കേരളത്തിനെതിരെയുള്ള വ്യാജപ്രചരണം തള്ളി നാർക്കോട്ടിക്സ് കൺട്രോൾ ബ്യുറോ

ന്യൂഡൽഹി: കേരളത്തിനെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങളുടെ മുനയൊടിച്ച് ദേശീയ നാർക്കോട്ടിക് ബ്യുറോയുടെ കണക്കുകൾ. രാജ്യത്ത് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ് എന്ന പ്രചരണമാണ് കണക്കുകൾ പുറത്തുവന്നതോടെ പൊളിഞ്ഞത്. പാർലമെന്റിൽ വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് ആഭ്യന്തര മന്ത്രാലയം നൽകിയ മറുപടിയിലാണ് കേരളത്തിനെതിരെ നടക്കുന്നത് വ്യാജപ്രചാരണമാണെന്ന് വ്യക്തമായത്.
ആഭ്യന്തര മന്ത്രാലയം നൽകിയ മറുപടി പ്രകാരം ഇന്ത്യയിൽ കഴിഞ്ഞ മൂന്ന് വർഷം നാർക്കോട്ടിക് ബ്യുറോ രാജ്യത്ത് എടുത്ത കേസുകളുടെ എണ്ണം യഥാക്രമം 521, 375, 417 എന്നിങ്ങനെയാണ്. പഞ്ചാബ് ആണ് കേസുകളുടെ എണ്ണത്തിൽ മുൻപിൽ നിൽക്കുന്നത്. 2022ൽ 62, 2023ൽ 15, 2024ൽ 51 എന്നിങ്ങനെയാണ് പഞ്ചാബിലെ കേസുകളുടെ എണ്ണം. ഡൽഹിയാണ് തൊട്ടു പിന്നിൽ. 2022ൽ 90 കേസുകളാണ് ഡൽഹിയിൽ രജിസ്റ്റർ ചെയ്തത്. 2023ൽ 58, 2024ൽ 40 എന്നിങ്ങനെയാണ് ഡൽഹിയിലെ കണക്കുകൾ. കേരളത്തിൽ 2022ൽ 4, 2023ൽ 11, 2024ൽ 12 എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം .
രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്നാമത്തെ സംസ്ഥാനം ഗുജറാത്ത് ആണ് 2022ൽ 22, 2023ൽ 16, 2024ൽ 34 എന്നിങ്ങനെയാണ് ഗുജറാത്തിലെ കേസുകൾ. 2024 ലെ കേസുകളുടെ എണ്ണം പരിശോധിക്കുമ്പോൾ ഗുജറാത്ത് -34, പശ്ചിമ ബംഗാൾ -28, മഹാരാഷ്ട്ര -25, തമിഴ്നാട് - 25, ജമ്മു & കാശ്മീർ -25, ചണ്ഡീഗഡ് -24, കർണാടക -23, ഉത്തർപ്രദേശ് -23, രാജസ്ഥാൻ -21, ബീഹാർ -13, മധ്യപ്രദേശ് -14 എന്നീ സംസ്ഥാനങ്ങളിൽ കേരളത്തേക്കാൾ കേസുകളുണ്ട്. ഇതിൽ ഡൽഹിയിലും പഞ്ചാബിലും കേരളത്തേക്കാൾ കുറഞ്ഞ ജനസംഖ്യയാണുള്ളത്.
മയക്കുമരുന്നുകളുടെ ഉപയോഗം ഇന്ത്യയൊട്ടാകെ നേരിടുന്ന പ്രശ്നമാണെന്നും കേരളത്തെ തെരഞ്ഞു പിടിച്ചു ചാപ്പയടിക്കുന്ന വലതുപക്ഷ പ്രചാരണത്തിന്റെ പൊള്ളത്തരം തുറന്നു കാണിക്കുന്നതാണ് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യുറോയുടെ കണക്കുകൾ എന്നും വി ശിവദാസൻ പറഞ്ഞു. തുറമുഖങ്ങളിലൂടെയും അതിർത്തികളിലൂടെയും നടക്കുന്ന മയക്കുമരുന്നുവ്യാപനം തടയാൻ, ശക്തമായ നടപടികൾ എടുക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെടുകയാണ്. പ്രതിരോധത്തിനായി നിയമിക്കപ്പെട്ട സേനകളിലെ ഒഴിവുകൾ എത്രയും പെട്ടെന്നു നികത്തി, മയക്കുമരുന്നുകളുടെ വരവ് തടയാൻ കേന്ദ്രസർക്കാർ ശക്തമായ നടപടി കൈക്കൊള്ളണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.









0 comments