കപ്പലിലെ 243 കണ്ടെയ്‌നറുകളിൽ വെളിപ്പെടുത്താത്ത, തീപിടിത്ത സാധ്യതയുള്ള വസ്‌തുക്കൾ
വാൻഹായ് കപ്പലിൽ വീണ്ടും തീ ; രക്ഷാപ്രവർത്തനം ആശങ്കയിൽ

കൊച്ചി
വാൻഹായ് 503 കപ്പലിൽ വീണ്ടും തീ ഉയർന്നത് രക്ഷാപ്രവർത്തനം ആശങ്കയിലാക്കി. വെള്ളിയാഴ്‌ചയാണ് വീണ്ടും തീ കണ്ടെത്തിയത്. കപ്പലിനെ വലിച്ചുകൊണ്ടുപോകുന്ന പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. തീയണയ്‌ക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കി. അഡ്വാന്റിസ് വിർഗോ ടഗ്ഗിന്റെ സഹായത്തോടെ തീ കെടുത്താനുള്ള രാസമിശ്രിതം 12,000 ലിറ്ററോളം ഇതിനകം ഉപയോഗിച്ചു. 3000 ലിറ്ററോളം ബാക്കിയുണ്ട്. കൂടുതൽ രാസമിശ്രിതം സിംഗപ്പൂരിൽനിന്ന് എത്തിക്കാൻ ശ്രമിക്കുകയാണ്.
കപ്പലിലെ 243 കണ്ടെയ്‌നറുകളിൽ വെളിപ്പെടുത്താത്ത, തീപിടുത്ത സാധ്യതയുള്ള വസ്‌തുക്കൾ ഉള്ളതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് കണ്ടെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടും ഇടയ്‌ക്കിടെ തീപിടിത്തമുണ്ടാകുന്നത് ഇതുമൂലമാണെന്നാണ് പ്രാഥമിക നിഗമനം. ഇത്തരം വസ്‌തുക്കൾ വന്നത് കപ്പൽക്കമ്പനിയുടെ അറിവോടെയല്ലെന്നാണ് സൂചന.
തീ പൂർണമായി അണച്ചശേഷം ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്തേക്ക് കപ്പലിനെ മാറ്റുന്ന കാര്യവും ഇതോടെ അനിശ്‌ചിതത്വത്തിലായി. ആഫ്രിക്കൻ രാജ്യങ്ങളിലെ ഏതെങ്കിലും തുറമുഖത്തേക്ക് മാറ്റുന്നതിനെക്കുറിച്ചും ഡിജി ഷിപ്പിങ് ആലോചിക്കുന്നുണ്ട്.
കപ്പൽ ബുധനാഴ്‌ച രാത്രി ഇന്ത്യയുടെ പ്രത്യേക സാമ്പത്തികമേഖല കടന്നിരുന്നു. 200 നോട്ടിക്കൽ മൈലാണ് ഇന്ത്യയുടെ പ്രത്യേക സാമ്പത്തികമേഖല. നിലവിൽ ഇതിന് 3.5 നോട്ടിക്കൽ മൈൽ തെക്കാണ് കപ്പലിന്റെ സ്ഥാനം. കപ്പലിനെ വലിച്ചുകൊണ്ടുപോയിരുന്നത് ഓഫ്‌ഷോർ വാരിയർ ടഗ്ഗാണ്. എൻജിൻമുറിയിലെ വെള്ളംവറ്റിക്കൽ വിജയം കണ്ടിരുന്നു. ഏഴുമീറ്ററോളം വെള്ളമുണ്ടായിരുന്നത് 3.5 മീറ്റർ വരെയായി.
അതേസമയം, എംഎസ്‌സി എൽസ–-3 കപ്പലിന്റെ രക്ഷാപ്രവർത്തനത്തിന് സ്‌മിറ്റ് സാൽവേജിന്റെ നേതൃത്വത്തിൽ 30 അംഗ ദൗത്യസംഘത്തിനുള്ള പരിശീലനം പുരോഗമിക്കുകയാണ്. ഡൈവ് സപ്പോർട്ട് വെസ്സലും സജ്ജമാണ്. ആഗസ്ത് ഒന്നിന് ദൗത്യം ആരംഭിക്കുമെന്നാണ് സൂചന. കപ്പൽ മുങ്ങിയ സ്ഥലത്ത് എണ്ണപ്പാട കണ്ടെത്താൻ കനറ മേഘ കപ്പൽ 24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ട്. കടലിൽ വീണ മൂന്നുകണ്ടെയ്‌നറുകൾ കരയ്‌ക്കെത്തിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു.








0 comments