മുസ്ലിം ലീഗ് തട്ടിപ്പുകാരുടെ വിഹാരകേന്ദ്രം: കെ ടി ജലീൽ

മലപ്പുറം: മയക്കുമരുന്ന് കച്ചവടക്കാരുടേയും സാമ്പത്തിക തട്ടിപ്പുകാരുടേയും വിഹാര കേന്ദ്രമായി മുസ്ലിം ലീഗ് മാറിയെന്നും പത്തുവർഷമായി ഭരണമില്ലാത്തതിനാൽ തട്ടിയെടുക്കാൻ കഴിയാത്ത സാമ്പത്തികനേട്ടം ഇത്തരം ഇടപാടുകളിലൂടെ നേടിയെടുക്കുകയാണെന്നും കെ ടി ജലീൽ എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പി കെ ഫിറോസിന്റെ സഹോദരൻ ലഹരി ഉപയോഗിക്കുന്നു എന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഫിറോസ് പൊലീസിലോ എക്സൈസിലോ പരാതിപ്പെട്ടില്ല. സ്വന്തം സഹോദരനെ നിയന്ത്രിക്കാനും ഫിറോസിന് കഴിഞ്ഞില്ല. അറിഞ്ഞുകൊണ്ട് സത്യം മറിച്ചുവക്കുന്നത് തെറ്റാണ്. ഇക്കാര്യത്തിൽ ഫിറോസിനെതിരെ കേസ് എടുക്കാം. അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുമെന്നും കെ ടി ജലീൽ പറഞ്ഞു. മതവും ദീനും വിശ്വാസവും ഉദ്ധരിച്ച് പ്രസംഗിക്കുന്നയാൾ മയക്കുമരുന്ന് ഉപയോഗിക്കുന്ന ഒരാൾ വീട്ടിലുണ്ടായിട്ട് എന്തുകൊണ്ട് ആ വിവരം സമൂഹവുമായി പങ്കുവച്ചില്ല. വിഷയത്തിൽ ഫിറോസും പാർട്ടിയും മറുപടി പറയേണ്ടതുണ്ട്. ജോലിയും മറ്റ് വരുമാനവും ഇല്ലാത്ത ഫിറോസ് എങ്ങനെ ഇത്രയും വില കൊടുത്ത് സ്ഥലം വാങ്ങി വലിയ വീട് വെച്ചു. ആ സാമ്പത്തിക ഉറവിടവും അന്വേഷിക്കേണ്ടതുണ്ട്.
മുസ്ലീം ലീഗ് മറ്റ് രാഷ്ട്രീയ പാർട്ടികളെ പോലെയല്ല. ഒരു മത പരിവേഷം മുസ്ലീം ലീഗിന്റെ എല്ലാ മേഖലയിലും ഉണ്ടെന്ന് അണികൾ വിശ്വസിക്കുന്ന ഒരു പാർട്ടിയാണ്. ആ സൂക്ഷമതയിലാവണം ലീഗിന്റെ പ്രവർത്തനം. എന്നാൽ സമീപ കാലത്തായി മുസ്ലീം ലീഗിന്റെ മഹാരഥന്മാരായ നേതാക്കന്മാരുടെ വഴിയിൽനിന്ന് ലീഗ് മാറി സഞ്ചരിക്കുന്നു എന്നതിന്റെ നിരവധി തെളിവുകൾ പുറത്തുവന്നിട്ടുണ്ട്.അതിൽ പ്രധാനപ്പെട്ട ഒന്നാണ് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പിടിക്കപ്പെടുന്ന ലീഗിന്റെ പ്രാദേശിക നേതാക്കൾ.
മലപ്പുറം ജില്ലാ പഞ്ചായത്തിലെ സാമ്പത്തിക തട്ടിപ്പിൽ പഞ്ചായത്തംഗം ടി പി ഹാരിസിന് മാത്രമാണ് പങ്കെന്ന് പറയാൻ കഴിയില്ല. ലീഗിന്റെ നേതൃത്വത്തിന്റെ അറിവോടെയാണ് ഇൗ തട്ടിപ്പെന്ന് പറയാൻ കഴിയും. കാരണം പരാതിക്കാരെ ലീഗിന്റെ നേതാക്കൾ വിളിച്ച് പണം തിരിച്ചുതരുമെന്ന് പറയുന്നുണ്ട്. ജില്ലയിൽ സാമ്പത്തിക തട്ടിപ്പ് വ്യാപകമാവുകയാണ്. അതിന് വെള്ളവും വളവും കൊടുത്ത് മുസ്ലീം ലീഗ് പ്രോത്സാഹനവും നൽകുന്നുണ്ട്. മലപ്പുറം ജില്ലാ മുസ്ലീം ലീഗ് സോഷ്യൽ സെക്യൂരിറ്റി സ്കീം എന്നൊരു പദ്ധതി നടപ്പാക്കിയിരുന്നു. ആ സ്കീമിന്റെ നിലവിലെ സ്ഥിതിയെന്താണ്. വസ്തുത വ്യക്തമാക്കേണ്ട ചുമതല ലീഗ് നേതൃത്വത്തിനുണ്ട്. വയനാട് പുനരിവാസം, കത്വവാ–ഉന്നാവ ഫണ്ട് തുടങ്ങിയ നിരവധി വിഷയങ്ങൾ വേറെയുമുണ്ട്.
നിലവിൽ മലപ്പുറം ജില്ലയിലും മലബാറിലും വ്യാപകമായി ഷെയർ ബിസിനസ്സുകൾ തുടങ്ങുന്ന സാഹചര്യമാണുള്ളത്. ഇൗ കമ്മിറ്റികളുടെ എല്ലാം ചെയർമാൻ സ്ഥാനത്ത് പാണക്കാട് തങ്ങൾമാരാണ്. ആ വിശ്വാസത്തിലാവും ആളുകൾ ഇടപാടുകൾ നടത്തുക. ഇതിലൂടെയും സാമ്പത്തിക തട്ടിപ്പ് നടക്കുന്നുണ്ട്. ഇൗ വസ്തുത മനസ്സിലാക്കി ഏതെങ്കിലും ആളുകൾ ഷെയർ ബിസിനസ്സിൽ തുടങ്ങുന്ന ഒരു സ്വകാര്യ സംരംഭത്തിന്റെയും ചെയർമാൻ സ്ഥാനം പാണക്കാട് തങ്ങൾമാർ ഏറ്റെടുക്കരുതെന്നും കെ ടി ജലീൽ പറഞ്ഞു. ജില്ലയിൽ വിദ്യാഭ്യാസ കച്ചവടം നടത്തുന്ന സ്വകാര്യ സംരംഭകന്മാരുണ്ട്. വിദ്യാഭ്യാസ കച്ചവടത്തിന് കൂട്ടുനിൽക്കരുതെന്നും ഇത്തരത്തിലുള്ള ഒരു സ്വകാര്യ ട്രസ്റ്റിന്റെയും ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ലയെന്ന് പ്രഖ്യാപിക്കണമെന്നും പാണക്കാട് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പാണക്കാട് ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥി പ്രവേശത്തിനും അധ്യാപക നിയമനത്തിനും പണം വാങ്ങില്ലെന്ന് പ്രഖ്യാപിക്കണമെന്നും കെ ടി ജലീൽ പറഞ്ഞു.









0 comments