നന്തൻകോട് കൂട്ടക്കൊലക്കേസ്: വിധി ഇന്ന്

തിരുവനന്തപുരം: തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലക്കേസിൽ വിധി ഇന്ന്. കുടുംബത്തിലെ നാല് പേരെ പ്രതി കേഡല്‍ ജിൻസൺ കൊലപ്പെടുത്തിയ കേസിൽ വിധി വരുന്നത് എട്ട് വർഷങ്ങൾക്ക് ശേഷമാണ്. തിരുവനന്തപുരം അഡീഷണൽ സെക്ഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്. 2017 ഏപ്രില്‍ 9നാണ് കേസിന് ആസ്പദമായ സംഭവം. ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ന്‍സ് കോംപൗണ്ടിലെ വീട്ടില്‍ റിട്ടയേഡ് പ്രൊഫ. രാജ തങ്കം (60), ഭാര്യ റിട്ടയേഡ് ആർഎംഒ ഡോ. ജീൻ പദ്മ (58), മകൾ കരോലിൻ (25), ഡോക്ടറുടെ ബന്ധു ലളിത (70) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
പ്രതി കേഡല്‍ ജിന്‍സണ്‍ രാജ, മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും അതിദാരുണമായി കൊലപ്പെടുത്തി എന്നാണ് കേസ്. ഇവരുടെ മരണകാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ജീൻ പദ്മ, രാജ തങ്കം, കരോലിൻ എന്നിവരുടെ മൃതദേഹം വീടിന്റെ മുകൾ നിലയിലെ ബാത്ത്റൂമിൽ കത്തിക്കരിഞ്ഞ നിലയിലും ലളിതയുടേതു താഴത്തെ നിലയിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. ജീനിന്റെയും കരോലിന്റെയും മൃതദേഹങ്ങള്‍ പൂര്‍ണമായി കത്തിയമര്‍ന്നിരുന്നു. രാജയുടെ ശരീരം ഭാഗികമായി കത്തിയിരുന്നു. ശരീരത്തിലെ 9 മുറിവുകളില്‍ ഏഴെണ്ണം തലയോട്ടിയിലാണ്. മഴു ഉപയോഗിച്ചു തലയിൽ വെട്ടിയാണു രാജയെ കൊന്നതെന്നാണു നിഗമനം.
സാത്താന്‍സേവയ്ക്ക് അടിമപ്പെട്ട് മാതാപിതാക്കളെയും സഹോദരിയെയും ഉള്‍പ്പെടെ നാലുപേരെയാണ് കേഡൽ കൊലപ്പെടുത്തിയത്. ജീവന്‍ കൊടുത്ത് ആത്മാവിനെ വേര്‍പെടുത്തലാണ് പരീക്ഷിച്ചതെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയത്. വീഡിയോ ഗെയിം കാണിക്കാം എന്ന് പറഞ്ഞ് മാതാപിതാക്കളെയും സഹോദരിയെയും വീടിന്റെ മുകളിലെ നിലയില്‍ എത്തിച്ചശേഷം മഴു ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേഡലിന്റെ മൊബൈല്‍ ഫോണില്‍ സാത്താന്‍ സേവയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലയ്ക്കുപയോഗിച്ച മഴു വാങ്ങിയത് ഓണ്‍ലൈനിലൂടെയാണെന്നും കേഡലിന്റെ മൊഴിയുണ്ട്.









0 comments