മുസ്ലിംലീഗ് നേതാവ് യു പോക്കർ പാർടി വിട്ടു; സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കും

കോഴിക്കോട്: മുസ്ലീംലീഗ് സംസഥാന സെക്രട്ടറിയറ്റ് അംഗം യു പോക്കർ പാർടി വിട്ടു. ലീഗിൻ്റെ തൊഴിലാളി യൂണിയൻ എസ്ടിയുവിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. പ്രതിപക്ഷത്തിൻ്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. എൽഡിഎഫ് സർക്കാറിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും യു പോക്കർ വ്യക്തമാക്കി.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ആഭ്യന്തരകലഹം മൂർച്ഛിക്കുന്നു. കോൺഗ്രസിൽനിന്ന് ഡിസിസി ജനറൽ സെക്രട്ടറിയും മണ്ഡലം പ്രസിഡന്റും കോർപറേഷൻ കൗൺസിലറും രാജിവച്ചതിന് പിന്നാലെ മുസ്ലിംലീഗിൽനിന്നുമാണ് നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ കഴിഞ്ഞ ദിവസം പാർടി വിട്ടു. കോർപറേഷൻ കൗൺസിലറും വനിതാലീഗ് മണ്ഡലം പ്രസിഡന്റ് കെ റംലത്ത്, ചെലവൂരിലെ ലീഗ് മേഖല പ്രസിഡന്റ് മുസ്‌തഫ, വനിതാ ലീഗ് സെക്രട്ടറി സാജിദ എന്നിവരാണ് രാജിവച്ചത്. കൂടാതെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും കൂട്ടത്തോടെ രാജി തുടരുകയാണ്.
കോൺഗ്രസുമായി ചർച്ച നടത്തി കോർപറേഷനിൽ അധികം വാങ്ങിയ രണ്ടുസീറ്റിലും സ്ഥാനാർഥികളെ നിർണയിക്കാനാവാതെ കുഴങ്ങുകയാണ് ലീഗ് നേതൃത്വം. ഇൗ സീറ്റുകൾ കോൺഗ്രസിന് തിരിച്ചുനൽകാനോ അല്ലെങ്കിൽ കോൺഗ്രസ് നിർദേശിക്കുന്നവരെ ലീഗ് സ്ഥാനാർഥികളാക്കി നിർത്താനോ ആണ് ആലോചന. കഴിഞ്ഞ തവണ 24 സീറ്റിലേക്ക് മത്സരിച്ച ലീഗ് ഇത്തവണ 25 സീറ്റ് ചോദിച്ചുവാങ്ങുകയായിരുന്നു. പുത്തൂർ, കോവൂർ വാർഡുകളാണ് തിരിച്ചുനൽകാൻ ആലോചിക്കുന്നത്. കൂടാതെ നല്ലളം, അരക്കിണർ എന്നിവിടങ്ങളിലെ സ്ഥാനാർഥി നിർണയത്തിലും ലീഗിൽ പ്രശ്‌നങ്ങളുണ്ട്.









0 comments