ഭൂമിയും ലൈഫ് വീടും സ്വന്തമാക്കിയത് തുച്ഛവിലയ്ക്ക് , വാണിജ്യ കെട്ടിടം നിർമിച്ച് തട്ടുകട തുറന്നു
ലൈഫ് വീട് വാണിജ്യ കെട്ടിടമാക്കി മറിച്ചുവിറ്റും ലീഗ് തട്ടിപ്പ്

എടക്കര (മലപ്പുറം)
മൂത്തേടം പഞ്ചായത്തിലെ മുസ്ലിംലീഗ് വാർഡംഗത്തിന്റെ ഭർത്താവ് മലയോര ഹൈവേയോട് ചേർന്ന ലൈഫ് വീട് വിലയ്‌ക്കുവാങ്ങി വാണിജ്യ കെട്ടിടമാക്കി മറിച്ചുവിറ്റു. കൽക്കുളം വാർഡംഗത്തിന്റെ ഭർത്താവ് താളിപ്പാടം മൂലംകുന്നത്ത് റെനിയാണ് സ്ഥലവും വീടും വാങ്ങി മറിച്ചുവിറ്റത്. വായ്‌പാ തട്ടിപ്പിനും ജില്ലാ പഞ്ചായത്ത് അഴിമതിക്കും പിന്നിലെ ലീഗ് ജില്ലാ നേതാവിന്റെ റിയൽ എസ്റ്റേറ്റ് പങ്കാളിയാണ് ഇയാൾ.
ലൈഫ് ഗുണഭോക്താവിൽനിന്ന് തുഛമായ വിലയ്ക്ക് സ്ഥലവും വീടും വാങ്ങി മുകൾനിലയിൽ വാണിജ്യ കെട്ടിടം നിർമിച്ചു. യുഡിഎഫ് ഭരിക്കുന്ന മൂത്തേടം പഞ്ചായത്ത് ചട്ടംലംഘിച്ച് നിർമിച്ച കെട്ടിടത്തിന് നമ്പറും അനുവദിച്ചു. മലയോര ഹൈവേയിൽനിന്ന് നിശ്ചിത ദൂരം വിടാതെയാണ് രണ്ടാംനിലയ്‌ക്കുവേണ്ട കോൺക്രീറ്റിങ് നടത്തിയത്. മൂത്തേടം കാറ്റാടിക്കടവ് പാലത്തോട് ചേർന്ന് പുന്നപ്പുഴയ്‌ക്കുസമീപമാണ് ആറ് സെന്റ് സ്ഥലവും വീടും.
കഴിഞ്ഞ ദിവസം മുസ്ലിംലീഗ് പ്രാദേശിക നേതാവായ കരാറുകാരന് കെട്ടിടം വൻവിലയ്ക്ക് മറിച്ചുവിറ്റു. ഇയാളുമായും ജില്ലാ പഞ്ചായത്ത് തട്ടിപ്പിലുൾപ്പെട്ട ലീഗ് നേതാവിന് നേരിട്ട് ബന്ധമുണ്ട്.
2022ലാണ് സ്ഥലത്ത് ലൈഫ് വീട് നിർമിച്ചത്. യുഡിഎഫ് ഭരിക്കുന്ന എടക്കര പഞ്ചായത്തിലെ ലിസ്‌റ്റിൽനിന്ന് ട്രാൻസ്‌ഫർചെയ്‌താണ് ഗുണഭോക്താവ് മൂത്തേടം പഞ്ചായത്ത് ലിസ്റ്റിൽ ഉൾപ്പെട്ടത്. ഒരുദിവസംപോലും വീട്ടിൽ താമസിച്ചിരുന്നില്ല. പിന്നീട് എടക്കര സബ് രജിസ്ട്രാർ ഓഫീസിൽ റെനിയുടെ പേരിൽ ഭൂമി രജിസ്‌റ്റർചെയ്‌തു. വീടിന് മുകളിൽ മൂന്ന് മുറികൾ പണിത് ഷട്ടർ സ്ഥാപിച്ച് മെമ്പറുടെ ഭർത്താവ് തട്ടുകടയും തുറന്നു. തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും ലൈഫ് മിഷനും കലക്ടർക്കും നാട്ടുകാർ പരാതി നൽകി.മലയോര ഹൈവേയോടുചേർന്ന് മൂത്തേടം കാറ്റാടിക്കടവിൽ ലൈഫ് വീടിനുമുകളിൽ മുസ്ലിംലീഗ് വാണിജ്യ കെട്ടിടം നിർമിച്ച് തട്ടുകട ആരംഭിച്ച നിലയിൽ









0 comments