കരാറിനെക്കുറിച്ച് കെപിസിസി വ്യക്തമാക്കണം; എം എൻ വിജയൻ ലക്ഷങ്ങളുടെ കടക്കാരനായത് കോൺഗ്രസിനുവേണ്ടി: എം വി ജയരാജൻ

എം വി ജയരാജൻ
ബത്തേരി: കോൺഗ്രസ് നേതൃത്വം കടക്കെണിയിലാക്കിയതിനാൽ ആത്മഹത്യചെയ്ത ഡിസിസി മുൻ ട്രഷറർ എൻ എം വിജയന്റെ കുടുംബവുമായി ഉണ്ടാക്കിയ കരാറിനെക്കുറിച്ച് കെപിസിസി നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ പറഞ്ഞു. കുടുംബവുമായി കരാറുണ്ടാക്കിയെന്ന് കെപിസിസി മുൻ വർക്കിങ് പ്രസിഡന്റ് ടി സിദ്ധീഖ് എംഎൽഎ പറയുമ്പോൾൾ കരാറില്ലെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വാദം. കരാറുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷനും സ്ഥിരീകരിച്ചതോടെ യാഥാർഥ്യം വെളിപ്പെടുത്തേണ്ടത് നേതൃത്വത്തിന്റെ ബാധ്യതയാണെന്നും എം വി ജയരാജൻ പറഞ്ഞു. കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കാമെന്ന വാഗ്ദാനത്തിൽനിന്ന് നേതാക്കൾ പിന്മാറിയതിനെ തുടർന്നുള്ള മനോവിഷമത്തിൽ ആത്മഹത്യ ശ്രമം നടത്തിയ എൻ എം വിജയന്റെ മരുമകൾ പത്മജയെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻ എം വിജയന്റെ കുടുംബത്തെ കോൺഗ്രസ് സഹായിച്ചില്ലെങ്കിൽ, ആ കുടുംബം ആവശ്യപ്പെടുകയാണെങ്കിൽ സിപിഐ എം സഹായിക്കും. കോൺഗ്രസിന് വേണ്ടിയാണ് എൻ എം വിജയൻ സ്വന്തം വീടുൾപ്പെടെ പണയപ്പെടുത്തി ലക്ഷങ്ങളുടെ കടക്കാരനായത്. ബാങ്ക് നിയമനങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികളിൽ നിന്നും കോഴയായി ലക്ഷങ്ങൾ ഡിസിസി ട്രഷറർ കൂടിയായ എൻ എം വിജയൻ വാങ്ങിയത് മറ്റ് നേതാക്കളുടെ നിർദേശ പ്രകാരമാണ്. പണം വാങ്ങിയിട്ടും ജോലി കൊടുക്കാനാകാതെ വന്നപ്പോഴാണ് വിജയനെക്കൊണ്ട് ബാങ്കുകളിൽ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്ത് കോഴപ്പണം തിരിച്ച് കൊടുപ്പിക്കാൻ നിർദേശിച്ചത്. കോഴയായി വാങ്ങിയ പണത്തിന്റെ ഭൂരിഭാഗവും നേതാക്കളിൽ ചിലർ വിജയനിൽ നിന്നും കൈക്കലാക്കിയിരുന്നു.
സാമ്പത്തിക ബാധ്യതകൾ തീർക്കാനാകാതെ വന്നപ്പോഴാണ് ഇളയമകനൊപ്പം വിജയനും ജീവനൊടുക്കിയത്. നിലവിൽ കടബാധ്യതകൾ മുഴുവൻ തീർക്കേണ്ടത് മൂത്ത മകൻ വിജേഷിന്റെ കുടുംബത്തിന്റെ മാത്രം ഉത്തരവാദിത്തമായി. ഭാരിച്ച കടബാധ്യതയിൽ നിന്നും കരകയറാനാവാതെ വന്നതോടെയാണ് പത്മജ വീട്ടിൽവച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ചതിയുടെയും വഞ്ചനയുടെയും പര്യായമായി കോൺഗ്രസ് നേതൃത്വം മാറിയതോടെയാണ് ജില്ലയിൽ അഞ്ച് പ്രധാന നേതാക്കളുടെ ആത്മഹത്യക്കും പത്മജയുടെ ആത്മഹത്യ ശ്രമത്തിനും ഇടയാക്കിയതെന്നും എം വി ജയരാജൻ പറഞ്ഞു.









0 comments