കോൺഗ്രസ്‌ അടച്ചത്‌ നേതാക്കൾ തട്ടിയപണം; ഒരുബാധ്യത തീർത്തു തടിതപ്പാൻ ശ്രമം

N M VIJAYAN
avatar
സ്വന്തം ലേഖകൻ

Published on Sep 25, 2025, 07:56 AM | 2 min read

കൽപ്പറ്റ: വയനാട്ടിൽ ആത്മഹത്യചെയ്‌ത ഡിസിസി ട്രഷറർ എൻ എം വിജയന്റെ ബാധ്യത തീർക്കാനെന്ന പേരിൽ കെപിസിസി അടച്ചത്‌ നേതാക്കൾ തട്ടിയപണം. ഇ‍ൗ ബാധ്യത ചുമലിലായതോടെയാണ്‌ മകനോടൊപ്പം വിജയൻ ആത്മഹത്യചെയ്‌തത്‌. ഇക്കാര്യങ്ങൾ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമായി പറഞ്ഞിരുന്നു.


‘ബാങ്ക്‌ നിയമനങ്ങൾക്ക്‌ വാങ്ങിയ പണം നേതാക്കൾ പങ്കിട്ടെടുത്തു. ഐ സി ബാലകൃഷ്‌ണൻ എംഎൽഎയുടെ നിർദേശപ്രകാരമാണ്‌ പണം വാങ്ങിയത്‌. കടത്തിൽ കുരുങ്ങിയപ്പോൾ ആരും തിരിഞ്ഞുനോക്കിയില്ല. മരണത്തിന്‌ ഉത്തരവാദികൾ നേതാക്കളാണ്‌. അവർ വാങ്ങിയ കോഴയ്‌ക്ക്‌ തന്റെ സ്ഥലവും ചെക്കും ഇ‍ൗടായി നൽകേണ്ടിവന്നു. ബത്തേരി സഹകരണ ബാങ്കിന്റെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ കൺവീനറായിരുന്നപ്പോൾ പാർടി തലയിൽ കെട്ടിയേൽപ്പിച്ച്‌ പിൻമാറിയ 32 ലക്ഷത്തിന്റെ ബാധ്യത തീർക്കാൻ ബത്തേരി അർബൻ ബാങ്കിൽനിന്നെടുത്ത വായ്‌പ 65 ലക്ഷത്തിലധികമായി. താമസിക്കുന്ന വീടും പത്ത്‌ സെന്റും ഇടായി നൽകിയാണ്‌ വായ്‌പ എടുത്തത്‌. ഇത്‌ ജപ്‌തി ഭീഷണിയിലാണ്‌. ജപ്‌തി ചെയ്‌താൽ കുടുംബം റോഡിലേക്ക്‌ ഇറങ്ങേണ്ടിവരും’ ഇങ്ങനെ നീളുന്നതായിരുന്നു ആത്മഹത്യാക്കുറിപ്പ്‌.


ബത്തേരി അർബൻ ബാങ്കിലെ നിയമനത്തിന്‌ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കൾക്ക്‌ ഉദ്യോഗാർഥികളിൽനിന്ന്‌ വാങ്ങി നൽകിയ പണം, നിയമനം നൽകാത്തതിനാൽ തിരികെ കിട്ടാൻ ഇടപെടണമെന്ന്‌ ആവശ്യപ്പെട്ട്‌ കെപിസിസി പ്രസിഡന്റിന്‌ 2021ൽ വിജയൻ അയച്ച കത്തും പുറത്തുവന്നിരുന്നു.


ആത്മഹത്യാ പ്രേരണക്കേസിൽ മുൻ ഡിസിസി പ്രസിഡന്റ്‌ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ, ഇപ്പോഴത്തെ ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചൻ, മുൻ കോൺഗ്രസ്‌ നേതാവ്‌ കെ കെ ഗോപിനാഥൻ എന്നിവർ പ്രതികളായി. മൂന്നുപേരും അറസ്‌റ്റിലായി. അന്വേഷണം അവസാനഘട്ടത്തിലാണ്‌. കുറ്റപത്രം സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ അന്വേഷക സംഘം. 2021ൽ കെപിസിസിക്ക്‌ അയച്ച കത്ത്‌ നേതൃത്വം പരിഗണിച്ചിരുന്നെങ്കിൽ വിജയനും മകനും ജീവനൊടുക്കേണ്ടി വരുമായിരുന്നില്ല.

..

ഒരുബാധ്യത തീർത്തു തടിതപ്പാൻ കോൺഗ്രസ്‌ ശ്രമം


കൽപ്പറ്റ: കോൺഗ്രസ്‌ നേതാക്കളുടെ നിയമനക്കോഴയിൽ കുരുങ്ങി ജീവനൊടുക്കിയ വയനാട്‌ ഡിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബത്തിന്റെ ബാധ്യത ഭാഗികമായി തീർത്ത്‌ കോൺഗ്രസ്‌. വിജയന്റെ മകൻ വിജേഷും മരുമകൾ പത്മജയും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിനുപിന്നാലെയാണ്‌ ബത്തേരി അർബൻ ബാങ്കിൽ വീടും സ്ഥലവും പണയപ്പെടുത്തി വിജയനെടുത്ത കടം കെപിസിസി വീട്ടിയത്‌.


കുടുംബവുമായി ഉണ്ടാക്കിയ കരാർ പാലിച്ചില്ലെങ്കിൽ ഗാന്ധിജയന്തി ദിനമായ ഒക്‌ടോബർ രണ്ടുമുതൽ വയനാട്‌ ഡിസിസി ഓഫീസിന്‌ മുന്നിൽ നിരാഹാരമിരിക്കുമെന്ന്‌ കുടുംബം പ്രഖ്യാപിച്ചിരുന്നു.


കോൺഗ്രസ്‌ വഞ്ചന അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കുടുംബം മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകിയിരുന്നു. കരാർ വ്യവസ്ഥ പാലിക്കാത്തവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു. പരാതി അന്വേഷിക്കുമെന്ന്‌ മുഖ്യമന്ത്രി ഉറപ്പുനൽകി. ഇതിന്‌ പിന്നാലെയാണ്‌ അർബൻ ബാങ്കിലെ കടം വീട്ടി തടിതപ്പാനുള്ള ശ്രമം.


ജൂൺ 30നകം കരാർ പാലിക്കുമെന്നായിരുന്നു കെപിസിസിയുടെ ഉറപ്പ്‌. സെപ്‌തംബറായിട്ടും പാലിക്കാതെ വന്നതോടെ പത്മജ 13ന്‌ കൈഞരമ്പ്‌ മുറിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിച്ചു. കുടുംബത്തിന്റെ ബാധ്യത കോൺഗ്രസ്‌ ഏറ്റെടുക്കുന്നില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി കടം വീട്ടുമെന്ന സിപിഐ എം നിലപാടും കോൺഗ്രസിനെ കുരുക്കിലാക്കി. പരാതിയിൽ സർക്കാർ നടപടി ഉണ്ടാകുമെന്ന്‌ വന്നതോടെയാണ്‌ ബാധ്യത ഭാഗികമായി തീർത്തത്‌.


രണ്ടരക്കോടിയോളം രൂപയുടെ ബാധ്യതയാണ്‌ കുടുംബത്തിനുള്ളത്‌. ഇതിൽ 59,23,000 രൂപ അടച്ചെന്നാണ്‌ ബാങ്ക്‌ പ്രസിഡന്റ്‌ വ്യക്തമാക്കിയത്‌. കുടുംബത്തിന്‌ കോൺഗ്രസ്‌ നേതൃത്വം വഴിയുണ്ടായ ഒരുബാധ്യത മാത്രമാണിത്‌. നിയമനക്കോഴയിൽ കുരുങ്ങി വിജയനും മകൻ ജിജേഷും ജീവനൊടുക്കിയപ്പോൾ കുടുംബത്തിന്റെ മുഴുവൻ ബാധ്യതയും ഏറ്റെടുക്കുമെന്നാണ്‌ കെപിസിസി ഉപസമിതി പറഞ്ഞത്‌. പിന്നീട്‌ കുടുംബത്തെ സമ്മർദത്തിലാഴ്‌ത്തി തുക കുറപ്പിച്ച്‌ കരാറുണ്ടാക്കി. കരാർ രേഖ പിന്നീട്‌ ടി സിദ്ദിഖ്‌ എംഎൽഎ മുക്കിയെന്നും പത്മജ പരാതിപ്പെട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home