കോണ്‍ഗ്രസിന്റെ അര മനസ് ; വെട്ടിലായി ലീഗ്

പി വി ജീജോ
Published on Apr 04, 2025, 01:38 AM | 2 min read
കോഴിക്കോട് : വഖഫ് ഭേദഗതി ബില്ലിൽ കോൺഗ്രസിന്റെ അഴകൊഴമ്പൻ നിലപാടിൽ കുരുക്കിലായി മുസ്ലിംലീഗ്. ലോക്‌സഭയിൽ ബില്ലിന്റെ ചർച്ചയിൽനിന്ന് പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി ഒഴിഞ്ഞുമാറിയതും വയനാട് എംപി പ്രിയങ്ക ഗാന്ധി സഭയിൽ പങ്കെടുക്കാതിരുന്നതുമടക്കം കോൺഗ്രസ് കാട്ടിയ വഞ്ചന ലീഗിനെ വെട്ടിലാക്കി. അതേസമയം, വഖഫ് വിഷയത്തിന്റെ രാഷ്‌ട്രീയ പ്രാധാന്യം ഉൾക്കൊണ്ട് സിപിഐ എം എംപിമാർ മധുരയിലെ പാർടി കോൺഗ്രസിൽ പങ്കെടുക്കാതെ സഭയിലെത്തുകയുംചെയ്തു. വിപ്പ് നൽകിയെന്ന് കോൺഗ്രസ് അവകാശപ്പെടുമ്പോഴും എഐസിസി ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്ക സഭയിലില്ലാതിരുന്നത് അണികളെ നിരാശയിലാക്കുന്നു.
വോട്ടുവാങ്ങി ജയിച്ച് ആദ്യസന്ദർഭത്തിൽത്തന്നെ പ്രിയങ്ക തിരിച്ചുകുത്തിയെന്ന വികാരം ലീഗ് കേന്ദ്രങ്ങളിലുണ്ട്. 48 ശതമാനം മുസ്ലിം വോട്ടർമാരുള്ള മണ്ഡലമാണ് വയനാട്. പ്രിയങ്ക നിരാശപ്പെടുത്തിയെന്ന് സമസ്ത കേരള ജംഇയ്യത്തുൽ നേതാക്കളടക്കം വ്യക്തമാക്കിയിട്ടുമുണ്ട്. രാഹുൽ ഗാന്ധിയാകട്ടെ ബിൽ ചർച്ചാവേളയിൽ ഏറെനേരം സഭയിലുണ്ടായില്ല. പിന്നീട് സഭയിലെത്തിയെങ്കിലും മിണ്ടാതിരിക്കാൻ പ്രത്യേക ജാഗ്രത കാട്ടി. ഇക്കാര്യം കോൺഗ്രസ് നേതൃത്വം വിശദീകരിക്കണമെന്ന് ചില ന്യൂനപക്ഷ സമുദായ സംഘടനാ നേതാക്കൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും പരസ്യപ്രതികരണമില്ല.
ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ വോട്ട് ചെയ്യാത്തവർ മിണ്ടരുതെന്നുപറഞ്ഞ് ലീഗിന്റെ വായയടപ്പിക്കുകയാണ് കോൺഗ്രസുകാർ. എൻഐഎ, പൗരത്വ നിയമ ഭേദഗതി ബില്ലുകളിലും യുഎപിഎ ബില്ലിലും കോൺഗ്രസ് വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നില്ല. എൻഐഎ ഭേദഗതി ബില്ലിൽ അമിത്‌ഷായുടെ വിരട്ടലിനെതുടർന്ന് എതിർത്തതുമില്ല. അന്ന് കേരളത്തിൽനിന്ന് ഭേദഗതിയെ എതിർത്തത് സിപിഐ എം എംപി എ എം ആരിഫ് മാത്രമാണ്.
നിയമപരമായി നേരിടും: സമസ്ത
ഭരണഘടനാ മൂല്യങ്ങൾ അട്ടിമറിച്ച് പാസാക്കിയ വഖഫ് ഭേദഗതി ബിൽ നിയമമാക്കപ്പെടുന്ന പക്ഷം നിയമപരമായി നേരിടുമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരും പറഞ്ഞു.
പ്രിയങ്കയെ വിമർശിച്ച് സമസ്‌തയും
വഖഫ് ഭേദഗതി ബിൽ ചർച്ചയിൽ വിട്ടുനിന്ന പ്രിയങ്കാഗാന്ധി എംപിയെ വിമർശിച്ച് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ. പ്രിയങ്ക നിരാശപ്പെടുത്തിയതായി സമസ്‌ത നേതാവ് സത്താർ പന്തല്ലൂർ പറഞ്ഞു. കോൺഗ്രസ് വിപ്പ് കാറ്റിൽപ്പറത്തിയാണ് പ്രിയങ്ക സഭയിൽനിന്ന് വിട്ടുനിന്നത്. സംഘപരിവാർവിരുദ്ധ പോരാട്ടം നയിക്കാനാണ് വയനാട്ടുകാർ നാലരലക്ഷത്തിന്റെ ഭൂരിപക്ഷം നൽകി ജയിപ്പിച്ചത്. 48 ശതമാനം വരുന്ന മുസ്ലിം വോട്ടർമാർക്ക് പെരുന്നാൾ ആശംസയേകിയാൽ തൃപ്‌തിയാകുമെന്നത് ഭോഷ്‌കാണ്. മുസ്ലിം സമുദായ പ്രതിനിധിയായി കോൺഗ്രസ് ലോക്‌സഭയിൽ അയച്ച ഷാഫി പറമ്പിൽ നട്ടെല്ല് കടം വാങ്ങണം –- ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ വഖഫ് ഭേദഗതിക്കെതിരെ ഒരക്ഷരം പ്രതികരിക്കാത്ത ഷാഫിയെ കളിയാക്കി സത്താർ പറഞ്ഞു.









0 comments