മുതലപ്പൊഴിയിൽ മീൻപിടിക്കാൻ ഒരാഴ്ചയ്‌ക്കകം സാഹചര്യം ഒരുക്കും

തിരുവനന്തപുരം: മുതലപ്പൊഴിയിൽ ഒരാഴ്‌ചയ്‌ക്കുള്ളിൽ തൊഴിലാളികൾക്ക് മീൻപിടിത്തം നടത്താനാവശ്യമായ സാഹചര്യം സൃഷ്ടിക്കുമെന്ന് ഹാർബർ എൻജിനീയറിങ് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പൊഴിമുഖത്ത് അടിഞ്ഞ മണൽ മെയ് 15നകം പൂർണമായും നീക്കുമെന്നും സംസ്ഥാന ന്യൂനപക്ഷ കമീഷൻ നടത്തിയ സിറ്റിങ്ങിൽ വ്യക്തമാക്കി. മണൽനീക്കുന്ന പ്രവൃത്തി തുടരുകയാണ്. കേരള മാരിടൈം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഡ്രഡ്ജർ മുതലപ്പൊഴിയിൽ എത്തിക്കും.
മുതലപ്പൊഴി അഴിമുഖത്തുനിന്ന് നീക്കുന്ന മണൽ കേരള സ്‌റ്റേറ്റ് മിനറൽസ് ഡവലപ്‌മെന്റ് കോർപ്പറേഷന് നൽകാനുള്ള നിർദേശം സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചു. അംഗീകാരം ലഭ്യമാകുന്നതനുസരിച്ച് മണൽനീക്കം ആരംഭിക്കും.പുലിമുട്ടിന്റെ നീളംകൂട്ടുന്ന പ്രവൃത്തിക്ക് ഈ മാസം കരാർ ഒപ്പിടും. പ്രവൃത്തി ഒന്നരവർഷംകൊണ്ട് പൂർത്തിയാക്കും. പെരുമാതുറ, താഴംപള്ളി ഭാഗങ്ങളിലെ ഹാർബറിനുള്ളിലെ പ്രവൃത്തികൾക്ക് ടെണ്ടർ ക്ഷണിക്കാൻ നടപടി സ്വീകരിച്ചതായി ഫിഷറീസ് വകുപ്പ് അറിയിച്ചു.
പൊഴിമുഖത്തുണ്ടായ അപകടപരമ്പരയെതുടർന്ന് കമീഷൻ സ്വമേധയാ എടുത്ത കേസാണ് സിറ്റിങ്ങിൽ പരിഗണിച്ചത്. കമീഷൻ ചെയർമാൻ അഡ്വ. എ എ റഷീദാണ് ഹർജികൾ പരിഗണിച്ചത്.









0 comments