിക്കുന്ന വിധത്തില്‍ അടിപ്പാത നിര്‍മിക്കണം. ബസുകൾ ദ‍ീർഘദൂരം സഞ്ചരിച്ച്‌ തിരിച്ചുവരേണ്ടി വരുന്നു. ബസുടമകളും നാട്ടുകാരും പ്രതിഷേധത്തിലാണ്. ഇത് പ്രത്യേക കേസായി പരിഗണിക്കണം. നിര്‍മാണ പ്രവൃത്തിക്ക് തടസമുണ്ടാകരുത്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട കലക്ടറും എസ്‌പിയും മുന്‍കൈയെടുക്കണം. കേരളത്തിന്റെ ഭൂമിശാസ്ത്രവും ജനസാന്ദ്രതയും കണക്കിലെടുത്തുവേണം പ്രവൃത്തികളെന്നും മുഖ്യമന്ത്രി പറഞ്ഞു. തർക്കങ്ങൾ സമയബന്ധിതമായി തീര്‍ക്കാനുള്ള നടപടികളുണ്ടാകണം. യോഗത്തില്‍ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, വ്യവസായ മന്ത്രി പി രാജീവ്, വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, പൊതുമരാമത്ത് സെക്രട്ടറി കെ ബിജു, കലക്ടര്‍മാര്‍, ദേശീയപാത അതോറിറ്റി റീജിയണല്‍ ഓഫീസര്‍ കേണല്‍ എ കെ ജാന്‍ബാസ് തുടങ്ങിയവര്‍ പങ്കെടുത്തു.


nh



deshabhimani section

Related News

View More
0 comments
Sort by

Home