കെറ്റാമെലോൺ ഡാർക്ക്‌നെറ്റ് ലഹരിക്കേസ് ; അന്വേഷണം ഓസ്ട്രേലിയയിലേക്ക്

കൊച്ചി
കെറ്റാമെലോൺ ഡാർക്ക്‌നെറ്റ് ലഹരിക്കേസിൽ അന്വേഷണം ഓസ്‌ട്രേലിയയിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി). മുഖ്യപ്രതി എഡിസൺ, ഓസ്ട്രേലിയ കേന്ദ്രീകരിച്ച് കെറ്റമിൻ ഇടപാട് നടത്തിയെന്ന് എൻസിബി കണ്ടെത്തിയതായാണ് സൂചന. എഡിസണും കൂട്ടാളികളും കൈകാര്യം ചെയ്‌ത, കോടികളുടെ ഇടപാടുകൾ നടന്ന ഒമ്പത് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. കൂടുതൽ അക്കൗണ്ടുകളുണ്ടോയെന്ന് പരിശോധിക്കുന്നു. കൂടുതൽ ഡിജിറ്റൽ തെളിവുകളും ശേഖരിക്കുന്നുണ്ട്. ഓസ്ട്രേലിയയിലെ കണ്ണികളുടെ വിശദാംശങ്ങൾ കണ്ടെത്താനുളള ശ്രമത്തിലാണ് അന്വേഷകസംഘം. പല ഇടപാടുകളുടെയും വിശദാംശങ്ങൾ എഡിസൺ നീക്കംചെയ്തതായും കണ്ടെത്തി.
ഡാർക്ക് നെറ്റ് വഴിയുള്ള ലഹരി വ്യാപാരത്തിൽ അന്താരാഷ്ട്ര കണ്ണികൾ കൂടുതലുണ്ടെന്നാണ് എഡിസണെ ചോദ്യം ചെയ്തതിൽനിന്ന് എൻസിബി കണ്ടെത്തിയത്. 2018 മുതൽ ഡാർക്ക്‌നെറ്റിൽ സജീവമായിരുന്ന എഡിസൺ, കെറ്റമിൻ ഇടപാടാണ് പ്രധാനമായും ആദ്യഘട്ടത്തിൽ നടത്തിയിരുന്നത്. വൻതോതിൽ ഓസ്ട്രേലിയയിലേക്ക് ലഹരി എത്തിച്ചിരുന്നെന്ന് ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. എന്നാൽ, എവിടെനിന്നാണ് ലഹരി എത്തിച്ച് വിതരണം ചെയ്തതെന്ന് വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റിലായ മറ്റൊരു പ്രതി ഡിയോളുമായി ചേർന്നായിരുന്നു ആദ്യഘട്ടത്തിൽ ഇടപാടുകൾ. പിന്നീട് എഡിസൺ ഒറ്റയ്ക്കായിരുന്നു. കെറ്റമിൻ വിദേശത്തേക്ക് മാത്രമാണ് എത്തിച്ചിരുന്നതെന്നും രാജ്യത്തെ വിവിധയിടങ്ങളിലേക്ക് എൽഎസ്ഡി സ്റ്റാമ്പുകളാണ് വിൽപ്പന നടത്തിയതെന്നും എഡിസന്റെ മൊഴിയിലുണ്ട്. എഡിസണെ കൂടുതൽ ചോദ്യം ചെയ്യാനായി വെള്ളിയാഴ്‌ച ജില്ലാ സെഷൻസ് കോടതിയിൽ കസ്‌റ്റഡി അപേക്ഷ നൽകും. നിലവിൽ വിയ്യൂർ അതിസുരക്ഷാ ജയിലിലാണിയാൾ.
നാലുമാസം നീണ്ട ‘മെലോൺ’ ദൗത്യത്തിനൊടുവിലാണ് എൻസിബി കൊച്ചി യൂണിറ്റ് കെറ്റാമെലോൺ ശൃംഖല തകർത്ത് എഡിസണെയും അരുണിനെയും പിടികൂടിയത്. പിന്നാലെ ഓസ്‌ട്രേലിയയിലേക്ക് ലഹരി കടത്തിയതിന് എഡിസന്റെ സുഹൃത്ത് ഡിയോളിനെയും ഭാര്യ അഞ്‌ജുവിനെയും അറസ്റ്റ് ചെയ്‌തു.









0 comments