ദേശീയപാത: യുഡിഎഫ് ജനങ്ങളെ വെല്ലുവിളിക്കരുത്- മന്ത്രി റിയാസ്

തിരുവനന്തപുരം: നിർമാണം നടന്നു കൊണ്ടിരുന്ന ദേശീയപാത 66ലെ ചിലയിടങ്ങളിൽ ഉണ്ടായ പ്രശ്നങ്ങൾ സുവർണാവസരമാക്കി പദ്ധതിയെ പ്രതിസന്ധിയിലാക്കാമെന്ന് കരുതുന്ന യുഡിഎഫ് നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.
ദേശീയപാത നിർമാണത്തിലെ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകും. മലയാളികളുടെ സ്വപ്ന പദ്ധതിയായ ദേശീയപാത വികസനം സ്വന്തം ഭരണകാലത്തെ കഴിവുകേട് മൂലം ഇല്ലാതായത് യുഡിഎഫാണ്. നിർമാണത്തിന്റെ തുടക്കത്തിലേ പദ്ധതി മുടക്കാമെന്നും തടയാമെന്നും കരുതിയ യുഡിഎഫ് പൂർത്തീകരണ ഘട്ടത്തിൽ സാഹചര്യത്തെ സുവർണാവസരമാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നിർമാണം നടന്നു കൊണ്ടിരുന്ന ദേശീയപാത 66ലെ ആറുവരിപ്പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് ഉണ്ടായ അനിഷ്ടസംഭവങ്ങൾ തീർത്തും ദൗർഭാഗ്യകരമാണെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ടെക്നിക്കൽ ടീം ഫീൽഡിൽ പരിശോധന നടത്തി സമർപ്പിക്കുന്ന റിപ്പോർട്ട് ചർച്ച ചെയ്ത് മറ്റ് കാര്യങ്ങൾ നിശ്ചയിക്കുന്നതാണെന്നാണ് മന്ത്രി പറഞ്ഞത്.
കോഴിക്കോട് - തൃശ്ശൂർ ദേശീയ പാതയിൽ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. കൂരിയാട് സ്വകാര്യ സർവീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ കിഴക്കുഭാഗത്തായി ഏതാണ്ട് അരക്കിലോമീറ്ററോളം റോഡ് താഴെയുള്ള സർവീസ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. സർവീസ് റോഡിലൂടെ യാത്ര ചെയ്തിരുന്ന കാറുകൾക്ക് മുകളിലേക്കാണ് ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്.









0 comments