ആദ്യം കൊന്നത് അമ്മയെ
നന്തൻകോട് കൂട്ടക്കൊല : പ്രതി കേഡൽ ജിന്‍സണ്‍ കുറ്റക്കാരൻ ; ശിക്ഷയിന്മേൽ വാദം ഇന്ന്

തിരുവനന്തപുരം
നന്തൻകോട് കൂട്ടക്കൊലക്കേസിൽ പ്രതി കേഡൽ ജിൻസൻ രാജ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പറഞ്ഞത്. ശിക്ഷാവിധിയിന്മേൽ ചൊവ്വാഴ്ച വാദം നടക്കും. 2017 ഏപ്രിൽ എട്ടിനാണ് ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ൻസ് കോമ്പൗണ്ടിലെ 117–ാം നമ്പർ വീട്ടിൽ പ്രൊഫ. രാജ തങ്കം, ഭാര്യ ഡോ. ജീൻ പത്മ, മകൾ കരോലിൻ, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ, മാരകായുധം ഉപയോഗിച്ചു പരുക്കേൽപ്പിക്കുക, വീട് നശിപ്പിക്കൽ എന്നിവയ്‌ക്കെതിരായ വകുപ്പുകളാണ് കേഡലിനെതിരെ ചുമത്തിയത്.
2017 ഏപ്രിൽ അഞ്ചിനായിരുന്നു കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതകം. കൊലയ്ക്കുശേഷം മൃതദേഹം പ്ലാസ്റ്റിക് ഷീറ്റിൽവച്ച് വെട്ടിനുറുക്കി കത്തിച്ചു. ഇതിനിടെ പ്രതിക്കും പൊള്ളലേറ്റു. തുടർന്ന് മൃതദേഹങ്ങൾ വീടിനുള്ളിലെ ശുചിമുറിയിൽ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് രക്ഷപ്പെട്ടു. തിരികെവരുംവഴിയാണ് പിടിയിലായത്. ആത്മാവിനെ ശരീരത്തിൽനിന്ന് വേർപെടുത്തുന്ന പരീക്ഷണമായ ആസ്ട്രൽ പ്രൊജക്‌ഷൻ നടത്തുന്നതിനിടെയാണ് കൊല നടത്തിയതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
പ്രോസിക്യൂഷന് വേണ്ടി ദിലീപ് സത്യൻ ഹാജരായി. അഡ്വ. റിയ, അഡ്വ. നിധിൻ എന്നിവർ സഹായികളായി. 2024 നവംബർ 13നാണ് വിചാരണ ആരംഭിച്ചത്. 65 ദിവസത്തെ വിചാരണയ്ക്കിടെ 42 സാക്ഷികളെ വിസ്തരിച്ചു. ശാസ്ത്രീയ തെളിവ് ഉൾപ്പെടെ 120 രേഖയും 90 തൊണ്ടിമുതലും ഹാജരാക്കി. ആളുകളെ വെട്ടിക്കൊല്ലുന്നത് യൂട്യൂബിൽ കണ്ടതും മഴു ഓൺലൈനിൽ വാങ്ങിയതും പ്രധാന തെളിവായി. മ്യൂസിയം സിഐയും ഇപ്പോൾ സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണറുമായ ജെ കെ ദിനിലിനായിരുന്നു അന്വേഷണച്ചുമതല. തുടരന്വേഷണം അന്നത്തെ കന്റോൺമെന്റ് എസിയും ഇപ്പോൾ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയുമായ കെ ഇ ബൈജുവിന് നൽകി. അദ്ദേഹമാണ് കുറ്റപത്രം സമർപ്പിച്ചത്.
ആദ്യം കൊന്നത് അമ്മയെ
നന്തൻകോട് കൂട്ടക്കൊല കേസിൽ പ്രതി കേഡൽ ജീൻസൻ രാജ ആദ്യം കൊലപ്പെടുത്തിയത് അമ്മ ജീൻ പത്മത്തെ. താൻ നിർമിച്ച വീഡിയോ ഗെയിം കാണിക്കാൻ എന്ന വ്യാജേന ഇവരെ മുകളിലത്തെ കിടപ്പുമുറിയിൽ എത്തിച്ച് കസേരയിൽ ഇരുത്തി മഴുകൊണ്ട് തലയ്ക്കു പിന്നിൽ വെട്ടി കൊല്ലുകയായിരുന്നു.
മൃതദേഹം കിടപ്പുമുറിയിൽ ഒളിപ്പിച്ച് താഴെ എത്തിയ കേഡൽ വൈകിട്ടോടെ അച്ഛൻ രാജ തങ്കത്തെയും സഹോദരി കാരോലിനെയും വെട്ടി. മൃതദേഹങ്ങൾ വീടിനുള്ളിൽ ഒളിപ്പിച്ചു. വീട്ടിലുണ്ടായിരുന്ന ബന്ധു ലളിതയും ജോലിക്കാരിയും മറ്റുള്ളവരെപ്പറ്റി അന്വേഷിച്ചെങ്കിലും കന്യാകുമാരിക്ക് ടൂർ പോയെന്നായിരുന്നു കേഡലിന്റെ മറുപടി.
പിറ്റേന്ന് രാത്രിയാണ് കേഡൽ ലളിതയെ കൊലപ്പെടുത്തിയത്. അമ്മ ലാൻഡ് ഫോണിൽ വിളിക്കുന്നെന്ന് പറഞ്ഞ് മുകളിലെ കിടപ്പുമുറിയിൽ എത്തിച്ചായിരുന്നു കൊല. അതേ മഴുകൊണ്ടാണ് ലളിതയെയും വെട്ടിയത്. മൃതദേഹങ്ങൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഒളിപ്പിച്ചു. ലളിതയെ കാണാതായതോടെ വീട്ടുജോലിക്കാരി കേഡലിനോട് തിരക്കി. രാത്രി അമ്മയും അച്ഛനും സഹോദരിയും തിരികെ വന്നെന്നും ലളിതയെക്കൂടി വിളിച്ചുകൊണ്ട് വീണ്ടും ടൂർ പോയെന്നുമായിരുന്നു മറുപടി. കൊലകൾ നടത്തിയതിന്റെ അടുത്ത ദിവസം മൃതദേഹങ്ങൾ കത്തിക്കാൻ ഇയാൾ ശ്രമിച്ചപ്പോൾ നിസ്സാര പൊള്ളലേറ്റു. പിറ്റേന്ന് രാത്രി മുകൾനിലയിലിട്ട് മൃതദേഹങ്ങൾ വീണ്ടും കത്തിക്കാൻ ശ്രമിച്ചു. തീ ആളിപ്പടരുന്നത് കണ്ട് അയൽക്കാർ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. തീ അണയ്ക്കുന്നതിനിടെയാണ് സേനാംഗങ്ങൾ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതിനിടെ പ്രതി തമിഴ്നാട്ടിലേക്ക് മുങ്ങി. പിന്നീട് മടങ്ങി വരുമ്പോഴാണ് പിടികൂടിയത്. വീട്ടിലെ സാഹചര്യങ്ങളാണ് കൂട്ടക്കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നായിരുന്നു മൊഴി.









0 comments