ചുട്ടുപഴുത്ത്‌ കപ്പൽ
 ; ഊർജിത
ശ്രമവുമായി സേനകൾ

Mv Wan Hai 503 fire
വെബ് ഡെസ്ക്

Published on Jun 11, 2025, 12:00 AM | 4 min read

കൊച്ചി

വാൻഹായ്‌ 503 ചരക്കുകപ്പലിലെ തീയണയ്‌ക്കൽ വെല്ലുവിളിയായി തുടരുന്നു. രണ്ടുദിവസമായി കത്തിക്കൊണ്ടിരിക്കുന്ന കപ്പൽ ചുട്ടുപഴുത്ത നിലയിലാണ്‌. രക്ഷാദൗത്യത്തിന്‌ തീരസംരക്ഷണസേനയും നാവികസേനയും നേതൃത്വം നൽകുന്നു. തീരസംരക്ഷണസേനയുടെ കപ്പലുകളുടെ സഹായത്തോടെ ഹൈപ്രഷർ വാട്ടർജെറ്റ് ഉപയോഗിച്ച് തീ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്ന് കമാൻഡർ അതുൽപിള്ള പറഞ്ഞു.


തീയണയ്‌ക്കാൻ പ്രധാനമായും മൂന്നു മാർഗമാണുള്ളത്‌. ഒന്ന്‌ സ്ഥലത്തെ ഓക്‌സിജൻ ഇല്ലാതാക്കുക എന്നതാണ്‌. രണ്ടാമത്‌, തീ കത്തുന്ന വസ്‌തുക്കൾ അവിടെനിന്ന്‌ മാറ്റണം. ഇതു രണ്ടും അസാധ്യമാണ്‌. വലിപ്പമേറിയ കണ്ടെയ്‌നറുകൾ ഇപ്പോൾ മാറ്റാനാകില്ല. തീയും ചൂടും പടരാതിരിക്കാൻ കപ്പൽ തണുപ്പിക്കുക എന്നതാണ്‌ മറ്റൊരു മാർഗം. ഇതാണ്‌ തീരസംരക്ഷണസേനയുടെ സഹായത്തോടെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

കപ്പലിൽ ജീവനക്കാരില്ലാത്തതും തീകത്താൻ സഹായിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനാകാത്തതുമാണ്‌ പ്രധാന വെല്ലുവിളികൾ. ഉയരുന്ന കറുത്ത പുകയും രക്ഷാപ്രവർത്തനത്തിന്‌ തടസ്സമാണ്‌.


കപ്പൽ നിലവിൽ 15 ഡിഗ്രിവരെ ചരിഞ്ഞിട്ടുണ്ട്‌. കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്ക് വീണതായി സംശയിക്കുന്നു. സാധാരണനിലയിൽ 25–-30 ഡിഗ്രിവരെ ചരിഞ്ഞാലും പ്രശ്‌നങ്ങളില്ല. എന്നാൽ ചരക്കുകപ്പൽ 20 ഡിഗ്രി ചരിഞ്ഞാൽ കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിക്കാൻ സാധ്യതയുണ്ടെന്നും വിദഗ്‌ധർ പറഞ്ഞു. തീരസംരക്ഷണസേനയുടെ സചേത്, സമുദ്ര പ്രഹരി കപ്പലുകൾ രാത്രി മുഴുവൻ തീ അണയ്‌ക്കാൻ ശ്രമം നടത്തി. തീരസംരക്ഷണസേനയുടെ സമർഥ് എന്ന കപ്പലും നാവികസേനയുടെ സത്‍ലജും സ്ഥലത്തുണ്ട്.


ആദ്യലക്ഷ്യം 
തീയണയ്‌ക്കൽ

ചരക്കുകപ്പലിലെ തീ പൂർണമായി നിയന്ത്രണ വിധേയമാക്കുന്നതിനും കാണാതായ നാലുപേരെ കണ്ടെത്തുന്നതിനുമാണ്‌ പ്രഥമ പരിഗണനയെന്ന്‌ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്‌ പ്രതിനിധികൾ വ്യക്തമാക്കി. തീയണയ്‌ക്കൽ ശ്രമകരമാണ്‌. തീയുടെ വ്യാപനവും ചിതറിക്കിടക്കുന്ന കണ്ടെയ്‌നറുകളും പ്രയാസം സൃഷ്ടിക്കുന്നു. നാവികസേനയും തീരസംരക്ഷണസേനയും ഊർജിതമായി രംഗത്തുണ്ട്‌. കണ്ടെയ്‌നർ നീക്കലിനൊപ്പം മലിനീകരണ നിയന്ത്രണ നടപടികളും ഉടൻ തുടങ്ങും.


ഡിജി ഷിപ്പിങ്‌ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന ഉന്നതതലയോഗത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, കേരള മാരിടൈം ബോർഡ്‌, നാവികസേന, തീരസംരക്ഷണസേന എന്നിവയ്‌ക്കൊപ്പം തമിഴ്‌നാട്‌ സർക്കാർ പ്രതിനിധികളും പങ്കെടുത്തു. നിലവിലെ സ്ഥിതിഗതികൾ യോഗം വിലയിരുത്തി. കപ്പൽ വീണ്ടെടുക്കൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക്‌ സാഹചര്യങ്ങൾ വിലയിരുത്തിയശേഷം നീങ്ങും. ഇതിനായി കപ്പൽ ഉടമകൾ, അവരുടെ സംഘടനകൾ എന്നിവരെക്കൂടി പങ്കെടുപ്പിച്ച്‌ അടുത്തദിവസം യോഗം ചേരും. സംസ്ഥാന സർക്കാരിന്റെ എല്ലാ പിന്തുണയും ദൗത്യത്തിനുണ്ടാകുമെന്ന്‌ കേരളത്തിന്റെ പ്രതിനിധികൾ അറിയിച്ചു.


MV wan hai 503 fire incident


രക്ഷാദൗത്യം 
അതീവദുഷ്‌കരം

രക്ഷാദൗത്യം അതീവദുഷ്‌കരമെന്ന്‌ ഡിജി ഷിപ്പിങ്‌ പ്രതിനിധികൾ അറിയിച്ചതായി കേരള മാരിടൈം ബോർഡ്‌ ചെയർമാൻ എൻ എസ്‌ പിള്ള. കടലിലെ അപകടം പ്രതിരോധിക്കേണ്ടതും അത്‌ സംഭവിച്ചാൽ നടപടികൾ സ്വീകരിക്കേണ്ടതും കേന്ദ്ര ഷിപ്പിങ് മന്ത്രാലയവും ബന്ധപ്പെട്ട കപ്പൽ കമ്പനിയും ചേർന്നാണ്‌. നിലവിൽ കേന്ദ്ര ഏജൻസികൾ ദൗത്യം നിർവഹിക്കുന്നു. ആവശ്യമായ പിന്തുണയും സഹകരണവും നൽകുകയാണ്‌ സംസ്ഥാന സർക്കാർ ചുമതല. അത്‌ കേരളം നല്ലരീതിയിൽ ചെയ്യുന്നു–- അദ്ദേഹം പറഞ്ഞു.


കണ്ടെയ്‌നറുകൾ തീരമണഞ്ഞേക്കില്ല

തീപിടിച്ച കപ്പലിൽനിന്ന്‌ കടലിൽ പതിച്ച കണ്ടെയ്നറുകൾ തീരത്തേക്ക്‌ ഒഴുകിയെത്തില്ലെന്ന നിഗമനത്തിൽ തുറമുഖ അധികൃതർ. വെള്ളത്തിൽ വീണവ കടലിനടിയിലേക്ക്‌ താഴാനാണ്‌ സാധ്യതയെന്നാണ്‌ കണക്കുകൂട്ടൽ. ഇവ കടലിൽ താഴാതെ ഒഴുകുകയാണെങ്കിൽ തെക്കുകിഴക്ക് ഭാഗത്തേക്ക് നീങ്ങുമെന്നാണ്‌ കരുതുന്നത്‌. കോഴിക്കോട്, -കൊച്ചി തീരങ്ങളിൽ ജാഗ്രത പുലർത്തുന്നുണ്ട്‌. തീരത്ത് എത്താൻ കൂടുതൽ സമയമെടുക്കുമെന്ന്‌ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (ഇൻകോയിസ്) അധികൃതർ പറഞ്ഞു.


കനമുള്ള വസ്തുക്കൾ നിറച്ചതിനാൽ കടലിലേക്ക്‌ താഴാനാണ്‌ സാധ്യതയെന്ന്‌ ബേപ്പൂർ തുറമുഖ ഓഫീസർ ഹരി അച്യുതവാര്യർ പറഞ്ഞു. തീപിടിച്ച്‌ കണ്ടെയ്നറിന്‌ കേടുപറ്റിയാലും കടൽവെള്ളത്തിൽ ഒഴുകിനടക്കാനുള്ള സാധ്യതയില്ല. തീരത്തേക്ക്‌ വരികയാണെങ്കിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


കപ്പൽ അപകടം തുറമുഖങ്ങളെ ബാധിക്കില്ല

തീരത്തുണ്ടായ ചരക്കുകപ്പൽ അപകടങ്ങൾ സംസ്ഥാനത്തെ തുറമുഖങ്ങളെയോ അനുബന്ധ വ്യാപാരങ്ങളെയോ ബാധിക്കില്ലെന്ന്‌ ചരക്കുഗതാഗത രംഗത്തെ സ്‌റ്റീമർ ഏജന്റുമാർ. മുംബൈയിൽ നാലുതവണ ചരക്കുകപ്പലിന്‌ തീപിടിച്ചിട്ടുണ്ട്‌. ശ്രീലങ്കയിൽ കൊളംബോ പോർട്ടിനുസമീപവും കപ്പൽ കത്തിയമർന്നിരുന്നു. ഇപ്പോഴുണ്ടായ രണ്ട്‌ അപകടവും നമ്മുടെ കപ്പൽ ചാനലിലല്ല. കുറ്റകരമായ അശ്രദ്ധയാണ്‌ ‘വാൻഹായ്‌ 503’ കപ്പലിലെ തീപിടിത്തത്തിന്‌ കാരണമെന്നും കൊച്ചിൻ പോർട്ട്‌ യൂസേഴ്‌സ്‌ ഫോറം ചെയർമാനും കേരള സ്‌റ്റീമർ ഏജന്റ്‌സ്‌ അസോസിയേഷൻ (കെഎസ്‌എഎ) ഭാരവാഹിയുമായ പ്രകാശ്‌ അയ്യർ പറഞ്ഞു.


അപകടകരമായ ചരക്കുകളടങ്ങിയ കണ്ടെയ്‌നറുകൾ എല്ലാ കപ്പലിലുമുണ്ടാകും. ഇതിന്റെ സ്വഭാവമനുസരിച്ചാണ്‌ കണ്ടെയ്‌നറുകൾ അടുക്കുക. ഇവിടെ അത്തരം വിവരം ലഭിക്കാതിരിക്കുകയോ ലഭിച്ചിട്ടും അവഗണിക്കുകയോ ചെയ്‌തിരിക്കാനാണ്‌ സാധ്യത. സ്വകാര്യ ഗോഡൗണുകളിൽ കണ്ടെയ്‌നർ സ്‌റ്റഫ്‌ (കൃത്യതയോടെ അടുക്കുക) ചെയ്യുന്നതുകൊണ്ടുള്ള കുഴപ്പമായി പ്രചരിപ്പിക്കുന്നതും ശരിയല്ല. അക്രഡിറ്റഡ്‌ കമ്പനികൾക്കു മാത്രമാണ്‌ അതിന്‌ അനുവാദം. ഓരോ രാജ്യത്തെയും കസ്‌റ്റംസ്‌ വിഭാഗം പരിശോധിച്ചാണ്‌ സീൽ ചെയ്യുക–അദ്ദേഹം പറഞ്ഞു.


‘വാൻഹായ്‌ 503’ കപ്പലിൽ കൂടുതലായുള്ളത്‌ തീപിടിത്തസാധ്യതയുള്ള ക്ലാസ്‌ 3 വിഭാഗം ചരക്കാണെന്ന്‌ അസോസിയേഷൻ പ്രസിഡന്റ്‌ വർഗീസ്‌ കെ ജോർജ്‌ പറഞ്ഞു. ക്ലാസനുസരിച്ച്‌ തിരിച്ചാണ്‌ അപകടകരമായ ചരക്കുകൾ കപ്പലിൽ കയറ്റുന്നത്‌. ഭാരം അനുസരിച്ചാണ്‌ അടുക്കുക. തുറമുഖം, സാധനങ്ങൾ അയക്കുന്ന കമ്പനി, കപ്പലിലെ ജീവനക്കാർ തുടങ്ങിയവർ ചേർന്നാണ്‌ അതിന്റെ ക്രമം തീരുമാനിക്കുന്നത്‌– അദ്ദേഹം പറഞ്ഞു.


മലബാർ തീരത്ത്‌ ഭീഷണിയില്ലെന്ന്‌

അഴീക്കൽ തുറമുഖത്തുനിന്ന്‌ 44 നോട്ടിക്കൽ മൈൽ (81 കിലോമീറ്റർ) ഉൾക്കടലിൽ കത്തുന്ന കപ്പലിലുള്ള കണ്ടെയ്‌നറുകളിലെ വസ്‌തുക്കൾ മലബാർ മേഖലാ തീരത്ത്‌ എത്തില്ലെന്ന്‌ നിഗമനം. മെയ്‌, ജൂൺ മാസങ്ങളിൽ കടലിലെ ഒഴുക്ക്‌ തെക്കോട്ടായതിനാൽ കണ്ടെയ്‌നറുകളിലെ വസ്‌തുക്കളും തെക്കോട്ട്‌ നീങ്ങുമെന്നാണ്‌ വിദഗ്‌ധർ നൽകുന്ന സൂചന.

അതേസമയം, കാറ്റിന്റെ ഗതി മാറിയാൽ പഴയങ്ങാടി മുതൽ വടകരവരെ തീരത്ത്‌ 30 ശതമാനമെങ്കിലും ബാധിക്കാൻ സാധ്യതയുണ്ടെന്ന്‌ കരുതുന്നു.


കണ്ടെയ്‌നറുകളിൽ തീപിടിക്കുന്ന രാസവസ്‌തുക്കളും

അറബിക്കടലിൽ കത്തിയമരുന്ന കപ്പലിലെ 157 കണ്ടെയ്നറുകളിൽ തീപിടിക്കുന്ന രാസവസ്തുക്കളും കീടനാശിനികളും ഉൾപ്പെടുന്നതായി കസ്റ്റംസിന്‌ ലഭിച്ച കാർഗോ മാനിഫെസ്റ്റിൽ വിവരം. ഇതിൽ ഏറ്റവും അപകടകാരി ലിഥിയം ബാറ്ററികളാണെന്ന്‌ പെട്രോളിയം ആൻഡ്‌ എക്‌സ്‌പ്ലോസീവ്‌സ്‌ സേഫ്‌റ്റി ഓർഗനൈസേഷൻ (പെസൊ) മുൻ ജോയിന്റ്‌ ചീഫ്‌ കൺട്രോളർ ഓഫ്‌ എക്‌സ്‌പ്ലോസീവ്‌സ്‌ ഡോ. ആർ വേണുഗോപാൽ പറഞ്ഞു. 167 പെട്ടി ലിഥിയം ബാറ്ററികളാണ്‌ കണ്ടെയ്‌നറിലുള്ളത്‌. ഇതിന്റെ വയറിൽ സ്‌പാർക്ക്‌ വന്നാൽ വലിയ സ്‌ഫോടനമുണ്ടായേക്കാം. കണ്ടെയ്‌നറുകളിലുള്ള ഡൈ മീഥൈൽ സൾഫേറ്റ്‌, ബൈപൈറിഡിലിയം കീടനാശിനി, ഈഥൈൽ ക്ലോറോഫോർമേറ്റ്‌ എന്നിവ ശ്വാസകോശത്തെയും തലച്ചോറിനെയും ബാധിക്കുന്ന വിഷവാതകങ്ങളുണ്ടാക്കും. പാരാ ഫോർമാൾഡിഹൈഡ്‌, മെത്താക്രൈലിക്‌ ആസിഡ്‌ എന്നിവ പൊള്ളുന്ന വാതകങ്ങളുണ്ടാകാൻ കാരണമാകും. ട്രൈക്ലോറോ ബെൻസീനും നാഫ്‌ത്തലിനും വായുവിനെയും വെള്ളത്തെയും മലിനമാക്കും. നൈട്രോ സെല്ലുലോസ്‌ റെസിൻ, മീഥൈൽ മെത്താക്രൈലേറ്റ്‌ മോണോമർ എന്നിവ എളുപ്പം തീപിടിക്കും.


കണ്ടെയ്‌നറിലെ കീടനാശിനികളും മലൈക്‌ അൻഹൈഡ്രൈഡും ഫോസ്‌ഫോറിക്‌ ആസിഡും കടലിലെ ജീവജാലങ്ങളെയും അവയുടെ ആവാസവ്യവസ്ഥയെയും ദോഷകരമായി ബാധിക്കും. പരിസ്ഥിതിക്ക്‌ ദോഷകരമായ ബെൻസോഫിനോനും ട്രൈ ക്ലോറോ ബെൻസീനും പി–-ടെർട്ട്‌ ബ്യൂട്ടെയിൽ ഫിനോളും കോപ്പർ (1) അയഡോഡും വിവിധ കണ്ടെയ്‌നറുകളിലുണ്ട്‌. ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ മാർഗരേഖപ്രകാരം ക്ലാസ് 6.1ൽ വരുന്ന കീടനാശിനികളും കണ്ടെയ്നറുകളിലുണ്ട്.

നാൽപ്പത്‌ കണ്ടെയ്നറുകളിൽ തീപിടിക്കാവുന്ന ദ്രാവകങ്ങളുണ്ട്. ഇവ ക്ലാസ് മൂന്നിൽപ്പെടുന്നവയാണ്‌. എഥനോൾ, പെയിന്റ്, ടർപന്റൈൻ, അച്ചടി മഷി, വ്യവസായങ്ങളിൽ ഉപയോഗിക്കുന്ന ഈഥൈൽ മീഥൈൽ കീറ്റോൺ എന്നിവയും ഇതിലുണ്ട്‌.


2 
പേരുടെ നില അതീവ ഗുരുതരം

പൊള്ളലേറ്റ വാൻഹായ് 503 ചരക്കുകപ്പലിലെ ജീവനക്കാരിൽ രണ്ടു പേരുടെ നില അതീവ ഗുരുതരം. കപ്പലിലെ ഓയിലർ ചൈനക്കാരൻ ലുയൻലി, ഫിറ്റർ ഇന്തോനേഷ്യക്കാരൻ സോനിറ്റൂർ ഹയേനി എന്നിവരാണ്‌ മംഗളൂരു എജെ ആശുപത്രിയിൽ അതിതീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലുള്ളത്‌. ഇരുവർക്കും 35 മുതൽ 40 ശതമാനം വരെ പൊള്ളലേറ്റു.


ആശുപത്രിയിലുള്ള മറ്റു നാലുപേരിൽ ഒരാൾ പ്രത്യേക നിരീക്ഷണത്തിലും മറ്റുള്ളവർ പൊള്ളലേറ്റവരെ ചികിത്സിക്കുന്ന വാർഡിലുമാണ്. ചൈനക്കാരനായ സെക്കൻഡ് ഓഫീസർ ഗ്വോ ലിനിങ്ങിന്‌ കൈകളിൽ രാസപദാർഥം വീണാണ്‌ പൊള്ളലേറ്റത്‌. ഏത് രാസപദാർഥമാണെന്ന് വ്യക്തമായിട്ടില്ലെന്ന്‌ ഡോക്ടർമാർ പറഞ്ഞു. രക്ഷപ്പെടുത്തിയ 18 പേരിൽ പരിക്കുകളില്ലാത്ത 12 പേർ മംഗളൂരു എജെ ഗ്രാൻഡ് ഹോട്ടലിലാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home