മുണ്ടക്കൈ ഭൂമി തട്ടിപ്പ് ; വിവാദ തോട്ടഭൂമിയിൽ വീടിന്റെ നിർമാണം ആരംഭിച്ച് ലീഗ്

കൽപ്പറ്റ
മുണ്ടക്കൈ ദുരന്തബാധിതർക്കായി വാങ്ങിയ വിവാദഭൂമിയിൽ വീടിന്റെ നിർമാണ ഉദ്‌ഘാടനം നടത്തി മുസ്ലിംലീഗ്. തൃക്കൈപ്പറ്റയിൽ തോട്ടഭൂമി വാങ്ങി അനധികൃതമായി തരംമാറ്റി, നേതാക്കൾ കോടികൾ തട്ടിയെന്ന ആരോപണം നേരിടുന്നതിനിടയിലാണ് ഇതേ സ്ഥലത്ത് തിങ്കളാഴ്‌ച പ്രവൃത്തി ആരംഭിച്ചത്. സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് ഉദ്‌ഘാടനം നിർവഹിച്ചത്. പി കെ കുഞ്ഞാലിക്കുട്ടിയും പി എം എ സലാമും ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു.
തൃക്കൈപറ്റ വെള്ളിത്തോട് രണ്ടിടങ്ങളിലായാണ് ലീഗ് 11.21 ഏക്കർ വാങ്ങിയത്. ഇതിലെ 5.28 ഏക്കറിലാണ് നിർമാണത്തിന് തുടക്കമിട്ടത്. കേരള ഭൂപരിഷ്കരണ നിയമത്തിലെ 105 എ വകുപ്പ് പ്രകാരം സോണൽ ലാൻഡ് ബോർഡ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തോട്ടഭൂമി വാങ്ങി അനധികൃതമായി തരംമാറ്റിയതായി കണ്ടെത്തിയിരുന്നു. വിറ്റവർക്കും വാങ്ങിയവർക്കും എതിരെ കേസെടുക്കാൻ സംസ്ഥാന ലാൻഡ് ബോർഡിന്റെ അനുമതിക്കായി സോണൽ ലാൻഡ് ബോർഡ് കത്ത് നൽകിയിട്ടുണ്ട്. ഇതിനിടയിലാണ് നിർമാണം തുടങ്ങിയത്. ഭാവിയിൽ ഭൂമിയും വീടും നിയമപരമായി ഉപയോഗിക്കാനാകുമോ എന്നതിൽ വ്യക്തത വരുത്താതെയാണ് നിർമാണം. ലീഗ് വാങ്ങിയത് നിർമാണാനുമതിയില്ലാത്ത ഭൂമിയാണെന്ന് വില്ലേജ് ഓഫീസർ ലാൻഡ് ബോർഡിന് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് ഭൂമി ഇടപാടിലെ കൊള്ള പുറത്തുവന്നത്. സെന്റിന് 15,000 രൂപയ്‌ക്കുപോലും തോട്ടഭൂമി ലഭിക്കുന്ന പ്രദേശത്ത് 98,000 മുതൽ 1.22 ലക്ഷം രൂപവരെ ലീഗ് മുടക്കി. പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും വീട് നിർമാണ സമിതി അംഗവുമായ അഭിഭാഷകൻ കല്ലങ്കോടൻ മൊയ്‌തുവടക്കം അഞ്ചുപേരിൽനിന്നാണ് ഭൂമി വാങ്ങിയത്.
വിറ്റത് തോട്ടഭൂമിയാണെന്ന് മൊയ്‌തു ലാൻഡ് ബോർഡിന്റെ ഹിയറിങ്ങിൽ അറിയിച്ചു.
ദുരന്തബാധിതർക്ക് 105 വീട് നിർമിക്കുമെന്നാണ് ലീഗിന്റെ വാഗ്‌ദാനം. 40 കോടിയോളം രൂപ പൊതുജനങ്ങളിൽനിന്ന് ശേഖരിച്ചു. 12 കോടി ഭൂമി വാങ്ങാൻ വിനിയോഗിച്ചെന്നാണ് നേതാക്കൾ വ്യക്തമാക്കിയത്. പിരിച്ച തുക ഭവനനിർമാണത്തിന് തികയില്ലെന്നും കൂടുതൽ പണം പിരിക്കുമെന്നും ലീഗ് നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.









0 comments