വാൻഹായ് കപ്പൽ അപകടം ; എൻജിൻ മുറിക്കകത്തെ വെള്ളം പമ്പുചെയ്‌ത് തുടങ്ങി

കൊച്ചി
പുറംകടലിൽ തീപിടിച്ച ‘വാൻഹായ് 503’ കപ്പലിന്റെ എൻജിൻ മുറിയിലെ വെള്ളം പമ്പുചെയ്‌ത് പുറത്തേക്ക് കളഞ്ഞുതുടങ്ങി. തിങ്കൾ രാവിലെ എട്ടോടെയാണ് സരോജ ബ്ലെസ്സിങ് കപ്പലിന്റെ സഹായത്തോടെ ദൗത്യസംഘം കപ്പലിൽ കയറി പ്രവർത്തനം ആരംഭിച്ചത്. സക്ഷം കപ്പലിന്റെ സഹായത്തോടെ വെള്ളം പമ്പുചെയ്‌തുകളയാനുള്ള അനുബന്ധ ഉപകരണങ്ങൾ വാൻഹായ് കപ്പലിൽ എത്തിച്ചു. വാട്ടർ ലില്ലി ടഗ്ഗും തീയണയ്‌ക്കാനുണ്ട്. കന്യാകുമാരിക്ക് തെക്കുപടിഞ്ഞാറ് 166 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ. ശ്രീലങ്കയുടെ പടിഞ്ഞാറുള്ള കപ്പലിനെ ഇന്ത്യയുടെ പ്രത്യേക സാമ്പത്തികമേഖല വരുന്ന 200 നോട്ടിക്കൽ മൈലിന് പുറത്തേക്ക് കൊണ്ടുപോകാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
കപ്പലിന്റെ എൻജിൻ മുറിയിലും അറകളിലും കൂടുതൽ വെള്ളം കയറുന്നത് ആശങ്കയുണ്ടാക്കിയിരുന്നു. തീയണയ്‌ക്കാനുള്ള അത്യാധുനിക സംവിധാനമുള്ള ടഗ് അഡ്‌വാന്റിസ് വിർഗോ ചൊവ്വ രാവിലെ എത്തുമെന്നാണ് സൂചന. തീ പൂർണമായി അണച്ചശേഷം കപ്പൽ ശ്രീലങ്ക ഹമ്പൻടോട്ട തുറമുഖത്തേക്ക് മാറ്റും.
കടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3ലെ ഇന്ധനം നീക്കാനെത്തിയ പുതിയ സാവേജ് കമ്പനി സ്‌മിറ്റ് സാൽവേജ് കർമപദ്ധതി തയ്യാറാക്കിവരികയാണ്. ഗാർഡ് വെസ്സലായ കനറ മേഘ കപ്പലുമായി ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നാണ് സൂചന.








0 comments