വാൻഹായ്‌ കപ്പൽ കത്തിയ സംഭവം: കമ്പനിക്കും ക്യാപ്‌റ്റനും ജീവനക്കാർക്കും എതിരെ കേസ്‌

shipwreck
avatar
സ്വന്തം ലേഖകൻ

Published on Jun 17, 2025, 07:55 PM | 1 min read

കൊച്ചി: പുറംകടലിൽ തീപിടിച്ച വാൻഹായ്‌ 503 ചരക്കുകപ്പൽ കമ്പനിക്കും ക്യാപ്‌റ്റനും ജീവനക്കാർക്കും എതിരെ കോസ്‌റ്റൽ പൊലീസ്‌ കേസെടുത്തു. ഒഞ്ചിയം സ്വദേശിയും മത്സ്യതൊഴിലാളി യൂണിയൻ (സിഐടിയു) സംസ്ഥാന കമ്മിറ്റിയംഗവുമായ വി പി സുനീഷിന്റെ പരാതിയിലാണ്‌ ഫോർട്‌കൊച്ചി കോസ്‌റ്റൽ പൊലീസ്‌ കേസെടുത്തത്‌.


തീപിടിക്കാൻ സാധ്യതയുള്ള ചരക്കുകളും സ്‌ഫോടക, രാസവസ്‌തുക്കളും ഉണ്ടെന്നറിഞ്ഞിട്ടും കപ്പൽ അപകടകരമായി കൈകാര്യം ചെയ്‌തതായി പരാതിയിലുണ്ട്‌. ഇത്‌ കപ്പൽ തീപിടിക്കാൻ ഇടയാക്കി. കടലിലേക്ക്‌ ചോർന്ന ഇന്ധനവും എണ്ണകളും സമുദ്രത്തിൽ വീണ കണ്ടെയ്‌നറുകളും മത്സ്യതൊഴിലാളികളെയും ആവാസവ്യസ്ഥയേയും പ്രതികൂലമായി ബാധിച്ചു. കണ്ടെയ്‌നറുകൾ മത്സ്യബന്ധനത്തിനും യാനങ്ങളുടെ സഞ്ചാരത്തിനും തടസ്സം സൃഷ്ടിച്ചതായും പരാതിയിൽ പറയുന്നു.


മനുഷ്യജീവനോ ജീവജാലങ്ങൾക്കോ ഹാനികരമാകുംവിധം കപ്പൽ ഓടിക്കൽ (ബിഎൻഎസ്‌ 282), കപ്പൽച്ചാലിൽ അപകടം സൃഷ്ടിക്കൽ (ബിഎൻഎസ്‌ 285), വിഷ പദാർഥങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്യൽ (ബിഎൻഎസ്‌ 286), തീപിടിക്കുന്ന വസ്‌തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്യൽ (ബിഎൻഎസ്‌ 287), സ്‌ഫോടകവസ്‌തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്യൽ (ബിഎൻഎസ്‌ 288), സംഘം ചേർന്നുള്ള ക്രിമിനൽ പ്രവൃത്തി (ബിഎൻഎസ്‌ 3(5)) വകുപ്പുകൾ പ്രകാരമാണ്‌ കേസെടുത്തിരിക്കുന്നത്‌.


ഒമ്പതിനായിരുന്നു കേസിനാസ്‌ദപമായ സംഭവം. കൊളംബോയിൽ നിന്ന്‌ മുംബൈ തീരത്തേക്ക്‌ ചരക്കുമായി വന്ന വാൻഹായ്‌ കപ്പൽ ബേപ്പൂരിന്‌ 78 നോട്ടിക്കൽ മൈൽ അകലെവച്ച്‌ തീപിടിക്കുകയായിരുന്നു. കപ്പലിലെ 18 ജീവനക്കാരെ രക്ഷപ്പെടുത്തിയിരുന്നു. നാല്‌ പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്‌. സിംഗപ്പൂരിൽ രജിസ്‌റ്റർ ചെയ്‌ത കപ്പലിന്റെ ഉടമകൾ തായ്‌വാനിലെ വാൻഹായ്‌ ലൈൻസാണ്‌. കോസ്‌റ്റൽ പൊലീസ്‌ സുനീഷിന്റെ മൊഴിയെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home