പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം; കുഞ്ഞിന്റെ അസ്ഥികൾ കണ്ടെത്തി

തൃശൂർ: തൃശൂർ പുതുക്കാട് നവജാത ശിശുക്കളെ കമിതാക്കൾ ചേർന്ന് കുഴിച്ചിട്ട കേസിൽ കുഞ്ഞിന്റെ കൂടുതൽ അസ്ഥി ഭാഗങ്ങൾ കണ്ടെത്തി. ഒരടിയോളം താഴ്ചയിലാണ് അസ്ഥികൾ കണ്ടെത്തിയത്. കൈകളുടെ അസ്ഥിയാണ് ലഭിച്ചതെന്നാണ് വിവരം. സ്ഥലത്ത് ഫൊറൻസിക് സംഘത്തിന്റെ പരിശോധന പുരോഗമിക്കുകയാണ്. സംഭവത്തിൽ ആമ്പല്ലൂർ സ്വദേശി ഭവിൻ (25), മറ്റത്തൂർ നൂലുവള്ളി സ്വദേശി അനീഷ (22) എന്നിവരെ പുതുക്കാട് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇരുവർക്കും രണ്ട് തവണയായി ജനിച്ച കുഞ്ഞുങ്ങളെയാണ് കുഴിച്ചിട്ടത്. അനീഷയുടെ വീടിന്റെ പരിസരത്ത് നടത്തിയ പരിശോധനയിലാണ് അസ്ഥികൾ കണ്ടെത്തിയത്. രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ടു എന്ന് കരുതുന്ന ഭവിന്റെ ആമ്പല്ലൂരിലെ വീട്ടിലെത്തി പൊലീസ് സംഘം പരിശോധന നടത്തും.
കുഞ്ഞുങ്ങളുടെ അസ്ഥികൾ കർമ്മം ചെയ്യാനായി ഇവർ സൂക്ഷിച്ചിരുന്നു. എന്നാൽ ഭയംമൂലം ഭവിൻ ഞായറാഴ്‌ച പുലർച്ചെ രണ്ടിന് പൊടിഞ്ഞ അസ്ഥികളുമായി പുതുക്കാട് സ്‌റ്റേഷനിൽ എത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. അനീഷയുമായുള്ള ബന്ധത്തിൽ 2021ലും 2024ലും കുഞ്ഞുങ്ങളുണ്ടായാതായി ഭവിൻ പൊലീസിനോട് പറഞ്ഞു. പ്രസവത്തിൽ മരിച്ച കുട്ടികളുടെ അസ്ഥികളാണ് കൈവശം എന്നാണ് ഭവിൻ പൊലീസിനെ അറിയിച്ചത്. തുടർന്ന് അനീഷയെയും സ്‌റ്റേഷനിലേക്ക് കൊണ്ടുവന്ന് ചോദ്യം ചെയ്‌തു.
2020 മുതൽ ഫേസ്ബുക്ക് വഴിയാണ് അനീഷയുമായി ബന്ധപ്പെട്ടതെന്ന് ഭവിൻ പറഞ്ഞു. അനീഷ രണ്ട് ആൺകുട്ടികളെ പ്രസവിക്കുകയും കുട്ടികൾ മരിക്കുകയും ചെയ്‌തു. ആദ്യത്തെ പ്രസവം 2021 നവംബർ ആറിന് അനീഷയുടെ വീട്ടിലെ കുളിമുറിയിൽ നടന്നു. കുട്ടി മരിച്ചപ്പോൾ അനീഷ തന്നെ വീട്ടുപറമ്പിൽ രഹസ്യമായി ജഡം കുഴിച്ചിട്ടു എന്നാണ് മൊഴി. 8 മാസത്തിനു ശേഷം കുട്ടിയുടെ അസ്ഥികൾ ഭവിന് കൈമാറി. വീണ്ടും അനീഷ ഗർഭിണിയാകുകയും 2024 ഏപ്രിൽ 29ന് അനീഷയുടെ വീട്ടിൽവെച്ച് ഒരു ആൺകുട്ടിയെ കൂടി പ്രസവിക്കുകയും ചെയ്തു. കുഞ്ഞിനെ കൊലപ്പെടുത്തി ആമ്പല്ലൂരിലെ ഭവിന്റെ വീടിന്റെ പുറകിൽ രഹസ്യമായി കുഴിച്ച് മൂടിയെന്നാണ് വിവരം.









0 comments