വാൻഹായ് കപ്പൽ വിഡിആർ ; പ്രാഥമിക പരിശോധന പൂർത്തിയായി

കൊച്ചി
പുറംകടലിൽ തീപിടിച്ച ‘വാൻഹായ് 503’ കപ്പലിലെ വോയേജ് ഡാറ്റാ റെക്കോഡറിന്റെ (വിഡിആർ) പ്രാഥമിക പരിശോധന പൂർത്തിയായി. തീപിടിച്ചതുമുതൽ ജീവനക്കാർ രക്ഷപ്പെട്ടതുവരെയുള്ള വിവരങ്ങൾ ലഭിച്ചു. ജീവനക്കാർ തീപിടിത്തം ക്യാപ്‌റ്റന് അറിയിച്ചത്, ക്യാപ്‌റ്റന്റെ നിർദേശങ്ങൾ, ആദ്യഘട്ട രക്ഷാപ്രവർത്തനങ്ങൾ ഉൾപ്പെടെ ഇതിലുണ്ട്. വിഡിആർ വിശദമായി പരിശോധിച്ച് തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനാണ് നീക്കം. ജീവനക്കാരുടെ മൊഴിയും വിലയിരുത്തും.
തീ പൂർണമായി അണച്ചശേഷം കപ്പൽ പരിശോധിച്ചേക്കും. ടി ആൻഡ് ടി സാൽവേജ് അധികൃതർ, കപ്പൽ ക്യാപ്റ്റൻ, കപ്പൽ കമ്പനി പ്രതിനിധികൾ എന്നിവരടങ്ങുന്ന സംഘമാണ് വിഡിആർ പ്രാഥമികമായി പരിശോധിച്ചത്. ലഭ്യമായ വിവരങ്ങൾ ഡയറക്ടറേറ്റ് ഓഫ് ജനറൽ ഷിപ്പിങ്ങിന് കൈമാറി.
ഓഫ് ഷോർ വാരിയർ കപ്പലിനെ ഇന്ത്യൻ തീരത്തുനിന്ന് നീക്കുന്നത് തുടരുകയാണ്. വ്യാഴം ഉച്ചയോടെ കപ്പലിൽനിന്ന് തീ ഉയർന്നു. വൈകാതെ അണച്ചെങ്കിലും പുക ഉയരുന്നുണ്ട്. ഡിജി ഷിപ്പിങ് നിർദേശപ്രകാരം കപ്പലിലെ ഇന്ധനം നീക്കാൻ കർമപദ്ധതി തയ്യാറാക്കിത്തുടങ്ങി. കടലിൽ മുങ്ങിയ എംഎസ്‌സി എൽസ കപ്പലിൽനിന്ന് ഇന്ധനനീക്കം ആരംഭിക്കാനായിട്ടില്ല. മോശം കാലാവസ്ഥയാണ് കാരണം. കപ്പലപകടം സമുദ്രത്തിലും തീരത്തമുണ്ടാക്കിയ നാശനഷ്ടങ്ങൾ സംബന്ധിച്ച് നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയെ നിയോഗിച്ച് പഠനത്തിനുള്ള സാധ്യതകളും പരിശോധിക്കുന്നു.








0 comments