ആത്മാവിനെ ആവാഹിക്കൽ പൊളിഞ്ഞു: ഒടുവിൽ സത്യം വെളിപ്പെടുത്തി കേഡൽ

തിരുവനന്തപുരം: അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടെ നാലുപേരെ ക്രൂരമായി കൊലപ്പെടുത്തി കത്തിച്ചത് അവരുടെ ആത്മാവിനെ സ്വന്തം ശരീരത്തിലേക്ക് ആവാഹിച്ച് ശക്തനാകാനാണെന്ന കേഡൽ ജീൻസൺ രാജയുടെ മൊഴി പൊളിഞ്ഞത് അന്വേഷണ സംഘത്തിന്റെ ശാസ്‌ത്രീയ ചോദ്യം ചെയ്യലിൽ. മനോരോഗ വിദഗ്‌ധരുടെ സാന്നിധ്യത്തിൽ നടത്തിയ ചോദ്യം ചെയ്യിൽ ആസ്‌ട്രൽ പ്രൊജക്‌ഷൻ എന്ന ഭ്രമാത്മകമായ കഥ ആവിയാകുകയായിരുന്നു.
മറ്റുള്ളവരുടെ ആത്മാവിനെ സ്വന്തം ശരീരത്തിലേക്ക് ആവാഹിച്ച് (ആസ്റ്റർ പ്രൊജക്ഷൻ)ശക്തനാകുന്ന രീതിയാണ് താൻ പരീക്ഷിച്ചതെന്നാണ് ഇയാൾ ആദ്യം പറഞ്ഞത്. ആദ്യം അമ്മയെയും പിന്നീട് അച്ഛനെയും സഹോദരിയെയും ബന്ധുവിനെയും മഴുകൊണ്ട് തലയ്ക്ക് വെട്ടിയാണ് കൊലപ്പെടുത്തിയത്. ഓരോരുത്തരെയും കൊലപ്പെടുത്തിയപ്പോഴും തനിക്ക് കൂടുതൽ ശക്തി കൈവന്നതായും കേഡൽ പറഞ്ഞു. അച്ഛനും അമ്മയും സഹോദരിയും നഷ്ടപ്പെട്ടതിനെ കുറിച്ച് ചോദിക്കുമ്പോൾ പൊലീസിനെ നോക്കി ചിരിയായി. ഇയാൾ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതോടെ ഗവ. മെഡിക്കൽ കോളേജിലെ മനഃശാസ്ത്ര വിഭാഗം മേധാവി ഡോ. റോയ് മാത്യുവിന്റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യുകയായിരുന്നു
ഈ ദിവസങ്ങളിൽ ആസ്‌റ്റർ പ്രൊജക്ഷന്റെ ഭ്രമാത്മക ലോകത്തായിരുന്നു കേഡൽ. അമ്മയും അച്ഛനും സഹോദരിയും നല്ല ഭാരമുള്ളവരായിരുന്നുവെങ്കിലും ഓരോരുത്തരെയും കൊന്നപ്പോൾ തനിക്ക് പ്രത്യേക ശക്തി ലഭിച്ചെന്നും അതിനാൽ അവരുടെ മൃതദേഹം ഒറ്റയ്ക്കെടുത്താണ് ബാത്തുറൂമിൽ കൊണ്ടിട്ടതെന്നും കേഡൽ പൊലീസിനോട് പറഞ്ഞു. ശവത്തിനൊപ്പം നിന്നാൽ ശാന്തത ലഭിക്കാത്തതിനാൽ ആസ്റ്റർ പ്രൊജക്ഷന്റെ അടുത്ത ഘട്ടം ആലോചിക്കാനാണ് ചെന്നൈയിലേക്ക് പോയതത്രെ. ട്രെയിൻ യാത്രയ്ക്കിടെ ഇതേക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും ഇയാൾ പറഞ്ഞു.
എന്നാൽ അന്വേഷണ സംഘം ഇത് വിശ്വാസിക്കാൻ തയ്യാറായില്ല. ബുദ്ധിപൂർവം തങ്ങളെ വഴി തെറ്റിക്കുകയാണ് കേഡൽ എന്ന് അന്വേഷണ സംഘം നിഗമനത്തിൽ എത്തുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുടുംബത്തിന്റെ അവഗണനയാണ് കൂട്ടകൊലക്ക് കാരണമെന്ന് കേഡൽ സമ്മതിക്കുകയായിരുന്നു.
തന്നെ വീട്ടുകാർ ചെറുപ്പംമുതലേ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് കേഡൽ പൊലീസിനോട് പറഞ്ഞത്. സഹപാഠികളോടും നാട്ടുകാരോടും തനിക്ക്മാനസികരോഗമാണെന്ന് പറയാറുണ്ടെന്നും കേഡൽ പറഞ്ഞു. പഠനത്തിൽ പിന്നോക്കമായതിന് നിരന്തരം കുറ്റപ്പെടുത്തി. ഓസ്ട്രേലിയയിൽ പഠിക്കാൻ പോയ സമയം അവിടത്തെ ബന്ധുക്കളോടും തന്നെപ്പറ്റി മാതാപിതാക്കൾ മോശമായി സംസാരിച്ചു. അച്ഛന്റെ മദ്യപാനം തനിക്ക് നാണക്കേടുണ്ടാക്കി. ഇതേക്കുറിച്ച് പറഞ്ഞപ്പോൾ അമ്മ അവഗണിക്കുകയായിരുന്നു. ഇവർ സഹോദരിയോട് കൂടുതൽ സ്നേഹം കാണിച്ചിരുന്നുവെന്നും കേഡൽ പൊലീസിനോട് പറഞ്ഞിരുന്നു.









0 comments