എംഎസ്‌സി എൽസ 3 ; ഇന്ധനം നീക്കാൻ പുതിയ സാൽവേജ്‌ കമ്പനിയെ നിയോഗിച്ചേക്കും

തുറമുഖം തേടി വാൻഹായ്‌ ; പ്രഥമ പരിഗണന ജബൽ അലി തുറമുഖത്തിന്‌

Mv Wan Hai 503 fire

‘ബോക്ക വിങ്കർ’ ടഗ്ഗിന്റെ സഹായത്തോടെ ‘വാൻഹായ്‌ 503’ കപ്പലിലെ തീയണയ്‌ക്കാൻ ശ്രമിക്കുന്നു

വെബ് ഡെസ്ക്

Published on Jun 19, 2025, 01:30 AM | 2 min read

കൊച്ചി

പുറംകടലിൽ തീപിടിച്ച ‘വാൻഹായ്‌ 503’ കപ്പലിലെ തീയണച്ചശേഷം ദുബായ്‌ ജബൽ അലി തുറമുഖത്തേക്ക്‌ മാറ്റാനുള്ള സാധ്യത തേടുന്നു. തീ പൂർണമായി അണച്ചശേഷമേ മാറ്റൂ. ബഹ്‌റൈൻ, ശ്രീലങ്ക, മലേഷ്യ, ഖത്തർ എന്നീ തുറമുഖങ്ങളും പരിഗണനയിലുണ്ട്‌. എന്നാൽ, പ്രഥമ പരിഗണന ജബൽ അലി തുറമുഖത്തിനാണ്‌. കപ്പലിൽനിന്ന്‌ ഇപ്പോഴും പുക ഉയരുന്നുണ്ട്‌. നിലവിൽ കൊച്ചി തീരത്തിന്‌ പടിഞ്ഞാറ്‌ 81 നോട്ടിക്കൽ മൈൽ അകലെയാണ്‌ കപ്പൽ. കാലാവസ്ഥ പ്രതികൂലമായതിനാൽ കൂടുതൽ അകലേക്ക്‌ മാറ്റാനായിട്ടില്ല.


കപ്പലിനെ നിലവിൽ വലിച്ചുകൊണ്ടുപോകുന്ന ഓഫ്‌ഷോർ വാരിയർ കപ്പലിനുപകരം ‘ബോക്ക വിങ്കർ’ എന്ന ടഗ്‌ ദൗത്യം ഏറ്റെടുത്തു. മാൾട്ടയിൽ രജിസ്‌റ്റർ ചെയ്‌ത ബോക്ക വിങ്കർ ഇന്തോനേഷ്യയിൽ എത്തിയപ്പോഴാണ്‌ ‘വാൻഹായ്‌’ ദൗത്യത്തിൽ പങ്കാളിയാകാൻ നിർദേശം ലഭിച്ചത്‌. കാലാവസ്ഥ പ്രതികൂലമായതിനാൽ ഇതുവരെ രണ്ടാമത്തെ ടഗ്ഗിനെ കപ്പലുമായി ബന്ധിക്കാനായിട്ടില്ല. ഗാർനറ്റ്‌, സക്ഷം, വാർട്ടർ ലില്ലി എന്നീ ടഗ്ഗുകളും തീയണയ്‌ക്കുന്നതിന്‌ സഹായിക്കുന്നുണ്ട്‌.



എംഎസ്‌സി എൽസ 3 ; ഇന്ധനം നീക്കാൻ പുതിയ സാൽവേജ്‌ കമ്പനിയെ നിയോഗിച്ചേക്കും

സ്വന്തം ലേഖകൻ

കൊച്ചി

എംഎസ്‌സി എൽസ 3 കപ്പലിൽനിന്ന്‌ ഇന്ധനം നീക്കാൻ പുതിയ സാൽവേജ്‌ കമ്പനിയെ നിയോഗിക്കുമെന്ന്‌ സൂചന. കപ്പലിന്റെ ഉടമകളായ മെഡിറ്ററേനിയൻ ഷിപ്പിങ്‌ കമ്പനിയോട്‌ പുതിയ സാൽവേജ്‌ ടീമിനെ നിയോഗിക്കാൻ ഡയറക്ടർ ജനറൽ ഓഫ്‌ ഷിപ്പിങ്‌ കർശനനിർദേശം നൽകിയ പശ്‌ചാത്തലത്തിലാണിത്‌.


പുതിയ കർമപദ്ധതി ഉടൻ തയ്യാറാക്കണമെന്നും കപ്പൽ കമ്പനിയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. പ്രതികൂല കാലാവസ്ഥകൂടി കണക്കിലെടുത്തുള്ള കർമപദ്ധതി തയ്യാറാക്കാനാണ്‌ നിർദേശം. നിലവിൽ ഇന്ധനം വീണ്ടെടുക്കൽദൗത്യം നിർത്തിവച്ചിരിക്കുകയാണ്. പുതിയ സാൽവേജ് കമ്പനി ഉടൻ കരാർ ഏറ്റെടുത്തേക്കുമെന്നാണ് സൂചന. 450 ടൺ ഇന്ധനമാണ് കപ്പലിന്റെ ടാങ്കിലുള്ളത്.


ദൗത്യം ജൂലൈ മൂന്നിന് പൂർത്തിയാക്കാനായിരുന്നു ആദ്യം നിശ്‌ചയിച്ചിരുന്നത്‌. ടി ആൻഡ് ടി സാൽവേജ് ദൗത്യം വേഗത്തിലാക്കാൻ 12 മുങ്ങൽവിദഗ്‌ധരെക്കൂടി ടീമിന്റെ ഭാഗമാക്കിയിരുന്നു. കാലവർഷം ശക്തപ്രാപിക്കുന്ന ഘട്ടത്തിൽ അടിത്തട്ടിൽ ടാങ്കിൽ എണ്ണകിടക്കുന്നത് സുരക്ഷിതമല്ലെന്ന് ഡിജി ഷിപ്പിങ്‌ പറയുന്നു. 17 ദിവസമായി അടിത്തട്ടിൽ കിടക്കുന്ന കപ്പലിൽ കാത്സ്യം കാർബൈഡും മറ്റു രാസവസ്തുക്കളും സംഭരിച്ച കണ്ടെയ്‌നറുകളുമുണ്ട്. സമയബന്ധിതമായി ഇവ വീണ്ടെടുത്ത് മലിനീകരണത്തോത് കുറയ്‌ക്കാനാണ്‌ നിർദേശം.


കപ്പലപകടം: പ്രത്യേക 
അന്വേഷകസംഘം രൂപീകരിച്ചു

പുറംകടലിൽ മുങ്ങിയ എംഎസ്‌സി എൽസ കപ്പലിന്റെയും തീപിടിച്ച വാൻഹായ്‌ 503 ചരക്കുകപ്പലിന്റെയും കേസുകൾ അന്വേഷിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചു.കോസ്‌റ്റൽ ഐജി എ അക്‌ബറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ വിവിധ തീരദേശ പൊലീസ്‌ സ്‌റ്റേഷനുകളിലെ സിഐമാരും സീനിയർ സിപിഒമാരും ഉൾപ്പെടുന്നു. ആദ്യഘട്ട അന്വേഷണത്തിന്റെ ഭാഗമായി വാൻഹായ്‌ 503 ചരക്കുകപ്പലിന്റെ ഏജന്റിന്റെ മൊഴിയെടുത്തു. അടുത്ത ദിവസങ്ങളിൽ കപ്പലിന്റെ കാർഗോ മാനിഫെസ്‌റ്റ്‌ പരിശോധിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home