മറ്റൊരു 
ചരക്കുകപ്പലിലും തീ; ജീവനക്കാർ അണച്ചു

‘വാൻഹായ്‌’ പുറംകടലിലേക്ക്‌ നീക്കുന്നു ; തീ അണയ്‌ക്കാൻ വ്യോമസേനയും

wan hai fire

വാൻഹായ്‌ കപ്പലിലെ തീ അണയ്‌ക്കാൻ വ്യോമസേന ഹെലികോപ്‌റ്ററിൽനിന്ന്‌ 
കെമിക്കൽ പൗഡർ വിതറുന്നു

വെബ് ഡെസ്ക്

Published on Jun 13, 2025, 02:13 AM | 2 min read


കൊച്ചി

‘വാൻഹായ്‌ 503’ കപ്പലിനെ ടഗ്‌ബോട്ടുമായി ബന്ധിപ്പിച്ച്‌ പുറംകടലിലേക്ക്‌ നീക്കുന്നത്‌ പുരോഗമിക്കുന്നു. കപ്പലിലെ തീയുടെ തീവ്രത കുറയ്‌ക്കാൻ കഴിഞ്ഞിട്ടുണ്ട്‌. എണ്ണച്ചോർച്ചയില്ലെന്നും കണ്ടെത്തി.


വ്യാഴാഴ്‌ച വ്യോമസേനകൂടി ദൗത്യത്തിൽ പങ്കാളിയായി. സേനയുടെ എംഐ 17 വി 5 ഹെലികോപ്‌റ്ററിൽ തീ അണയ്‌ക്കാനുള്ള കെമിക്കൽ പൗഡർ വലിയ അളവിൽ കപ്പലിലേക്ക്‌ വിതറി. തീ പൂർണമായി അണഞ്ഞിട്ടില്ല. കപ്പലിനെ പുറംകടലിലേക്ക്‌ നീക്കുന്ന പ്രവൃത്തിയും സമാന്തരമായി നടത്തുന്നു.


ബുധനാഴ്‌ച കപ്പലിന്റെ മുൻഭാഗത്ത്‌ വടംകെട്ടി ‘ലില്ലി’ എന്ന ടഗ്‌ബോട്ടുമായി ബന്ധിപ്പിച്ചിരുന്നു. വ്യാഴം രാവിലെയാണ്‌ പുറംകടലിലേക്ക്‌ നീക്കാൻ തുടങ്ങിയത്‌. പോർബന്തറിലെ എംഇആർസി (മറൈൻ എമർജൻസി റെസ്‌പോൺസ്‌ സെന്റർ) കേന്ദ്രത്തിൽനിന്നുള്ള സംഘത്തിന്റെകൂടി സഹായവുമുണ്ട്‌. തീ പൂർണമായി അണച്ചശേഷം കപ്പൽ എവിടെ അടുപ്പിക്കുമെന്ന്‌ തീരുമാനിക്കും. കേന്ദ്രനിലപാടാണ്‌ ഇതിൽ നിർണായകം.


ആദ്യ പൊട്ടിത്തെറി 
മധ്യഭാഗത്തെന്ന്‌ ജീവനക്കാർ

വാൻഹായ്‌ 503 കപ്പലിന്റെ മധ്യഭാഗത്താണ്‌ ആദ്യം പൊട്ടിത്തെറിയുണ്ടായതെന്ന്‌ സെക്കൻഡ്‌ ഓഫീസർമാർ. പിന്നാലെ അലാറം മുഴങ്ങിയെന്നും അപകടകാരണം വ്യക്തമല്ലെന്നും ഇവർ പൊലീസിന്‌ മൊഴി നൽകി. കോസ്‌റ്റൽ പൊലീസാണ്‌ മംഗളൂരു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സെക്കൻഡ്‌ ഓഫീസർമാരായ രണ്ടു ചൈനക്കാരുടെയും ഒരു മ്യാൻമർ പൗരന്റെയും മൊഴിയെടുത്തത്‌. ഇവരുടെ പരിക്ക്‌ ഗുരുതരമല്ല.


തീ അണയ്‌ക്കാൻ ഇവർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വൻ പൊട്ടിത്തെറി തുടർന്നതോടെ ബോട്ടിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. കപ്പിലിലെ മറ്റുള്ളവരെക്കുറിച്ചുള്ള വിശദാംശം അറിയില്ലെന്നും മൊഴി നൽകി. മൂന്നുപേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലുണ്ട്‌.


മറ്റൊരു 
ചരക്കുകപ്പലിലും തീ; ജീവനക്കാർ അണച്ചു

കേരളതീരത്ത്‌ പുറംകടലിലൂടെ സഞ്ചരിക്കുകയായിരുന്ന സിംഗപ്പുർ ചരക്കുകപ്പലിൽ തീ ഉയർന്നത്‌ ആശങ്കപരത്തി. വ്യാഴാഴ്‌ചയായിരുന്നു സംഭവം. മലേഷ്യൻ തുറമുഖത്തുനിന്ന്‌ മുംബൈയിലേക്ക്‌ വന്ന ‘ഇന്ററേഷ്യ ടെനാസിറ്റി’ എന്ന കപ്പലിലാണ്‌ തീ ഉയർന്നത്‌. 1387 കണ്ടയ്നറുകളാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ ലിഥിയം ബാറ്ററികളും ഉണ്ടായിരുന്നു. ഫിലിപ്പെെൻസുകാരായ 21 പേരായിരുന്നു ജീവനക്കാർ. കപ്പലിന്റെ ക്യാപ്‌റ്റൻ വിവരം അറിയിച്ചതിനെത്തുടർന്ന് തീരസംരക്ഷണസേനയുടെ സചേത് കപ്പൽ സ്ഥലത്തെത്തി. അപ്പോഴേയ്ക്കും തീ നിയന്ത്രണവിധേയമാക്കിയിരുന്നു. ക്യാപ്‌റ്റന്റെ അഭ്യർഥനപ്രകാരം തീരസംരക്ഷണസേനാ സംഘം കപ്പൽ പരിശോധിച്ചു. ആശങ്കപ്പെടാനില്ലെന്നാണ്‌ വിവരം.


വീഴ്‌ചവരുത്തി ; രണ്ട്‌ കപ്പൽ കമ്പനികൾക്കും നോട്ടീസ്‌

കേരള തീരത്ത്‌ കടലിൽ അപകടത്തിൽപ്പെട്ട എംഎസ്‌സി എൽസ 3, വാൻഹായ്‌ 503 ചരക്കുകപ്പലുകളുടെ ഉടമസ്ഥ കമ്പനികൾക്ക്‌ ഡയറക്ടർ ജനറൽ ഓഫ്‌ ഷിപ്പിങ്‌ നോട്ടീസ്‌ നൽകി. അപകടശേഷമുള്ള തുടർനടപടികളിൽ ഇരു കമ്പനികളും വീഴ്‌ചവരുത്തിയെന്നും ഇത്‌ തുടർന്നാൽ കർശന നിയമനടപടിയെടുക്കുമെന്നും വ്യക്തമാക്കി.


മെഡിറ്ററേനിയൻ ഷിപ്പിങ്‌ കമ്പനി (എംഎസ്‌സി), വാൻഹായ്‌ ലൈൻസ്‌ എന്നിവയാണ്‌ യഥാക്രമം ഇരു കപ്പലുകളുടെയും ഉടമസ്ഥർ. എംഎസ്‌സി എൽസ മുങ്ങിയത്‌ ഇന്ത്യൻ തീരത്ത്‌ ആഘാതം സൃഷ്ടിച്ചതായും നോട്ടീസിൽ പറയുന്നു. 48 മണിക്കൂറിനകം കപ്പലിൽനിന്ന്‌ ഇന്ധനം നീക്കാൻ നടപടി തുടങ്ങണം. കപ്പൽ, കണ്ടെയ്‌നർ, അവശിഷ്ടങ്ങൾ എന്നിവ വീണ്ടെടുക്കുന്നതിലും കാലതാമസം വരുത്തി. മത്സ്യത്തൊഴിലാളികൾക്ക് വലിയതോതിൽ ജോലിയും വരുമാനവും നഷ്ടപ്പെട്ടു. കൂടുതൽ കാലതാമസം വരുത്തുന്നത് മന:പൂർവമായ നിയമലംഘനമായി കണക്കാക്കി കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ്‌ നൽകി.


കണ്ടെയ്‌നറുകൾ ഉൾപ്പെടെ വീണ്ടെടുക്കാൻ നടപടികൾക്ക്‌ ഉടൻ സംവിധാനമൊരുക്കാൻ വാൻഹായ്‌ കപ്പൽ കമ്പനി ഉടമകളോട്‌ നോട്ടീസിൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home