ഡമ്മിയിൽ വെട്ടി പരിശീലനം; ഒടുവിൽ ഡമ്മിയും കത്തിച്ചു

nanthankode murder
വെബ് ഡെസ്ക്

Published on May 13, 2025, 03:28 PM | 2 min read

തിരുവനന്തപുരം: കൂട്ടക്കൊലക്ക്‌ മുമ്പ്‌ കേഡൽ അറപ്പ്‌ മാറിയ ‘കൊലയാളി’യായിരുന്നു. അതിനായി ‘കൊല’യിൽ പരിശീലനവും നേടി.കൃത്യം ചെയ്യുംമുമ്പേ ഓൺലൈനിൽ മഴു വാങ്ങിയ കേഡൽ ഇതുപയോഗിച്ച്‌ ഡമ്മിയിലും കരിങ്കൽ കഷണങ്ങളിലും വെട്ടി പരിശീലിച്ചു. ഡമ്മിയിൽ ഇതിനായി തലയുടെ രൂപവും ഘടിപ്പിച്ചിരുന്നു.


വീടിന് പുറത്തുള്ള ഉരുളൻ കരിങ്കല്ലിലും വെട്ടി പരിശീലിച്ചു. ഈ സമയമത്രയും കുടുംബാംഗങ്ങളോട് വളരെ സ്നേഹത്തോടെ പെരുമാറാനും കംപ്യൂട്ടറിൽ പുതിയ പുതിയ ഗെയിമുകളുണ്ടാക്കി ആകർഷിക്കാനും പ്രത്യേക പാടവവും കാട്ടി. രക്തം കണ്ടിട്ടും കൂസാതെ ഒന്നിലേറെ പേരെ, അച്ഛൻ, അമ്മ, സഹോദരി ഉൾപ്പെടെ നാലുപേരെ ക്രൂരമായി കൊലപ്പെടുത്താൻ കേഡലിന്‌ സാധിച്ചത്‌ ഈ പരിശീലനം കാരണമാണ്‌. ആദ്യം അമ്മയെയാണ്‌ കൊന്നത്‌. പകൽ പതിനൊന്നോടെ പുതിയ കംപ്യൂട്ടർ ഗെയിം കാണിക്കാനെന്ന് പറഞ്ഞ് അമ്മയെ മുകളിലെ മുറിയിലേക്ക് വരുത്തുകയായിരുന്നു.


കംപ്യൂട്ടറിനുമുന്നിലിരുത്തി മഴുകൊണ്ട് തലയ്ക്ക് വെട്ടി. ഇതോടെ തറയിൽ വീണ അമ്മയെ വീണ്ടും വീണ്ടും വെട്ടിയും കുത്തിയും കൊലപ്പെടുത്തി. മൃതദേഹം വലിച്ചിഴച്ച് ബെഡ്റൂമിലെ ബാത്ത്റൂമിലിട്ടു. തുടർന്ന് തറതുടച്ച് വൃത്തിയാക്കി. ഈ സമയം പുറത്തായിരുന്ന അച്ഛൻ വന്നപ്പോൾ മദ്യപിക്കാൻ പ്രേരിപ്പിക്കുകയും സഹോദരിക്കും അച്ഛനുമൊപ്പമിരുന്ന് കേഡൽ ഭക്ഷണം കഴിക്കുകയും ചെയ്തു. തുടർന്ന് അച്ഛനെ വിളിച്ചുവരുത്തി സമാനരീതിയിൽ കൊലപ്പെടുത്തി. വെട്ടുന്നത് തടഞ്ഞ അച്ഛനെ തുരുതുരാ വെട്ടുകയായിരുന്നു. ഈ മൃതദേഹവും ബാത്ത്റൂമിലേക്ക് മാറ്റുകയും രക്തം തുടച്ച് വൃത്തിയാക്കുകയും ചെയ്തു.


ഓസ്ട്രേലിയയിലെ സുഹൃത്തുമായി ഓൺലൈനിൽ സംസാരിക്കാനെന്ന് പറഞ്ഞാണ് സഹോദരിയെ മുകളിലെ റൂമിലേക്ക് കൊണ്ടുവന്നത്. തുടർന്ന് കംപ്യൂട്ടറിനുമുന്നിലിരുത്തി വെട്ടി. നിലത്തുവീണപ്പോൾ അവിടെയിട്ടും വെട്ടി. തുടർന്ന് ബാത്ത്റൂമിലെത്തിച്ചപ്പോൾ ശ്വാസമെടുക്കുന്നത് കണ്ടപ്പോൾ കഴുത്തറുത്തു. തുടർന്ന് പിറ്റേദിവസം പെട്രോളൊഴിച്ച് മൃതദേഹങ്ങൾ കുറേശ്ശെയായി കത്തിച്ചു. ഇതിനായി കന്നാസിൽ കവടിയാറുള്ള പമ്പിൽനിന്ന് പെട്രോൾ കൊണ്ടുവന്നിരുന്നു.


മൂന്നാമത്തെ ദിവസമാണ്‌ ബന്ധുവായ ലളിതയെ കൊലപ്പെടുത്തിയത്. അച്ഛനും അമ്മയും സഹോദരിയും കന്യാകുമാരിയിലേക്ക് പോയെന്നായിരുന്നു ഇവരോടും വീട്ടുജോലിക്കാരിയോടും ആദ്യം കേഡൽ പറഞ്ഞത്. പിന്നീട്‌ ടൂർ പോയ അമ്മ ഫോണിൽ വിളിക്കുന്നുവെന്ന് പറഞ്ഞ് അമ്മയുടെ റൂമിലേക്ക് വിളിച്ചുവരുത്തി ബെഡ്ഡിലിരുത്തി വെട്ടി കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഈ മുറിയിലെ ബാത്ത്റൂമിൽ ഒളിപ്പിക്കുകയായിരുന്നു. അതിനിടെ ഡമ്മിയും കത്തിച്ചു.


താൻകൂടി കൊല്ലപ്പെട്ടു എന്ന്‌ വരുത്തിതീർക്കാനുള്ള തന്ത്രമാകാം അതെന്നായിരുന്നു ആദ്യം അന്വേഷണ സംഘം കരുതിയത്‌. എന്നാൽ ഡമ്മിയിൽ വെട്ടി പരിശീലനം നേടി എന്ന വിവരം ലഭിച്ചതോടെ ആ ഡമ്മി നശിപ്പിച്ചതാകാമെന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തുകയായിരുന്നു.

ലളിതയെ അന്വേഷിച്ച വേലക്കാരിയോട് കന്യാകുമാരിയിൽനിന്ന് മടങ്ങിവന്ന മാതാപിതാക്കൾ ഇവരെയും കൂട്ടി ഊട്ടിയിലേക്ക് പോയെന്ന് പറഞ്ഞു. ഇതിനിടെ മൃതദേഹങ്ങൾ കത്തിക്കുന്നതിനിടെ വീടിന്റെ ജനൽച്ചില്ല് പൊട്ടുന്ന ശബ്ദംകേട്ട അയൽവാസികൾ പുറത്തിറങ്ങി. എന്നാൽ, പട്ടിയെ ഓടിച്ച ശബ്ദമാണതെന്നായിരുന്നു കാഡൽ അവരോട് പറഞ്ഞത്. തുടർന്ന് വീട്ടിലെത്തിയെങ്കിലും തീ ആളിപ്പടർന്നതോടെ അടുക്കളഭാഗത്തുകൂടി പുറത്തിറങ്ങിയ കാഡൽ ഓട്ടോയിൽ കയറി തമ്പാനൂരിലെത്തി ചെന്നൈയിലേക്ക് മുങ്ങിയത്‌. എന്നാൽ, തന്നെ പൊലീസ് അന്വേഷിക്കുന്നുവെന്ന് മനസ്സിലാക്കിയ ഇയാൾ തിരികെ വന്ന്‌ പൊലീസിന്‌ പിടികൊടുക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home