സദാചാര ആക്രമണത്തെത്തുടർന്ന് ആത്മഹത്യ: ശക്തമായി കൈകാര്യം ചെയ്യണമെന്ന് എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ
തിരുവനന്തപുരം: സദാചാരഗുണ്ടാ ആക്രമണത്തെത്തുടർന്ന് കണ്ണൂർ കായലോട് യുവതി ആത്മഹത്യ ചെയ്ത സംഭവം ഭരണസംവിധാനത്തെ ഉപയോഗിച്ച് ശക്തമായി കൈകാര്യം ചെയ്യണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇതിനൊപ്പം ആശയപരമായ പ്രവർത്തനങ്ങളും സംഘടിപ്പിക്കണം. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാൻ പാടില്ലെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഞായറാഴ്ചയാണ് കായലോട് അച്ചങ്കര പള്ളിക്കുസമീപം റസീന മൻസിലിൽ റസീന (40) മയ്യിൽ സ്വദേശിയായ സുഹൃത്തുമായി സംസാരിക്കുമ്പോള്‍ എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട അഞ്ചംഗ സദാചാരഗുണ്ടാസംഘം എത്തി ആക്രമിച്ചത്. യുവാവിനെ ചോദ്യംചെയ്യുകയും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി മർദിക്കുകയും ചെയ്തു. മൊബൈൽഫോണും ടാബും പിടിച്ചെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചാരണവുമുണ്ടായി. ഇതിന്റെ മനോവിഷമത്തിൽ ചൊവ്വാഴ്ച രാവിലെയാണ് റസീന വീട്ടിൽ തൂങ്ങിമരിച്ചത്.
സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. എസ്‌ഡിപിഐക്കാരായ മൂന്നുപ്രതികൾ കഴിഞ്ഞ ദിവസം അറസ്‌റ്റിലായിരുന്നു. മറ്റു പ്രതികളെ തിരയുകയാണ്. റസീനയുടെ വസ്ത്രത്തിനുള്ളിൽനിന്ന് ലഭിച്ച ആത്മഹത്യക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് കായലോട് പറമ്പായി സ്വദേശികളായ എം സി മൻസിലിൽ വി സി മുബഷീർ (28), കണിയാന്റെവളപ്പിൽ കെ എ ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി കെ റഫ്നാസ് (24) എന്നീ മൂന്ന് എസ്‌ഡിപിഐ പ്രവർത്തകരെ അറസ്റ്റുചെയ്തത്. ഇവർ റിമാൻഡിലാണ്.
0 comments