എൽസ കപ്പലപകടം: 30 അംഗ ദൗത്യസംഘം സജ്ജം
വാൻഹായ് കപ്പലപകടം ; എൻജിൻ റൂമിലെ വെള്ളം കുറഞ്ഞു , നാലാം അറയിലെ താപനിലയും

കൊച്ചി
പുറംകടലിൽ തീപിടിച്ച ‘വാൻഹായ് 503’ കപ്പലിന്റെ എൻജിൻ മുറിയിലെ വെള്ളം വറ്റിക്കൽ വിജയം കാണുന്നു. ഏഴു മീറ്ററോളം വെള്ളമുണ്ടായിരുന്നത് ഇപ്പോൾ 3.5 മീറ്റർ വരെയായി. കപ്പൽ മുങ്ങുമെന്ന ആശങ്കയ്‌ക്ക് വിരാമമായതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് അറിയിച്ചു.
പതിനാറംഗ വിദഗ്‌ധസംഘം കപ്പലിനുള്ളിൽ കയറി നാലാം അറയിലെ താപനില താഴ്‌ത്തി. ഈ അറയുടെ മൂടി തകർന്നത് ആശങ്കയുണ്ടാക്കിയിരുന്നു. നിലവിൽ താപനില 65 ഡിഗ്രിയാണ്. തീ പൂർണമായി അണച്ചശേഷം ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്തേക്ക് നീക്കാനുള്ള ദൗത്യമാണ് പുരോഗമിക്കുന്നത്. തീ കെടുത്താനുള്ള രാസമിശ്രിതം 9000 ലിറ്ററോളം ഉപയോഗിച്ചു. കപ്പൽ ബുധൻ രാത്രി ഇന്ത്യയുടെ പ്രത്യേക സാമ്പത്തികമേഖല കടന്നിരുന്നു. 200 നോട്ടിക്കൽ മൈലിന് പുറത്തേക്ക് കൊണ്ടുപോകാനാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് ലക്ഷ്യമിട്ടിരുന്നത്.
എൽസ കപ്പലപകടം: 30 അംഗ ദൗത്യസംഘം സജ്ജം
എംഎസ്‌സി എൽസ–-3 കപ്പലിന്റെ രക്ഷാപ്രവർത്തനത്തിന് സ്‌മിറ്റ് സാൽവേജിന്റെ നേതൃത്വത്തിൽ 30 അംഗ ദൗത്യസംഘം സജ്ജം. ഡൈവ് സപ്പോർട്ട് വെസ്സലും സജ്ജമാണ്. ദൗത്യസംഘത്തിനുള്ള പരിശീലനം സിംഗപ്പുരിൽ പുരോഗമിക്കുകയാണ്. ആഗസ്ത് ഒന്നിന് ദൗത്യം ആരംഭിക്കുമെന്നാണ് ഡിജി ഷിപ്പിങ് അറിയിച്ചത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ വെസ്സലും ദൗത്യസംഘവും അതിനുമുമ്പെത്തും. 24 മണിക്കൂറിനുള്ളിൽ ഇന്ധനം നീക്കൽ ആരംഭിക്കും. കപ്പൽ മുങ്ങിയ സ്ഥലത്ത് നിലവിൽ പുതിയ എണ്ണപ്പാട കണ്ടെത്തിയിട്ടില്ല. ഇന്ധനച്ചോർച്ചയില്ലെന്ന് ഇത് തെളിയിക്കുന്നതായി ഡിജി ഷിപ്പിങ് അറിയിച്ചു. എണ്ണപ്പാട കണ്ടെത്താൻ കനറ മേഘ കപ്പൽ 24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ട്.
കടലിൽ വീണ മൂന്നു കണ്ടെയ്‌നറുകൾ കരയ്‌ക്കെത്തിക്കാനുള്ള നടപടികൾ ഈ ആഴ്‌ചയ്‌ക്കകം പൂർത്തിയാകും. കരയ്‌ക്കടിഞ്ഞ പ്ലാസ്റ്റിക് തരികൾ നീക്കുന്നത് പുരോഗമിക്കുന്നു. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽനിന്ന് 350 ടൺ പ്ലാസ്റ്റിക് തരികൾ നീക്കി. രാമേശ്വരത്തുനിന്ന് 200 ടണ്ണും കന്യാകുമാരിയിൽനിന്ന് 50 ടണ്ണും നീക്കി.








0 comments