ജില്ലാ പഞ്ചായത്ത് നിക്ഷേപത്തട്ടിപ്പ് ; ലീഗിനെ വെള്ളപൂശി റിപ്പോർട്ട്; അന്വേഷിച്ചത് രണ്ടാം പ്രതി

മലപ്പുറം
മലപ്പുറം ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ കോടികളുടെ അഴിമതിക്ക് വെള്ളപൂശി സ്വന്തം അന്വേഷണ റിപ്പോർട്ട്. നിക്ഷേപത്തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയും ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുമായ എസ് ബിജു തയ്യാറാക്കിയ റിപ്പോർട്ടിലാണ് യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ ടി പി ഹാരിസിന്റെ നേതൃത്വത്തിൽ ലീഗുകാർ നടത്തിയ തീവെട്ടിക്കൊള്ള മറച്ചുവയ്‌ക്കുന്നത്.
യുഡിഎഫ് ഭരിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ അഴിമതി ഒന്നൊന്നായി പുറത്തുവരികയും കേസിലെ ഒന്നാംപ്രതി ഹാരിസ് റിമാൻഡിൽ കഴിയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തട്ടിക്കൂട്ടിയതും പരിഹാസ്യവുമായ റിപ്പോർട്ടുമായി ജില്ലാ പഞ്ചായത്ത് രംഗത്തിറങ്ങിയത്.
പ്രത്യേക കൗൺസിൽ യോഗത്തിൽ അംഗങ്ങൾക്കുപോലും റിപ്പോർട്ട് കൈമാറാൻ ഭരണസമിതി തയ്യാറായില്ല. ഇതിൽ പ്രതിഷേധിച്ച വനിതകൾ ഉൾപ്പെടെ എൽഡിഎഫ് അംഗങ്ങളെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി. തട്ടിപ്പിൽ ഭരണസമിതിയുടെ പങ്ക് പകൽപോലെ വ്യക്തമായതോടെ പ്രതിരോധം തീർക്കാൻ പുറത്തുവിട്ട റിപ്പോർട്ട് യുഡിഎഫിനെ കൂടുതൽ കുരുക്കിലാക്കി. അന്വേഷിക്കാൻ കേസിലെ രണ്ടാം പ്രതിയെ ഏൽപ്പിച്ചതും അഴിമതി മൂടിവയ്‌ക്കാനാണ്.
വിഷയം ചർച്ചചെയ്യാൻ ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ പ്രസിഡന്റ് എം കെ റഫീഖ റിപ്പോർട്ട് വായിക്കുകയായിരുന്നു. കോപ്പി അംഗങ്ങൾക്ക് നൽകിയില്ല. ഇതിൽ പ്രതിഷേധിച്ച് എൽഡിഎഫ് അംഗങ്ങൾ രംഗത്തെത്തി. ഇവരെ കായികമായി നേരിടാനാണ് ലീഗ് ശ്രമിച്ചത്.
ജില്ലാ പഞ്ചായത്തിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. ജീവനക്കാർ അറിയാതെയാണ് തട്ടിപ്പ് നടന്നത്. ഹാരിസ് ജില്ലാ പഞ്ചായത്തിന്റെ പേര് ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും പറയുന്നു. സെക്രട്ടറി ഉൾപ്പെടെ ഉയർന്ന ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ തട്ടിപ്പ് നടത്താനാവില്ലെന്ന് വ്യക്തമാണെന്നിരിക്കെയാണ് രാഷ്‌ട്രീയപ്രസംഗംപോലെ രണ്ടു പേജ് റിപ്പോർട്ട് തയ്യാറാക്കിയത്.









0 comments