നന്തൻകോട് കൂട്ടക്കൊല: പ്രതി കേഡൽ ജീൻസൺ രാജയ്ക്ക് ജീവപര്യന്തം

kedal
വെബ് ഡെസ്ക്

Published on May 13, 2025, 01:49 PM | 2 min read

തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലക്കേസിൽ പ്രതി കേഡൽ ജീൻസൺ രാജയ്ക്ക്‌ ജീവപര്യന്തം .കേസിൽ കേഡൽ കുറ്റക്കാരനെന്ന് ശിക്ഷ സംബന്ധിച്ച വാദത്തിൽ ഇന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ശിക്ഷ പ്രഖ്യാപിച്ചത്. പന്ത്രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെ വിഷ്ണുവാണ് ശിക്ഷ പ്രഖ്യാപിച്ചത്. മാതാപിതാക്കളെയും സഹോദരിയെയുമടക്കം 4 പേരെ നന്തന്‍കോട്ടെ വീട്ടില്‍ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് പ്രതി കേഡല്‍ ജീന്‍സണ്‍ രാജയ്ക്ക് (34) ജീവപര്യന്തം ശിക്ഷ ലഭിച്ചിരിക്കുന്നത്

പിഴത്തുക കേസിലെ സാക്ഷിയായ അമ്മാവന്‍ ജോസ് സുന്ദരത്തിനു നല്‍കാനും കോടതി വിധിച്ചു. കേഡലിന്റെ അമ്മയുടെ സഹോദരനായ ജോസ് ഇവരുടെ വീടിന് അടുത്തുള്ള 4 സെന്റ് സ്ഥലവും വീടും കേഡലിന്റെ അമ്മയ്ക്ക് എഴുതി നല്‍കിയിരുന്നു. ഇപ്പോള്‍ ആരോരും സഹായമില്ലാതെ വീല്‍ ചെയറില്‍ കഴിയുന്ന ജോസിനു പിഴത്തുക നല്‍കാനാണു വിധി.

പ്രതിയുടെ പ്രായം പരിഗണിക്കണമെന്നും മാനസിക വൈകല്യമുണ്ടെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ മാനസികരോഗമുള്ള ഒരാള്‍ എങ്ങനെ മൂന്ന് പേരെ ക്രൂരമായി കൊല്ലുമെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു. ആരോടും സഹകരിച്ചില്ല എന്നത് മാനസികരോഗമാണെന്ന തരത്തില്‍ വ്യാഖ്യാനിക്കാന്‍ കഴിയില്ല. ജന്മം നല്‍കിയ അമ്മയെയും സഹദരിയെയും എങ്ങനെ കൊല്ലാന്‍ സാധിക്കും. കേഡല്‍ പുറത്തിറങ്ങിയാല്‍ വീണ്ടും ഇത്തരം പ്രവൃത്തികള്‍ ചെയ്യില്ലെന്ന ഉറപ്പ് നല്‍കാന്‍ ആര്‍ക്കു കഴിയുമെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു. കൊലപാതകം, തെളിവു നശിപ്പിക്കല്‍, വീട് അഗ്‌നിക്കിരയാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിരുന്നു.


nanthanocode mass murderകൊല്ലപ്പെട്ട പ്രൊഫ.രാജ തങ്കം, ഡോ.ജീൻ പദ്മ,കരോലിൻ,ലളിത എന്നിവർ

2017 ഏപ്രിൽ എട്ടിനാണ് ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ൻസ് കോമ്പൗണ്ടിലെ 117–ാം നമ്പർ വീട്ടിൽ പ്രൊഫ. രാജ തങ്കം, ഭാര്യ ഡോ. ജീൻ പത്മ, മകൾ കരോലിൻ, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ, മാരകായുധം ഉപയോഗിച്ചു പരുക്കേൽപ്പിക്കുക, വീട് നശിപ്പിക്കൽ എന്നിവയ്‌ക്കെതിരായ വകുപ്പുകളാണ്‌ കേഡലിനെതിരെ ചുമത്തിയത്.


2017 ഏപ്രിൽ അഞ്ചിനായിരുന്നു കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതകം. കൊലയ്ക്കുശേഷം മൃതദേഹം പ്ലാസ്റ്റിക് ഷീറ്റിൽവച്ച് വെട്ടിനുറുക്കി കത്തിച്ചു. ഇതിനിടെ പ്രതിക്കും പൊള്ളലേറ്റു. തുടർന്ന്‌ മൃതദേഹങ്ങൾ വീടിനുള്ളിലെ ശുചിമുറിയിൽ ഉപേക്ഷിച്ച്‌ ചെന്നൈയിലേക്ക്‌ രക്ഷപ്പെട്ടു. തിരികെവരുംവഴിയാണ്‌ പിടിയിലായത്‌. ആത്മാവിനെ ശരീരത്തിൽനിന്ന്‌ വേർപെടുത്തുന്ന പരീക്ഷണമായ ആസ്ട്രൽ പ്രൊജക്‌ഷൻ നടത്തുന്നതിനിടെയാണ്‌ കൊല നടത്തിയതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.


പ്രോസിക്യൂഷന് വേണ്ടി ദിലീപ് സത്യൻ ഹാജരായി. അഡ്വ. റിയ, അഡ്വ. നിധിൻ എന്നിവർ സഹായികളായി. 2024 നവംബർ 13നാണ് വിചാരണ ആരംഭിച്ചത്. 65 ദിവസത്തെ വിചാരണയ്ക്കിടെ 42 സാക്ഷികളെ വിസ്തരിച്ചു. ശാസ്ത്രീയ തെളിവ്‌ ഉൾപ്പെടെ 120 രേഖയും 90 തൊണ്ടിമുതലും ഹാജരാക്കി. ആളുകളെ വെട്ടിക്കൊല്ലുന്നത്‌ യൂട്യൂബിൽ കണ്ടതും മഴു ഓൺലൈനിൽ വാങ്ങിയതും പ്രധാന തെളിവായി. മ്യൂസിയം സിഐയും ഇപ്പോൾ സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണറുമായ ജെ കെ ദിനിലിനായിരുന്നു അന്വേഷണച്ചുമതല. തുടരന്വേഷണം അന്നത്തെ കന്റോൺമെന്റ് എസിയും ഇപ്പോൾ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയുമായ കെ ഇ ബൈജുവിന് നൽകി. അദ്ദേഹമാണ് കുറ്റപത്രം സമർപ്പിച്ചത്.







deshabhimani section

Related News

View More
0 comments
Sort by

Home