സംഗീതമാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം: കെ ജെ യേശുദാസ്

കെ ജെ യേശുദാസും പി ജയചന്ദ്രനും
മലയാളത്തിന്റെ ഭാവഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് കെ ജെ യേശുദാസ്. സഹോദരതുല്യനായ ജയചന്ദ്രന്റെ വിയോഗത്തിൽ ദുഃഖമുണ്ടെന്നും സംഗീതമാണ് ഞങ്ങൾ തമ്മിലുള്ള ബന്ധമെന്നും യേശുദാസ് പറഞ്ഞു.
‘ജയചന്ദ്രന്റെ ഈ വിയോഗത്തില്‍ അങ്ങേയറ്റം ദുഃഖമുണ്ട്. ഓര്‍മകള്‍ മാത്രമാണ് ഇനി പറയാനും അനുഭവിക്കാനുമുള്ളു. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ സുധാകരന്‍ വഴിയായിരുന്നു ഞങ്ങളുടെ ബന്ധം. ഒരു ചെറിയ അനുജനായി ഞങ്ങള്‍ക്കൊപ്പം ചേര്‍ന്ന വ്യക്തിയാണ്. സംഗീതത്തില്‍ വാസനയുള്ള സഹോദരനായിരുന്നു. സംഗീതമാണ് ഞങ്ങളുടെ ബന്ധം. ആ സംഗീത ബന്ധത്തില്‍ ഒരു സഹോദര സ്ഥാനം അദ്ദേഹം നേടിയിരുന്നു. അത് വേര്‍പ്പെട്ടപ്പോള്‍ ഉണ്ടായ വിഷമം പറഞ്ഞറിയിക്കാന്‍ വയ്യ. എന്തായാലും ജയനെ സ്‌നേഹിച്ചിരുന്നവരെ പോലെ തന്നെ അദ്ദേഹത്തിന് വിയോഗത്തില്‍ ദു:ഖമുണ്ടെന്ന് അറിയിച്ചുകൊള്ളുന്നു'-. യേശുദാസ് പറഞ്ഞു
പി ജയചന്ദ്രന്റെ മൃതദേഹം തൃശൂർ പൂങ്കുന്നത്തെ തറവാട്ട് വീട്ടിൽ എത്തിച്ചു. ഉച്ചയ്ക്ക് 12 മണിമുതൽ സംഗീത അക്കാദമി ഹാളിൽ പൊതുദർശനമുണ്ടാകും. തുടർന്ന് പൂങ്കുന്നത്തെ സഹോദരിയുടെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം ശനിയാഴ്ച വൈകിട്ട് മൂന്നരയ്ക്ക് പറവൂർ ചേന്ദമംഗലം പാലിയം തറവാട് ശ്മശാനത്തിൽ നടക്കും.
തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 7.54നായിരുന്നു വിയോഗം. അർബുദരോഗത്തെ തുടർന്ന ചികിത്സയിലായിരുന്നു ജയചന്ദ്രൻ. വ്യാഴാഴ്ച വൈകിട്ട് വീട്ടിൽ വച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. ഭാര്യ ലളിത. മകൾ ലക്ഷ്മി. മകൻ ദിനനാഥൻ.









0 comments