വാൻഹായ് കപ്പൽ; തീയണയ്‌ക്കാൻ അഡ്‌വാന്റിസും പന്നയും

കൊച്ചി
‘വാൻഹായ് 503’ കപ്പലിലെ തീകെടുത്തി ഹമ്പൻടോട്ട തുറമുഖത്തേക്ക് നീക്കാനുള്ള ദൗത്യത്തിന് അഡ്‌വാന്റിസ് വിർഗോ, എസ്‌സിഐ പന്ന ടഗ്ഗുകൾ. ചൊവ്വാഴ്‌ചയാണ് ഇരുടഗ്ഗുകളും ദൗത്യത്തിൽ പങ്കാളികളായത്. ഇതോടെ തീകെടുത്തൽ, കപ്പലിലെ വെള്ളം നീക്കൽ പ്രവർത്തനങ്ങൾ ഊർജിതമായി.
അഞ്ച് പമ്പുകൾ ഉപയോഗിച്ചാണ് എൻജിൻ റൂമിലേതടക്കമുള്ള വെള്ളം നീക്കുന്നത്. ഇതോടെ കപ്പൽ മുങ്ങുമെന്നടക്കമുള്ള ആശങ്ക നീങ്ങി. എന്നാൽ, വാൻഹായ് പൂർണമായി സുരക്ഷിതനിലയിലായിട്ടില്ല. കപ്പലിൽനിന്ന് പുക ഉയരുന്നുണ്ട്. അഡ്‌വാന്റിസ് വിർഗോ ടഗ്ഗ് തീകെടുത്താനുള്ള രാസമിശ്രിതം പ്രയോഗിക്കുന്നുണ്ട്.
ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്ത് കപ്പൽ അടുപ്പിക്കാനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. തീ പൂർണമായി കെടുത്തിയാൽമാത്രമെ ഇതിന് അന്തിമാനുമതി ലഭിക്കൂ. മറ്റുതുറമുഖങ്ങളും പരിഗണനയിലുണ്ട്. ദൗത്യമേഖലയിൽ നിരീക്ഷണവും ശക്തമാക്കി. മറ്റുകപ്പലുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓഫ്‌ഷോർ വാരിയർ കപ്പലാണ് വാൻഹായിയെ നീക്കുന്നത്. വാട്ടർലില്ലി ടഗ്ഗ്, സരോജ ബ്ലെസ്സിങ്, സക്ഷം കപ്പലുകളും ദൗത്യത്തിനുണ്ട്.
കടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3ലെ ഇന്ധനം നീക്കാനെത്തിയ പുതിയ സാവേജ് കമ്പനി സ്‌മിറ്റ് സാൽവേജ് കർമപദ്ധതി ഉടൻ തയ്യാറാക്കും. ഇതിനുശേഷമാകും എണ്ണനീക്കൽ ആരംഭിക്കുക. ഗാർഡ് വെസ്സലായ കനറ മേഘ കപ്പലുമായി ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. നിലവിൽ എണ്ണ ചോർന്നിട്ടില്ല.








0 comments