യാനങ്ങളിൽ നഭ്മിത്ര സൗജന്യമായി സ്ഥാപിക്കും


ഫെബിൻ ജോഷി
Published on Nov 23, 2025, 04:49 PM | 1 min read
ആലപ്പുഴ: കടലിൽ കാണാതാകുന്ന സംഭവങ്ങളിൽ അപകടത്തിൽപ്പെട്ട യാനത്തിന്റെ സ്ഥാനം കണ്ടെത്തി കരയിൽ വിവരം അറിയിക്കാനാവുന്ന ട്രാൻസ്പോണ്ടർ സംവിധാനം സംസ്ഥാനത്തെ 12,991 ഓളം മത്സ്യബന്ധന യാനങ്ങളിൽ സൗജന്യമായി സ്ഥാപിക്കും. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ 3,563 യന്ത്രവൽകൃതയാനങ്ങളിലും 9,428 പരമ്പരാഗത യാനങ്ങളിലും ട്രാൻസ്‌പോണ്ടർ സംവിധാനം സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം–233, കൊല്ലം–652, എറണാകുളം–494, കോഴിക്കോട്–426 എന്നിങ്ങനെ 1805 യാനങ്ങളിൽ സംവിധാനം സ്ഥാപിച്ചുകഴിഞ്ഞു. ഉള്‍ക്കടലിലുള്ള യാനങ്ങളിലെ തൊഴിലാളികള്‍ക്ക് കരയിലേക്കും തിരിച്ചും ലഘുസന്ദേശങ്ങളിലൂടെ ആശയവിനിമയം സാധ്യമാക്കുന്ന സാറ്റലൈറ്റ് അധിഷ്ഠിത ആശയവിനിമയ സംവിധാനമാണ് ‘നഭ്മിത്ര’ ട്രാന്‍സ്പോണ്ടര്‍. ട്രാൻസ്പോണ്ടറുകൾ ഘടിപ്പിച്ച വള്ളം കടലിന്റെ ഏതു ദിക്കിലായാലും അനായാസേന കണ്ടെത്താം.
ജി- സാറ്റ്–6 നെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണം ഐഎസ്ആർഒ ആണ് വികസിപ്പിച്ചത്. ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ നിയന്ത്രണത്തിൽ ആരംഭിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡാണ് നിർവഹണ ഏജൻസി. പരമ്പരാഗത വള്ളങ്ങൾക്ക് ബാറ്ററിയും വിതരണംചെയ്യുന്നുണ്ട്. പ്രധാന മന്ത്രി മത്സ്യ സമ്പദ യോജന പദ്ധതിയിൽ 60:40 എന്ന അനുപാതത്തിൽ കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും ചെലവഴിച്ച് 100 ശതമാനം സബ്‌സിഡിയോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
അക്ഷരാഭ്യാസം കുറവുള്ളവർക്കു പോലും മനസ്സിലാകുന്ന തരത്തിലാണ് സംവിധാനത്തിന്റെ പ്രവർത്തനം. മത്സ്യബന്ധന യാനങ്ങളിൽ കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് നഭ്‌മിത്ര അപ്ലിക്കേഷൻ ബ്ലൂടൂത്ത് വഴി മൊബൈലുമായി ബന്ധിപ്പിച്ച് നൽകും. കാലാവസ്ഥാ, ചുഴലിക്കാറ്റ് മുന്നറിയിപ്പുകള്‍ അലാറമായും പ്രാദേശിക ഭാഷയില്‍ ടെക്സ്റ്റ് മെസ്സേജ് ആയും ഉള്‍ക്കടലിലെ യാനങ്ങളില്‍ ലഭിക്കും. ബോട്ടുകള്‍ മുങ്ങുക, തീപ്പിടിത്തം തുടങ്ങിയ സാഹചര്യങ്ങളില്‍ നഭ്മിത്ര കണ്‍ട്രോള്‍ സെന്ററില്‍ ലൊക്കേഷന്‍ അടക്കമുള്ള വിവരം ലഭിക്കുകയും കണ്‍ട്രോള്‍ സെന്ററില്‍ നിന്നുള്ള മറുപടി തൊഴിലാളികള്‍ക്ക് ലഭിക്കുകയും ചെയ്യും.
കപ്പല്‍ച്ചാലുകള്‍, രാജ്യാന്തര സമുദ്ര അതിര്‍ത്തി എന്നിവ സംബന്ധിച്ച മുന്നറിയിപ്പുകളും ലഭ്യമാക്കും. മത്സ്യലഭ്യതയുള്ള ഭാഗങ്ങളും അറിയാന്‍ സാധിക്കും. ഇവ ഉപയോഗിക്കുന്നതിനുള്ള പരിശീലനവും ഫിഷറീസ് വകുപ്പ് നൽകുന്നുണ്ട്. സംവിധാനം സ്ഥാപിക്കുന്നതിന് യാന ഉടമയുടെ ആധാർ കാർഡും പുതുക്കിയ ലൈസൻസ് സർട്ടിഫിക്കറ്റുമായി ഫിഷറീസ് വകുപ്പിൽ ബന്ധപ്പെടാം.








0 comments