എംഎസ്‌സി എൽസയിലെ ഇന്ധനനീക്കം വൈകും
വാൻഹായ് കപ്പലിൽ വീണ്ടും തീ ; രക്ഷാപ്രവർത്തനം ദുഷ്‌കരമായി

കൊച്ചി
‘വാൻഹായ് 503’ കപ്പലിൽ വീണ്ടും തീ ഉയർന്നത് ആശങ്കയ്ക്ക് ഇടയാക്കി. തീപിടിത്തത്തിൽ നാലാംനമ്പർ അറയുടെ മൂടി തകർന്നു. ഇതിൽ ആറ് കണ്ടെയ്‌നർ ഉണ്ടെന്നാണ് സൂചന. ഇവിടെ 228 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നിരുന്നു. മൂടി തകർന്നതിനാൽ കാർബൺ ഡയോക്‌സൈഡ് ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം ദുഷ്‌കരമായി. അറയിൽനിന്ന് കട്ടിയുള്ള കറുത്ത പുകയാണ് വരുന്നതെന്ന് ഡിജി ഷിപ്പിങ് സ്ഥിരീകരിച്ചു. 198 കാർബൺ ഡയോക്‌സൈഡ് സിലിണ്ടറുകൾ മേഖലയിൽ എത്തിച്ചിരുന്നു. കപ്പലിലെ ഇന്ധനച്ചോർച്ച തടയുന്നതിനാണ് പ്രാധാന്യം നൽകുന്നത്.
തീയണയ്‌ക്കുന്ന പ്രവർത്തനങ്ങൾക്ക് ശ്രീലങ്കയുടെ ടഗ്ഗായ അറ്റ്‌ലാന്റിസ് വിർഗോയുടെ സഹായം തേടി. തീ പൂർണമായി അണഞ്ഞശേഷം കപ്പൽ ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറുഖത്തേയ്‌ക്ക് മാറ്റുന്നതിന് ശ്രീലങ്കൻ അധികൃതരുടെ സമ്മതം ലഭിച്ചതായാണ് സൂചന.
ഇന്ത്യൻ തീരത്തിന് 88 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ. ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖല വരുന്ന 200 നോട്ടിക്കൽ മൈലിന് പുറത്തേയ്‌ക്ക് കൊണ്ടുപോകാൻ കപ്പൽ കമ്പനിയോട് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് ആവശ്യപ്പെട്ടിട്ടുണ്ട്.
വാൻഹായ് കപ്പലിലെ എൻജിൻ മുറിയിൽ കയറിയ വെള്ളം നീക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. ബോക്ക വിങ്കർ, സക്ഷം, സരോജ് ബ്ലെസിങ് എന്നീ കപ്പലുകൾ വെള്ളം പമ്പ് ചെയത് തീ നിയന്ത്രണവിധമാക്കാനുള്ള ശ്രമം തുടരുന്നു.
എംഎസ്‌സി എൽസയിലെ ഇന്ധനനീക്കം വൈകും
കടലിൽ മുങ്ങിയ എംഎസ്‌സി എൽസ–-മൂന്ന് കപ്പലിലെ ഇന്ധനനീക്കം വൈകുമെന്ന് സൂചന. മുങ്ങൽ വിദഗ്‌ധരുമായി സിംഗപ്പുരിൽനിന്നുള്ള ഡൈവിങ് കപ്പൽ ആഗസ്‌ത് ഒന്നോടെ എത്തുമെന്നാണ് പ്രതീക്ഷ. കപ്പലിലെ ഇന്ധനം നീക്കാൻ സ്‌മിറ്റ് സാൽവേജ് കമ്പനി കർമപദ്ധതി തയ്യാറാക്കിവരികയാണ്. സ്‌മിറ്റ് സാൽവേജ് പുതിയ കരാർ ഒപ്പുവച്ചു.








0 comments