പദ്ധതി സുതാര്യമല്ലെന്ന് കണ്ട് നിർത്തലാക്കിയതോടെ ഇൗ തുക വകമാറ്റിയാണ് തട്ടിയത്
പരിരക്ഷാ പദ്ധതിയുടെ മറവിലും ലീഗ് കോടികൾ തട്ടി ; ‘മാസ്’ സ്കീമിൽ സ്വീകരിച്ചത് കോടികൾ

യൂത്ത് ലീഗ് ജില്ല കമ്മിറ്റി ആരംഭിച്ച സോഷ്യൽ സെക്യൂരിറ്റി സ്കീമിന്റെ പോസ്റ്റർ
എടക്കര (മലപ്പുറം)
മുസ്ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ആരംഭിച്ച സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ മറവിലും കോടികളുടെ തട്ടിപ്പ്. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഇസ്മായിൽ മൂത്തേടം ജില്ലാ കോ–ഓർഡിനേറ്ററായി 2021 ജൂണിൽ ആരംഭിച്ച മലപ്പുറം അസോസിയേഷൻ ഫോർ സെക്യൂരിറ്റി സ്കീം (മാസ്) മറവിലാണ് കോടികൾ തട്ടിയത്.
പദ്ധതിയിൽ പണം നിക്ഷേപിച്ചിട്ടും ആനുകൂല്യം ലഭിച്ചില്ലെന്ന് കാണിച്ച് മുൻ എംഎസ്എഫ് നേതാവ് പി എ ഷറഫലി മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകി. പണം തിരിച്ചുനൽകാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. രണ്ടായിരം രൂപ നൽകി അംഗത്വമെടുക്കുന്ന പദ്ധതി പ്രകാരം, മരണപ്പെട്ടാൽ രണ്ടുലക്ഷവും ഗുരുതര പരിക്കേൽക്കുന്നവർക്ക് ഒരുലക്ഷവും അടിയന്തര ചികിത്സാ സഹായമായി 10,000മുതൽ 50,000വരെയുമാണ് നൽകുന്നതെന്നായിരുന്നു പ്രഖ്യാപനം.
ഓരോവർഷവും സ്കീം പുതുക്കാൻ 1500 രൂപവീതവും ഇൗടാക്കി. നിയോജകമണ്ഡലം കമ്മിറ്റികൾക്ക് ടാർഗറ്റ് നൽകിയാണ് ആളെ ചേർത്തത്. 2023ൽ 25,000 പേർ അംഗങ്ങളായെന്ന് പ്രമോഷൻ വീഡിയോയിൽ കോ– ഓർഡിനേറ്റർ അവകാശപ്പെട്ടിരുന്നു. ഈ വർഷംഅഞ്ച് കോടി ലഭിച്ചു. ആരംഭവർഷമായ 2021ലും 2022ലും ഇതിലും കൂടുതൽ ലഭിച്ചു.
ഏകദേശം 20 കോടിയാണ് ആകെ സ്വരൂപിച്ചത്. ലഭിച്ച തുകയെല്ലാം കോ–ഓർഡിനേറ്ററുടെ നിയന്ത്രണമുള്ള മൂത്തേടം സഹകരണ ബാങ്കിലാണ് നിക്ഷേപിച്ചത്. എന്നാൽ, അംഗത്വമെടുത്ത് പണമടച്ചവർക്ക് നാല് വർഷമായിട്ടും ആനുകൂല്യം ലഭിച്ചില്ല.
നിലവിലെ മഞ്ചേരി എംഎൽഎ യു എ ലത്തീഫ് ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയായിരിക്കെയാണ് പദ്ധതി ആരംഭിച്ചത്. എന്നാൽ, അബ്ദുൾ ഹമീദ് ജനറൽ സെക്രട്ടറിയായതോടെ പദ്ധതിയിൽ സുതാര്യതയില്ലെന്നുകണ്ട് അവസാനിപ്പിച്ചു. നിക്ഷേപത്തുക വകമാറ്റിയാണ് കോടികൾ തട്ടിയത്. പദ്ധതിയിൽ ലഭിച്ച തുക ചെലവഴിച്ചത് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ലീഗ് നേതാവിന് വിവിധ സഹകരണ ബാങ്കുകളിലുള്ള വായ്പാ കുടിശ്ശികയിലേക്ക് കോടികൾ വകമാറ്റിയതായി ആക്ഷേപമുണ്ട്.









0 comments