കേരളത്തിലേക്ക് ദേശീയ അന്തർദേശീയ കമ്പനികൾ വരുന്നു, ഇത് അനുകൂല സാഹചര്യം: ധനമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ നിക്ഷേപം നടത്താൻ ദേശീയവും അന്തർദേശീയവുമായ കമ്പനികൾ കടന്നുവരികയാണെന്ന് ധന മന്ത്രി കെ എൻ ബാലഗോപാൽ. ഇതിനനുകൂലമായ പശ്ചാത്തല സൗകര്യമൊരുക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമായ നടപടികൾ സ്വീകരിച്ചുവെന്നും മന്ത്രി ഫേസ്‌ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. വ്യവസായ വികസനത്തിനാവശ്യമായ ഭൂമിയും മറ്റ് അനുമതികളും ചുവപ്പ് നാടകളില്ലാതെ വേഗത്തിൽ ലഭ്യമാക്കി നാം നിക്ഷേപകരെ സ്വാഗതം ചെയ്തു. കൃത്യമായ മുന്നൊരുക്കങ്ങളോടുകൂടി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് ഈസ് ഓഫ് ഡൂയിങ് ബിസിനസ്സിൽ കേരളം ഇന്ത്യയിൽ ഒന്നാമത് എത്തിയതെന്നും മന്ത്രി കുറിച്ചു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
രാജ്യത്ത് ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങിൽ കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചു എന്നത് മലയാളികൾക്കാകെ അഭിമാനമുണ്ടാക്കുന്ന കാര്യമാണ്. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധമുൾപ്പെടെയുള്ള നടപടികൾ ഒരുവശത്ത് നമ്മളെ പിന്നിലേക്ക് തള്ളാൻ ശ്രമിച്ചപ്പോഴും, വ്യവസായവും സ്റ്റാർട്ടപ്പുമടക്കമുള്ള മേഖലകളിൽ സർക്കാർ കൂടുതൽ നിക്ഷേപം നടത്തുകയാണുണ്ടായത്.ഒന്നും രണ്ടും പിണറായി സർക്കാരുകൾ ലക്ഷ്യബോധത്തോടെയും ആസൂത്രണത്തോടെയും നടത്തിയ പ്രവർത്തനങ്ങളാണ് ഫലപ്രാപ്തിയിലെത്തുന്നത്.
ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റം ഇന്ന് കേരളത്തിലാണ്. യുവതലമുറയുടെ ആശയങ്ങളും ഗവേഷണ ഫലങ്ങളും ഉൽപാദനമായി പരിവർത്തനപ്പെടുത്താൻ കഴിയുന്ന വിധത്തിൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ സംസ്ഥാനത്ത് ഉയരുന്നു. കുറഞ്ഞ പലിശയ്ക്ക് വായ്പകൾ നൽകിയും സബ്സിഡികൾ അനുവദിച്ചും സാധ്യമായ എല്ലാ പിന്തുണയും നൽകി സർക്കാർ സംരംഭകർക്കൊപ്പമുണ്ട്. ഈ മാറ്റങ്ങളെല്ലാം ദേശീയതലത്തിലും അന്തർദേശീയ തലത്തിലും ഇന്ന് ചർച്ചയാണ്. നാടാകെ ഈ മാറ്റങ്ങൾ അറിയുകയും അനുഭവിക്കുകയും ചെയ്യുന്നുണ്ട്.
കേരളത്തിൽ നിക്ഷേപിക്കാൻ ദേശീയവും അന്തർദേശീയവുമായ കമ്പനികൾ കടന്നുവരികയാണ്. ഇതിനെല്ലാം വേണ്ട പശ്ചാത്തല സൗകര്യമൊരുക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമായ നടപടികൾ സ്വീകരിച്ചു. വ്യവസായ വികസനത്തിനാവശ്യമായ ഭൂമിയും മറ്റ് അനുമതികളും ചുവപ്പ് നാടകളില്ലാതെ വേഗത്തിൽ ലഭ്യമാക്കി നാം നിക്ഷേപകരെ സ്വാഗതം ചെയ്തു. കൃത്യമായ മുന്നൊരുക്കങ്ങളോടുകൂടി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് ഈസ് ഓഫ് ഡൂയിങ് ബിസിനസ്സിൽ കേരളം ഇന്ത്യയിൽ ഒന്നാമത് എത്തിയത്.
കേരളത്തിന് അർഹമായ സാമ്പത്തിക വിഹിതം നിഷേധിച്ച് നമ്മുടെ വികസന ക്ഷേമ പ്രവർത്തനങ്ങളെയും വ്യവസായമുൾപ്പെടെയുള്ള മേഖലകളിലെ മുന്നേറ്റത്തെയും തടസ്സപ്പെടുത്താൻ കേന്ദ്രം ശ്രമിക്കുമ്പോഴും, എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് നാം മുന്നേറുകയാണ്. നമ്മുടെ നാടിന്റെ ഭാവിയും യുവതലമുറയുടെ സ്വപ്നങ്ങളും സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാട് സർക്കാരിനുണ്ട്. വിഴിഞ്ഞം തുറമുഖവും ആറുവരി ദേശീയപാതയും സജ്ജമാകുന്നതോടെ വ്യവസായ വികസനരംഗത്ത് കൂടുതൽ കുതിച്ചുചാട്ടം നടത്താനും നമുക്ക് കഴിയും.
ഇപ്രകാരം കേരളം വിവിധ മേഖലകളിൽ മികവ് പുലർത്തുന്നതിൽ നാടാകെ അഭിമാനം കൊള്ളുകയാണ്. എന്നാൽ ഇതിൽ സന്തോഷമില്ലാത്ത ആളുകളും സംസ്ഥാനത്തുണ്ട് എന്നതാണ് സത്യം. കേരളത്തിന് നേട്ടങ്ങളുണ്ടാകുമ്പോൾ പ്രതിപക്ഷ നേതാക്കൾ പ്രകടിപ്പിക്കുന്ന അസഹിഷ്ണുത അങ്ങേയറ്റം അപലപനീയമാണ്. കേരളം നല്ലതാണ് എന്ന് ആരെങ്കിലും പറഞ്ഞാൽ അങ്ങനെയല്ല എന്ന് തിരുത്തുകയാണ് പ്രതിപക്ഷ നേതാക്കന്മാർ. എന്തൊരു ദയനീയമായ കാഴ്ചയാണ് !!
കേരളത്തിന് ലഭിക്കുന്ന അംഗീകാരങ്ങളും നേട്ടങ്ങളും മലയാളികൾക്കാകെ അർഹതപ്പെട്ടതാണ്. പ്രതിപക്ഷത്തിനും അതിൽ അഭിമാനിക്കാം. ശശി തരൂർ എംപി ലേഖനത്തിലൂടെ ചൂണ്ടിക്കാട്ടിയത് കേരളത്തിന്റെ വ്യവസായ രംഗത്ത് ഉണ്ടായ ഗുണപരമായ മാറ്റങ്ങളെ കുറിച്ചാണ്. അത് നാടൊന്നാകെ സ്വാഗതം ചെയ്യുകയും ചെയ്തു. അദ്ദേഹത്തെ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.
എന്നാൽ കോൺഗ്രസുകാരുടെ പ്രതികരണങ്ങൾ കേരളത്തെയാകെ പരിഹസിക്കുന്നതായിപ്പോയി എന്നു പറയാതെ വയ്യ. കേരളം ഇടതുമുന്നണി ഭരിക്കുന്നത് കൊണ്ട് നാട് മോശമാകണമെന്ന് ആഗ്രഹിക്കുന്നത് തെറ്റായ സമീപനമാണ്. നിങ്ങൾ ഇനി എന്ത് ആഗ്രഹിച്ചാലും കേരളത്തിന്റെ മുന്നേറ്റത്തെ തടയാൻ കഴിയുകയില്ല എന്ന് വിനയപൂർവ്വം ഓർമിപ്പിക്കട്ടെ.









0 comments