കത്തിയ കപ്പൽ ഉൾക്കടലിലേക്ക് മാറ്റും

കോഴിക്കോട്/കൊച്ചി
കേരള തീരത്ത് തീപിടിച്ച് കത്തിക്കൊണ്ടിരിക്കുന്ന ചരക്കുകപ്പൽ വാൻഹായ് 503നെ ഉൾക്കടലിലേക്ക് മാറ്റാൻ ശ്രമം തുടങ്ങി. പോർബന്തറിൽനിന്നുള്ള മറൈൻ എമർജൻസി റെസ്‌പോൺസ് സെന്റർ (എംഇആർസി) സംഘമാണ് കത്തുന്ന കപ്പലിനെ വടംകെട്ടി തീരത്തുനിന്ന് കൂടുതൽ അകലേയ്ക്ക് മാറ്റുന്നത്.
കപ്പലിനെ വടത്തിൽ ബന്ധിച്ച് നിയന്ത്രണത്തിലാക്കാനായത് രക്ഷാപ്രവർത്തനത്തിലെ സുപ്രധാന നേട്ടമായി ദൗത്യസംഘം പറഞ്ഞു. മുൻഭാഗത്തെ തീ നിയന്ത്രണ വിധേയമായതോടെയാണ് സംഘത്തിന് കപ്പലിനടുത്ത് എത്താനായത്. തീരസംരക്ഷണ സേനയുടെ ഹെലികോപ്റ്ററിൽ കപ്പലിലേക്ക് ഇറങ്ങിയ സംഘം വടംകെട്ടി മറുഭാഗം വാട്ടർ ലില്ലിയെന്ന ടഗ്ഗിൽ ഉറപ്പിച്ചു. കപ്പൽ തീരത്തേക്ക് നീങ്ങില്ല എന്നുറപ്പാക്കുകയാണ് ലക്ഷ്യം.
മൂന്നാം ദിനവും കപ്പലിലെ തീ അണയ്‌ക്കാനായിട്ടില്ല. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന നാവികസേന ബുധനാഴ്‌ച മടങ്ങി. തീരസംരക്ഷണ സേനയുടെയും കപ്പൽ കമ്പനിയുടെ സാൽവേജ് ടീമുകളുമാണ് ദൗത്യം തുടരുന്നത്. കണ്ടെയ്നറുകളിലേക്ക് തീപടരു ന്നുണ്ട്.
എന്നാൽ, തീയുടെ തീവ്രത കുറഞ്ഞത് ആശ്വാസമായി. പ്രദേശത്ത് മഴ പെയ്യുന്നതും പ്രതീക്ഷ നൽകുന്നു. തീപിടിത്തത്തിന്റെയും പൊട്ടിത്തെറിയുടെയും ഫലമായി കപ്പൽ 10 മുതൽ 15 ഡിഗ്രി വരെ ചെരിഞ്ഞിരുന്നു. കൂടുതൽ ചെരിഞ്ഞിട്ടില്ലെന്നാണ് ദൗത്യസംഘം പറയുന്നത്.









0 comments