കെറ്റാമെലോൺ തകർത്ത് എൻസിബി ; മുഖ്യസൂത്രധാരനും കൂട്ടാളിയും പിടിയിൽ

കൊച്ചി
രാജ്യത്തെ ഏറ്റവും വലിയ ഡാർക്ക്നെറ്റ് മയക്കുമരുന്ന് വിൽപ്പനശൃംഖല തകർത്ത് നാർക്കോട്ടിക് കൺട്രോൺ ബ്യൂറോ (എൻസിബി). മുഖ്യസൂത്രധാരനും മയക്കുമരുന്ന് വിൽപ്പനക്കാരനുമായ മൂവാറ്റുപുഴ വള്ളക്കാലിൽ ജങ്‌ഷൻ മുളയംകാട്ടിൽ വീട്ടിൽ എഡിസണെ പിടികൂടി. ‘കെറ്റാമെലോൺ' എന്നപേരിൽ പ്രവർത്തിച്ചിരുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ ഡാർക്ക്നെറ്റ് മയക്കുമരുന്ന് വിൽപ്പനശൃംഖലയാണ് നാലുമാസം നീണ്ട ‘മെലോൺ’ ദൗത്യത്തിനൊടുവിൽ എൻസിബി കൊച്ചി യൂണിറ്റ് തകർത്തത്.
എഡിസന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 1127 എൽഎസ്‌ഡി സ്‌റ്റാമ്പുകളും 131.66 ഗ്രാം കെറ്റാമൈനും പിടിച്ചെടുത്തു. ഇതിന് 35.12 ലക്ഷം രൂപ മൂല്യംവരും. 70 ലക്ഷം രൂപയ്‌ക്കു തുല്യമായ ക്രിപ്‌റ്റോ കറൻസിയും പിടിച്ചു. ഇയാളുടെ കൂട്ടാളിയെയും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇടപാടിന് ഉപയോഗിച്ചിരുന്ന പെൻഡ്രൈവ്, ഹാർഡ് ഡിസ്‌ക് ഉൾപ്പെടെ ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചു. ഡാർക്ക്‌നെറ്റ് ഉപയോഗിക്കാൻ സഹായിക്കുന്ന കൈറ്റ്‌സ് ഓപ്പറേറ്റിങ് സിസ്‌റ്റം അടങ്ങിയ പെൻഡ്രൈവും പിടിച്ചെടുത്തവയിൽ പെടും.
പാഴ്‌സൽ പിടിച്ചു ; ഡാർക്ക്‌നെറ്റിൽ എത്തി
മൂന്ന് തപാൽ പാഴ്‌സലുകളിലായി എത്തിയ 280 എൽഎസ്‌ഡി ബ്ലോട്ടുകൾ ശനിയാഴ്‌ച എൻസിബി പിടിച്ചിരുന്നു. അന്വേഷണത്തിൽ ഇവ എത്തിച്ചത് എഡിസണാണെന്ന് വ്യക്തമായി. രണ്ടുവർഷമായി വിവിധ ഡാർക്ക്നെറ്റ് മാർക്കറ്റുകളിൽ വിൽപ്പനയിൽ സജീവമായിരുന്നു.
ഇംഗ്ലണ്ടിൽനിന്നെത്തിക്കും; ഇന്ത്യയിൽ വിൽക്കും
എൽഎസ്‌ഡി വിൽപനയ്‌ക്ക് ലോകത്തിൽ കുപ്രസിദ്ധനായ ഡോ. സ്യൂസിന്റെ കീഴിൽ ഇംഗ്ലണ്ടിൽ പ്രവർത്തിക്കുന്ന വെണ്ടർ ഗുംഗാ ദിനിൽനിന്നാണ് കെറ്റമെലൊൺ സംഘം പ്രധാനമായും മയക്കുമരുന്ന് വാങ്ങിയിരുന്നത്. കേരളത്തിൽ എത്തിക്കുന്ന മയക്കുമരുന്ന് ബംഗളൂരു, ചെന്നൈ, ഭോപ്പാൽ, പട്‌ന, ഡൽഹി എന്നിവിടങ്ങളിലും ഹിമാചൽ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും വിവിധയിടങ്ങളിലുമായാണ് വിറ്റിരുന്നത്. 14 മാസത്തിനിടെ അറുന്നൂറിലധികം തവണ മയക്കുമരുന്നു കൈമാറിയതായും കണ്ടെത്തി.
പിടിയിലായത് ലെവൽ 4
ഇന്ത്യയിലെ ഏക ലെവൽ 4 ഡാർക്ക്‌നെറ്റ് വിൽപ്പനക്കാരനാണ് പിടിയിലായ എഡിസൺ. മയക്കുമരുന്നിന്റെ വീര്യം ഉൾപ്പെടെയുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കി ഡാർക്ക്‌നെറ്റ് വിൽപ്പനശൃംഖല ഒന്നുമുതൽ അഞ്ചുവരെ സ്റ്റാർ റേറ്റുചെയ്യുന്നു. ഫൈവ് സ്‌റ്റാർ റേറ്റിങ്ങുള്ള സാംബഡ എൽഎസ്‌ഡി റാക്കറ്റിനെ നേരത്തേ പിടികൂടിയിരുന്നു. 29,013 എൽഎസ്‌ഡി ബ്ലോട്ടകളും 472 ഗ്രാം എംഡിഎംഎയും 51.38 ലക്ഷം രൂപയുംസഹിതം 14 പേരെയാണ് അന്ന് അറസ്‌റ്റ് ചെയ്‌തത്.









0 comments