25 കോടി തട്ടി യൂത്ത് ലീഗ് നേതാവും സംഘവും; പരാതിക്കാർക്ക് ഭീഷണി

മലപ്പുറം: മലപ്പുറത്ത് മുസ്ലീം യൂത്ത് ലീഗ് നേതാവും സംഘവും ജില്ലാ പഞ്ചായത്തിന്റെ മറവിൽ നടത്തിയത് കോടികളുടെ തട്ടിപ്പ്. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റും മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്ത് അംഗവുമായ ടി പി ഹാരിസ് ഇടനിലക്കാരനായി ഇരുന്നൂറിലേറെപ്പേരിൽ നിന്നും 25 കോടിയിലേറെ രൂപ തട്ടിയതായാണ് ആരോപണം. മക്കരപറമ്പ് ഡിവിഷൻ അംഗമാണ് ഹാരിസ്. ആറു പേർ പൊലിസ് മേധാവിയ്ക്ക് രേഖാമൂലം പരാതി നൽകി. ലീഗ് നേതൃത്വത്തിന്റെ ഭീഷണി മറികടന്നാണ് ഇവർ പരാതിയുമായി രംഗത്തെത്തിയത്.
ജില്ലാ പഞ്ചായത്തിന്റെ വിവിധ പദ്ധതികളിൽ പണം മുടക്കിയാൽ ലക്ഷങ്ങൾ ലാഭവിഹിതം വാഗ്‌ദാനം നൽകിയാണ് തട്ടിപ്പ് നടന്നത്. ലീഗ് നേതാക്കൾ ഉൾപ്പെട്ട വൻ സംഘമാണ് തട്ടിപ്പിന് പിന്നിൽ. ലീഗ് അനുഭാവികളിൽ നിന്നാണ് വ്യാപകമായി പണം പിരിച്ചത്. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന മുച്ചക്ര വാഹന വിതരണം, ജില്ലാ പഞ്ചായത്തിനു കീഴിലെ ആശുപത്രികളിൽ ശസ്‌ത്രക്രിയാ ഉപകരണ വിതരണം, ഡയാലിസിസ് യൂണിറ്റുകൾ ഒരുക്കൽ, സോളാർ പാനൽ സ്ഥാപിക്കൽ, വിദ്യാർഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം എന്നിവയുടെ കരാറിന്റെ പേരിലായിരുന്നു തട്ടിപ്പ്.
ലീഗ് നേതാക്കൾ ബിനാമി പേരിൽ കരാർ എടുത്ത ശേഷം പണം മുടക്കാൻ നിക്ഷേപകരെ സമീപിക്കും. പ്രവൃത്തി പൂർത്തിയായാൽ ലാഭവിഹിതത്തിന്റെ 50 ശതമാനം നിക്ഷേപകർക്ക് ലഭിക്കുമെന്നാണ് വാഗ്‌ദാനം. ബാക്കി 50 ശതമാനം ലീഗ് നേതാക്കളും ഇടനിലക്കാരും ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘം വീതിച്ചെടുക്കും. കഴിഞ്ഞ ഒരു വർഷമായി ലാഭവിഹിതം കിട്ടാതായതോടെയാണ് നിക്ഷേപകർ ലീഗ് നേതാക്കളെ സമീപിച്ചത്. ജില്ലാ പഞ്ചായത്ത് ഫ്രണ്ട് ഓഫീസിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പേഴ്‌സണൽ സ്‌റ്റാഫ് ജീവനക്കാരനും നേരിട്ടാണ് ഇവർ പണം കൈമാറിയത്. കൊളപ്പറമ്പ് എഎംഎച്ച്‌എസ്‌എസിൽ അധ്യാപകനായ ഹാരിസ് സഹപ്രവർത്തകരിൽ നിന്നും കോടികൾ നിക്ഷേപമായി വാങ്ങിയിട്ടുണ്ട്. പലരും പിഎഫ് വിഹതം പിൻവലിച്ചാണ് പണം നൽകിയത്. ഇദ്ദേഹത്തിന്റെ ഭാര്യ വെള്ളില എംഎഎം യുസി സ്‌കൂൾ അധ്യാപിക ജസ്‌ല വഴിയും പണം സ്വീകരിച്ചു.
ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ, മഞ്ഞളാംകുഴി അലി എംഎൽഎ എന്നിവരുടെ സാന്നിധ്യത്തിൽ നിരവധി തവണ ചർച്ച നടന്നിട്ടും തീരുമാനമാകാത്തിനെ തുടർന്നാണന് നിക്ഷേപകർ പൊലീസിൽ പരാതിയുമായി എത്തിയത്. ഹാരിസ് ദുബായിലേക്ക് കടന്നതായും കാനഡയിലേക്ക് കടക്കാനാണ് ശ്രമമെന്നും പരാതിക്കാർ പറഞ്ഞു. സ്‌കൂളിൽ നിന്നും അഞ്ചു വർഷ അവധിയ്ക്കും അപേക്ഷ നൽകിയിട്ടുണ്ട്. പണം തിരിച്ചു നൽകാതെ രക്ഷപ്പെടാനാണ് ഹാരിസിന്റെ നീക്കം.









0 comments