"വാൻഹായ്‌’ ഉടൻ മാറ്റണം; 
അന്ത്യശാസനവുമായി ഷിപ്പിങ്‌ മന്ത്രാലയം

Mv Wan Hai 503 Salvage Operations
വെബ് ഡെസ്ക്

Published on Jul 12, 2025, 12:01 AM | 1 min read


കൊച്ചി

പുറംകടലിൽ തീപിടിച്ച വാൻഹായ്‌ 503 ചരക്കുകപ്പൽ ഉടൻ മാറ്റണമെന്ന്‌ കപ്പൽ കമ്പനിക്ക്‌ അന്ത്യശാസനം നൽകി ഡയറക്ടറേറ്റ്‌ ജനറൽ ഓഫ്‌ ഷിപ്പിങ്‌. ഏത്‌ തുറമുഖത്തേയ്ക്ക്‌ മാറ്റണമെന്നതിൽ രണ്ടുദിവസത്തിനകം തീരുമാനമെടുക്കണം. ശ്രീലങ്കയ്‌ക്ക്‌ തെക്കായി 200 നോട്ടിക്കൽ മൈൽ അകലേയ്‌ക്ക്‌ മാറ്റാനാണ്‌ ഡിജി ഷിപ്പിങ്ങിന്റെ നിർദേശം. നിലവിൽ കപ്പൽ ഇന്ത്യയ്‌ക്കും ശ്രീലങ്കയ്‌ക്കും മാലദ്വീപിനുമിടയിലാണുള്ളത്‌. ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്തേയ്‌ക്ക്‌ മാറ്റുന്നതിനുള്ള രേഖകൾ കപ്പൽ ഉടമകളായ വാൻഹായ്‌ ലൈൻസും സാൽവേജ്‌ കമ്പനി ടി ആൻഡ്‌ ടിയും കൈമാറിയിരുന്നു. കപ്പൽ ഉടമകളും സാൽവേജ്‌ കമ്പനിയും തുറമുഖ അധികൃതരുമായി നിരന്തര ചർച്ചകൾ നടന്നെങ്കിലും കപ്പൽ മാറ്റുന്നതിൽ തീരുമാനമായില്ല. തീയണയാത്തതിനാൽ മറ്റേതെങ്കിലും തുറമുഖത്തേയ്‌ക്ക്‌ മാറ്റുന്നതിലും അനിശ്‌ചിതത്വമാണ്‌.


എൻജിൻമുറിക്കുള്ളിലെ വെള്ളം വറ്റിക്കുന്ന പ്രവർത്തനങ്ങൾ ഏറെക്കുറെ വിജയം കണ്ടതായി ഡിജി ഷിപ്പിങ്‌ അറിയിച്ചു. നിലവിൽ ഒരടിയോളം വെള്ളം മാത്രമാണുള്ളത്‌. നാല്‌, അഞ്ച്‌ അറകളുടെ താപനില കുറയ്‌ക്കാൻ സാധിച്ചു. അതേസമയം മൂന്നാമത്തെ അറയ്‌ക്ക്‌ സമീപത്തുള്ള ചോർച്ചമൂലമാണ്‌ എൻജിൻ മുറിയിൽ വെള്ളം കയറുന്നതെന്ന്‌ സംശയമുണ്ട്‌. ചോർച്ച കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും ഡിജി ഷിപ്പിങ്‌ അറിയിച്ചു.


അതേസമയം കടലിൽ മുങ്ങിയ എംഎസ്‌സി എൽസ–-3 കപ്പലിലെ കണ്ടെയ്‌നറുകളിൽനിന്ന്‌ പുറത്തുവന്ന പ്ലാസ്റ്റിക് മാലിന്യം നീക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്‌. ഇതുവരെ 450 ടൺ പ്ലാസ്റ്റിക് തരികളാണ്‌ നീക്കിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home