നിലവിൽ കൊച്ചിതീരത്തിന് പടിഞ്ഞാറ് 50 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ
‘വാൻഹായ്’ കേരളതീരത്തുനിന്ന് അകന്നു ; ഇന്ധനടാങ്ക് തണുപ്പിക്കാനുള്ള തീവ്രശ്രമത്തിൽ ദൗത്യസംഘം

തീരസംരക്ഷണ സേനയുടെ ഓഫ്‌ഷോർ സപ്പോർട്ട് കപ്പൽ സക്ഷത്തിന്റെ സഹായത്തോടെ ‘വാൻഹായ് 503’ കപ്പലിലെ തീയണയ്‌ക്കാൻ ശ്രമിക്കുന്നു
കൊച്ചി
തീപിടിച്ച ‘വാൻഹായ് 503’ കപ്പൽ കേരളതീരത്തുനിന്ന് ഏറെ അകലേക്ക്. നിലവിൽ കൊച്ചിതീരത്തിന് പടിഞ്ഞാറായി 50 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ. ഓഫ്‌ഷോർ വാരിയർ കപ്പലുമായി ബന്ധിപ്പിച്ച് കപ്പലിനെ കൂടുതൽ അകലേക്ക് വലിച്ചുകൊണ്ടുപോകുകയാണ്. കപ്പലിൽ ഞായർ രാവിലെയും തീയും പുകയുമുണ്ടായിരുന്നു. വൈകിട്ടോടെ പുക കുറഞ്ഞുവെന്നാണ് സൂചന. എന്നാൽ തീ പൂർണമായി അണഞ്ഞതായി സ്ഥിരീകരിച്ചിട്ടില്ല. 50 നോട്ടിക്കൽ മൈൽ കടന്നാൽ തീരത്തെ കാര്യമായി ബാധിക്കില്ലെന്ന് വിദഗ്‌ധർ പറഞ്ഞു.
രാവിലെ മുതൽ തീരസംരക്ഷണസേനയുടെ ഓഫ്‌ഷോർ സപ്പോർട്ട് കപ്പൽ ‘സക്ഷ’ത്തിന്റെ സഹായത്തോടെ ഹൈസ്‌പീഡ് വാട്ടർജെറ്റ് ഉപയോഗിച്ച് വെള്ളംചീറ്റി കപ്പലിനെ തണുപ്പിക്കാനുള്ള ദൗത്യം ആരംഭിച്ചിരുന്നു. മലയാളിയായ പ്രേമരാജനാണ് സക്ഷത്തെ നിയന്ത്രിക്കുന്നത്. ടഗ്ഗുകളായ ട്രൈറ്റൺ ലിബർട്ടി, ഗാർനെറ്റ്, ബോക്ക വ്രിങ്ക്‌ളർ, സരോജ ബ്ലസിങ് എന്നിവയുടെ സഹായവും തീയണയ്‌ക്കുന്നതിന് ലഭ്യമാക്കിയിട്ടുണ്ട്. നാവികസേന ഹെലികോപ്‌റ്റർ, ഡ്രോണിയർ വിമാനങ്ങൾ എന്നിവ കപ്പലിന്റെ സഞ്ചാരം നിരീക്ഷിക്കുന്നു.
മണിക്കൂറിൽ 1.5 നോട്ടിക്കൽ മൈൽ വേഗത്തിലാണ് വലിച്ചുനീക്കുന്നത്. ‘ട്രൈറ്റൺ ലിബർട്ടി’ എന്ന സാൽവേജ് ടഗ്ഗിന്റെ സഹായം തേടാൻ ശ്രമിച്ചെങ്കിലും കാലാവസ്ഥ മോശമായതിനാൽ വിഫലമായി.
കപ്പലിലെ തീമൂലം ഇന്ധനടാങ്കുകൾ ക്രമാതീതമായി ചൂടുപിടിച്ചതിനാൽ വാതകവിസ്‌ഫോടനം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇന്ധനടാങ്ക് തണുപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ദൗത്യസംഘം. ഇതിൽ 2000 ടൺ ഹെവി ഓയിലും 240 ടൺ മറൈൻ ഡീസൽ ഓയിലുമാണുള്ളത്.









0 comments