അച്ഛനോടുള്ള പക കൂട്ടക്കുരുതിയിലേക്ക്
കൊടും ക്രൂരൻ ; കരുതിക്കൂട്ടി കൂട്ടക്കൊല

തിരുവനന്തപുരം
ബ്ലാക്ക് മാജിക്കെന്നും സാത്താൻ സേവയെന്നും ആസ്‌ട്രൽ പ്രൊജക്‌ഷനെന്നുമൊക്കെയുള്ള വാക്കുകൾ മലയാളികൾക്ക് പരിചിതമായത് 2017ൽ നന്തൻകോട്ടെ കൂട്ടക്കൊലപാതകത്തിനുശേഷമാണ്. മാതാപിതാക്കളെയും സഹോദരിയെയുമടക്കം നാലുപേരെ കൊന്ന കേഡൽ ജീൻസൺ രാജയെന്ന കൊടും ക്രൂരനെ കേരളം മറക്കില്ല.
കേഡലിന്റെ വഴികൾ ദുരൂഹതകൾ നിറഞ്ഞതായിരുന്നു. പുറംലോകവുമായി ബന്ധമില്ലാതെ വീട്ടിലെ ഒറ്റമുറിയിൽ ഒതുങ്ങിക്കൂടുകയായിരുന്നു. പകൽ കംപ്യൂട്ടറിനുമുന്നിൽ. രാത്രിയിലാണ് പുറത്തിറങ്ങുക. ഇന്റർനെറ്റിൽ കൊടും കൊലകളെക്കുറിച്ചും ആയുധങ്ങളെക്കുറിച്ചും തിരഞ്ഞു. പ്രിയപ്പെട്ടവരെ കൊല്ലാനുള്ള ആയുധം തിരഞ്ഞെടുത്തതും ഓൺലൈനിൽനിന്ന്. തുണി, ഇരുമ്പ്, പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ച് ഒരു മനുഷ്യരൂപം നിർമിച്ച് പരീക്ഷണം നടത്തിയിരുന്നു. ആസൂത്രണം നടത്തി കാത്തിരുന്നു.
നിർമിച്ച വീഡിയോ ഗെയിം കാണിക്കാനായി അമ്മയെ വീടിനുമുകളിലുള്ള മുറിയിലെത്തിച്ചു. കംപ്യൂട്ടറിനുമുന്നിലെ കസേരയിലിരുത്തി പിന്നിൽനിന്ന് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി. പിന്നാലെ അച്ഛനെയും സഹോദരിയെയും വെട്ടിക്കൊന്നു. മൃതദേഹങ്ങൾ കിടപ്പുമുറിയിൽ ഒളിപ്പിച്ചു. അടുത്ത ദിവസം ബന്ധു ലളിതയെ സമാനരീതിയിൽ കൊലപ്പെടുത്തി.
മാതാപിതാക്കളേയും സഹോദരിയേയും കുളിമുറിയിലിട്ട് കത്തിച്ചു. ലളിതയെ വെട്ടിനുറുക്കി ബെഡ്ഷീറ്റിൽ പൊതിഞ്ഞനിലയിലുമാണ് കണ്ടത്. നിർമിച്ച മനുഷ്യരൂപവും കത്തിയനിലയിൽ കണ്ടെത്തി.
ഏപ്രിൽ എട്ടിന് അർധരാത്രിയാണ് വിവരം പുറംലോകമറിഞ്ഞത്. വീടിന്റെ മുകളിൽനിന്ന് തീയും പുകയും ഉയരുന്നതുകണ്ട അയൽവാസിയാണ് വിവരം പൊലീസിനെ അറിയിച്ചത്. അഗ്‌നിരക്ഷാസേനയെത്തി തീയണച്ചശേഷം വീടിന്റെ താഴത്തെ നിലയിലെ വാതിൽ തകർത്ത് അകത്തുകയറിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.
അച്ഛനോടുള്ള പക കൂട്ടക്കുരുതിയിലേക്ക്
തന്റെ ഇഷ്‌ടങ്ങളോട് സഹകരിക്കാതിരുന്ന അച്ഛനോടുള്ള പകയാണ് കൂട്ടക്കുരുതിയിലേക്ക് കേഡൽ ജീൻസൺ രാജയെ നയിച്ചത്. മാർത്താണ്ഡം ക്രിസ്‌ത്യൻ കോളേജിലെ പ്രൊഫസറായിരുന്നു അച്ഛൻ രാജ തങ്കം. മകന്റെ മികച്ച കരിയർ മുന്നിൽക്കണ്ടാണ് എംബിബിഎസ് പഠനത്തിനായി ഫിലിപ്പീൻസിലേക്ക് അയച്ചത്. തന്റെ പ്രൊഫഷനിലേക്ക് മകൻ എത്തിച്ചേരുന്നത് അമ്മയും ആഗ്രഹിച്ചു. എന്നാൽ വിദേശപഠനം കേഡൽ ആഗ്രഹിച്ചിരുന്നില്ല. അവിടെ പല കൂട്ടുകെട്ടുകളുമായി ചേർന്ന് അടിച്ചുപൊളിച്ചു. പരീക്ഷയിൽ പലതും തോറ്റു. അപ്പോഴെല്ലാം അച്ഛൻ വിളിച്ച് ശകാരിച്ചിരുന്നു. കോഴ്‌സ് പൂർത്തിയാക്കാതെ ഒരു വർഷത്തിനുശേഷം നാട്ടിലേക്ക് മടങ്ങി. ഡോക്ടറാകാൻ താൽപ്പര്യമില്ലെന്നും പറഞ്ഞു.
തുടർന്നാണ് കംപ്യൂട്ടർ എൻജിനിയറിങ് പഠനത്തിനായി ഓസ്‌ട്രേലിയയിലേക്ക് അയച്ചത്. അതും പാതിവഴിയിൽ ഉപേക്ഷിച്ചു. ഇതോടെ ബന്ധുക്കളിൽ പലരും കളിയാക്കി. അപഹാസ്യനായെന്ന് തോന്നിയപ്പോഴാണ് അച്ഛനോട് പകയായത്. തന്നോടൊപ്പം നിൽക്കാതിരുന്ന അമ്മ ഡോ. ജീൻ പത്മയോടും വൈരാഗ്യം തോന്നി. കൊന്ന് ഒളിച്ചോടാനാണ് ആദ്യം തീരുമാനിച്ചത്. സഹോദരി കരോലിൻ ചൈനയിൽനിന്ന് എംബിബിഎസ് പഠനം പൂർത്തിയാക്കിയിരുന്നു. താൻ പരാജയപ്പെടുകയും സഹോദരി പഠനം പൂർത്തിയാക്കിയതുമാണ് കരോലിനോടുള്ള പകയ്ക്ക് കാരണം.









0 comments