വാൻഹായ് ദൗത്യം ; പമ്പിങ്ങിൽ പുരോഗതി, തുറമുഖത്ത് അടുപ്പിക്കുന്നതിൽ അനിശ്ചിതത്വം

കൊച്ചി
വാൻഹായ് 503 കപ്പൽ രക്ഷാദൗത്യത്തിൽ അനിശ്ചിതത്വം തുടരുന്നു. വെള്ളവും മലിനീകരണഭീഷണിയുംമൂലം എൻജിൻ മുറിയിൽ കയറി സംഘാംഗങ്ങൾക്ക് പരിശോധന നടത്താൻ കഴിയാത്ത സ്ഥിതിയാണ്. ജലനിരപ്പ് സുരക്ഷിതമായ അളവിൽ കുറഞ്ഞാൽമാത്രമേ ഈ ഭാഗത്ത് പരിശോധന നടത്താനാകൂ. വെള്ളം പമ്പുചെയ്‌ത് കളയുന്നതിൽ പുരോഗതിയുണ്ട്.
എൻജിൻ മുറിയിലെ വെള്ളം നീക്കി കപ്പലിന് സ്ഥിരത നൽകാനുള്ള പ്രവർത്തനങ്ങളിലാണിപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വിവിധ ഭാഗങ്ങളിൽനിന്ന് ഇപ്പോഴും ചെറിയ അളവിൽ തീയും പുകയും ഉയരുന്നുണ്ട്. ചരക്കുകളും പുകയുകയാണ്. അനിയന്ത്രിതമായി ഉയരുന്ന താപനിലയും ആശങ്ക സൃഷ്ടിക്കുന്നു. എന്നാലും സ്ഥിതി നിയന്ത്രണവിധേയമെന്നാണ് വിലയിരുത്തൽ. ഇന്ധന ടാങ്കുകളിലേക്കും ഇതിനുസമീപത്തെ നാലും അഞ്ചും അറകൾക്കുള്ളിലേക്കും തീ വ്യാപിക്കാതിരിക്കാനും ശ്രദ്ധിക്കുന്നു.
കപ്പലിനെ അകലേക്ക് വലിച്ചുകൊണ്ടുപോകുന്നതും തീ അണയ്‌ക്കുന്നതിന് രാസമിശ്രിതം പ്രയോഗിക്കുന്നതും പുനരാരംഭിച്ചു. തീയും പുകയും പൂർണമായി ഇല്ലാതാക്കിയാലേ കപ്പൽ അടുപ്പിക്കുന്നതിന് തുറമുഖ അധികൃതരിൽനിന്ന് അനുകൂലപ്രതികരണമുണ്ടാകൂ. എന്നാൽ, ഇതുവരെ ഒരു തുറമുഖവും വാൻഹായ് കപ്പൽ അടുപ്പിക്കുന്നതിന് അനുമതി നൽകിയിട്ടില്ല.
കപ്പൽ നിലവിൽ ഇന്ത്യയുടെ പ്രത്യേക സാമ്പത്തികമേഖലയ്‌ക്ക് പുറത്താണ്.
എംഎസ്‌സി എൽസ–-3 കപ്പലിന്റെ രക്ഷാപ്രവർത്തനത്തിന് സ്‌മിറ്റ് സാൽവേജിന്റെ നേതൃത്വത്തിൽ 30 അംഗ ദൗത്യസംഘത്തിനുള്ള പരിശീലനം പുരോഗമിക്കുകയാണ്.








0 comments