വാൻഹായ് ‘പുകഞ്ഞുതന്നെ’

കൊച്ചി
‘വാൻഹായ് 503’ കപ്പൽ ഇപ്പോഴും പകഞ്ഞുതന്നെയെന്ന് സൂചന. പ്രത്യക്ഷത്തിൽ തീ കാണാനില്ലെങ്കിലും പല ഭാഗത്തുനിന്നും ചെറിയ പുക ഉയരുന്നുണ്ട്. ഇന്ത്യൻ തീരത്തുനിന്ന് 135 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ. വീണ്ടും തീപിടിക്കാൻ സാധ്യതയുള്ളതിനാൽ തണുപ്പിക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് ടി ആൻഡ് ടി സാൽവേജ് കമ്പനി.
തീ അണയ്‌ക്കുന്ന രാസമിശ്രിതം തീയുടെ ഉറവിടത്തിൽ പ്രയോഗിക്കുന്നതിന് തടസ്സം നേരിടുന്നുണ്ട്. ശക്തമായ തീയിൽ കണ്ടെയ്‌നറുകൾ പലതിനും രൂപമാറ്റവും സ്ഥാനചലനവും വന്നതോടെയാണ് ഈ പ്രക്രിയ തടസ്സപ്പെട്ടത്. അഡ്വാന്റിസ് വിർഗോ, എസ്‌സിഐ പന്ന, വാട്ടർലില്ലി ടഗ്ഗുകളാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുള്ളത്.
ഇന്ധനടാങ്കുകൾക്ക് സമീപത്തെ നാലാംനമ്പർ അറയിലെ താപനില താഴ്‌ത്താൻ സാധിക്കാത്തതും ആശങ്ക ഉയർത്തുന്നു. ഇന്ധനടാങ്കുകളിൽ 2000 ടൺ ഹെവി ഓയിലും 300 ടൺ ഡീസൽ ഓയിലുമാണുള്ളത്.
കപ്പലിനെ വലിച്ചുകൊണ്ടുപോകുന്ന പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. എൻജിൻമുറിയിൽ കയറിയ വെള്ളം വറ്റിക്കുന്നതും പുരോഗമിക്കുന്നു.








0 comments